...
Home Entertainments ബി 32 മുതല്‍ 44 വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു അന്താരാഷ്ട്ര സിനിമ

ബി 32 മുതല്‍ 44 വരെ: തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു അന്താരാഷ്ട്ര സിനിമ

ബി 32 മുതൽ 44 വരെ എന്നൊരു സിനിമ ഇറങ്ങിയിട്ടുണ്ട്. സിനിമാ സംവിധാന രംഗത്തേക്ക് സ്ത്രീകളെ കൈപിടിച്ചുയർത്താൻ ഇടതു സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സിനിമ. സംവിധായിക ശ്രുതി ശരണ്യം.

217

| സാജു ഗംഗാധരൻ

15,000 ഡെലിഗേറ്റ്സ് പങ്കെടുക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്ര മേളയെന്നാണല്ലോ ഐ എഫ് എഫ് കെയെ കുറിച്ചുള്ള ചലച്ചിത്ര പ്രബുദ്ധ മലയാളിയുടെ അഹങ്കാരം. അഹങ്കരിക്കുന്നതിൽ തെറ്റില്ല. പൊതുപണം വ്യയം ചെയ്തു നടത്തുന്ന മതേതര സംസ്കാരിക പരിപാടികൾ രാജ്യത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഐ എഫ് എഫ് കെ നമ്മുടെ അഹങ്കാരം തന്നെയാണ്. പക്ഷേ അത് പുറംപൂച്ച് മാത്രമായി പോകുന്നതാണ് ദുരന്തം.

ബി 32 മുതൽ 44 വരെ എന്നൊരു സിനിമ ഇറങ്ങിയിട്ടുണ്ട്. സിനിമാ സംവിധാന രംഗത്തേക്ക് സ്ത്രീകളെ കൈപിടിച്ചുയർത്താൻ ഇടതു സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സിനിമ. സംവിധായിക ശ്രുതി ശരണ്യം. ഐ എഫ് എഫ് കെയൊക്കെ കണ്ടുവളർന്ന കുട്ടിയായിരിക്കണം. നേരിട്ട് പരിചയമില്ല. പക്ഷേ സിനിമകൾ നിരവധി കണ്ടതിന്റെ രാഷ്ട്രീയ ബലവും വ്യാകരണവും ഫിലോസഫിയും ഉണ്ട് ആ സിനിമയ്ക്ക്. കെ എസ് എഫ് ഡി സി ഇതുവരെ നിർമ്മിച്ച 4 സിനിമകളിൽ ഏറ്റവും മികച്ചത് . മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള അതിശക്തമായ സ്ത്രീ പക്ഷ സിനിമ.

അതല്ല പറഞ്ഞുവരുന്നത്. ഞാനൊരു സ്റ്റാറ്റിസ്റ്റിക്സ് നോക്കുകയായിരുന്നു. ഐ എഫ് എഫ് കെ ഡെലിഗേറ്റസ് -15,000 . അവരെല്ലാവരും സിനിമകാണുകയാണെങ്കിൽ 15,000X150 = 22,50,000. ഐ എഫ് എഫ് കെയ്ക്കു ഒന്നോ രണ്ടോ തവണയെങ്കിലും വന്നു നല്ല സിനിമ രുചിച്ചിട്ടുള്ള 15,000 പേര്‍ പുറത്തുണ്ടെന്നു കരുതുക. അവര്‍ കാണുകയാണെങ്കില്‍ -22,50,000. ഇവരെല്ലാം കണ്ടു സോഷ്യല്‍ മീഡിയയില്‍ കൂടി ഉണ്ടാക്കുന്ന ഓളത്തില്‍ സിനിമ കാണാന്‍ ഒരു 10,000 പേര്‍ തയ്യാറാകുന്നു എന്നു കരുതുക-15,00,000. ആകെ-60,00,000 .

സര്‍ക്കാര്‍ മുടക്കുന്നത് ഒന്നോ ഒന്നരക്കോടിയോ മറ്റോ ആണെന്ന് തോന്നുന്നു. ഓരോ വര്‍ഷവും ഫെസ്റ്റിവലിന് 5 കോടിയെങ്കിലും മുടക്കുന്നുണ്ട് എന്നാണ് കണക്ക്. നമ്മള്‍ കാണുന്ന സിനിമകളിലൂടെ സ്വരൂപിക്കുന്ന സാംസ്കാരിക മൂലധനം ഇങ്ങനെയൊക്കെയല്ലേ സമൂഹത്തിനു തിരിച്ചുകൊടുക്കേണ്ടത്. ബി 32 മുതല്‍ 44 വരെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു അന്താരാഷ്ട്ര സിനിമയാണ്. നമ്മുടെ ആണ്‍ മക്കളും പെണ്‍ മക്കളും ഒന്നിച്ചിരുന്നു കാണട്ടെ. ലൈംഗിക വിദ്യാഭ്യാസം എന്നൊക്കെ വലിയ വായില്‍ തൊള്ള തുറന്നിട്ട് എന്തോ കാര്യം…? അഭിവാദ്യങ്ങള്‍ ശ്രുതി ശരണ്യം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.