...
Home Sports ബ്രൂണോ ഫെർണാണ്ടസ് എന്നാൽ അവസരങ്ങൾ സൃഷ്ടിക്കുന്നവൻ എന്നുകൂടിയാണർത്ഥം

ബ്രൂണോ ഫെർണാണ്ടസ് എന്നാൽ അവസരങ്ങൾ സൃഷ്ടിക്കുന്നവൻ എന്നുകൂടിയാണർത്ഥം

കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ തന്റെ മുന്നേറ്റത്തെ ടാക്കിൾ ചെയ്യുന്നതിനിടെ വീണുപോയ ഉറുഗ്വൻ താരത്തിന്റെ കൈ പന്തിൽ തൊട്ടിരുന്നതായി കണ്ട ഏക കണ്ണുകളും അവന്റേതു മാത്രമായിരുന്നു.

195

| ഹരിമോഹൻ

പത്തടിയോളം ഉയർന്നുചാടി ഏത് ക്രോസ്സിലും തലവെയ്ക്കാൻ തക്ക ശേഷിയുള്ള പ്രതിഭാസമുണ്ട് പോർച്ചുഗലിൽ. പെനാൽറ്റി ബോക്സിനു പുറത്തുനിന്നു കാൽകൊണ്ടു പന്തു കോരിയെടുത്ത് ഉയർത്തിവിടുമ്പോൾ ഏതുനേരവും പന്തിനു നേർക്കു ചീറ്റപ്പുലി കണക്കെ ചാടിവീഴാൻ ശേഷിയുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഈ മനുഷ്യൻ അയാളുടെ ലക്ഷ്യമായിരുന്നിരിക്കില്ല. ഉറുഗ്വൻ ഗോൾ പോസ്റ്റിന്റെ വലത്തേ മൂലയിൽക്കുറഞ്ഞതൊന്നും ആ ചിന്തകളെ കീഴടക്കിയില്ല. ക്രിസ്റ്റ്യാനോയുടെ മുടിയിഴകളെ പ്രലോഭിപ്പിച്ച് ആ ഗോൾമൂല കുലുങ്ങുമ്പോൾ ‘സിആർ 7’ എന്നാർത്തുവിളിച്ച കാണികൾക്കു മുന്നിൽ പരിഭവം പറയാതെ അയാൾ ആ ലോകതാരത്തിനൊപ്പം ഗോളാഘോഷിച്ചു.

ഫിഫയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽപ്പോലും ആ ഗോൾ ക്രിസ്റ്റ്യാനോയുടെ പേരിലെഴുതപ്പെട്ടു. ഒടുവിൽ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെ അതു തിരുത്തപ്പെടുന്നു. ശേഷം ലുസെയ്ൽ സ്റ്റേഡിയത്തിലെ പടുകൂറ്റൻ സ്‌ക്രീനിൽ പോർച്ചുഗലിന്റെ ആദ്യ ഗോളിനൊപ്പം ബ്രൂണോ ഫെർണാണ്ടസ് എന്നെഴുതപ്പെടുന്നു. അതു തുടക്കമായിരുന്നു.

കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ തന്റെ മുന്നേറ്റത്തെ ടാക്കിൾ ചെയ്യുന്നതിനിടെ വീണുപോയ ഉറുഗ്വൻ താരത്തിന്റെ കൈ പന്തിൽ തൊട്ടിരുന്നതായി കണ്ട ഏക കണ്ണുകളും അവന്റേതു മാത്രമായിരുന്നു. കളത്തിലുള്ള 10 താരങ്ങളും പോർച്ചുഗൽ കോച്ചുമടക്കം നിശബ്ദരായി നിന്നപ്പോൾ വീഡിയോ സഹായം ആവശ്യപ്പെട്ട ബ്രൂണോയ്ക്കു മുന്നിൽ ഒരിക്കൽക്കൂടി ഉറുഗ്വായ് പരാജയപ്പെട്ടു.

മിനിറ്റുകൾക്കു മുൻപു തങ്ങളുടെ ഏറ്റവും കരുത്തനായ ക്രിസ്റ്റ്യാനോയെ തിരികെവിളിക്കാൻ കോച്ചിനു തോന്നിയതും ഈ ദിവസം ബ്രൂണോ ഫെർണാണ്ടസിന്റേതാണെന്ന തിരിച്ചറിവിലാണോ എന്നറിയില്ല. ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ പെനാൽറ്റിയെടുത്ത ബ്രൂണോയുടെ കാലുകളിൽ നിന്നു പന്തു മെല്ലെ ഉരുണ്ടുരുണ്ടു തന്റെ വലതുവശത്തുകൂടി വലയിൽക്കയറുന്നത് ഉറുഗ്വൻ ഗോളിക്കു നോക്കിനിൽക്കേണ്ടി വന്നു.

വെടിയുണ്ട കണക്കെ ചീറിപ്പാഞ്ഞതായിരുന്നില്ല രണ്ട് ഗോളുകളും. വലംകാലിൽ നിന്നു വിട്ടുപോരുന്നതൊക്കെയും കാറ്റിനെ തലോടി മെല്ലെ ഗോൾവലയെ ആലിംഗനം ചെയ്യുന്നതായിരുന്നു. ഇന്നലെ അവന്റെ ദിവസമെന്നു കാലങ്ങൾക്കു മുൻപേ എഴുതപ്പെട്ടതുപോലെ. അവിടെയും ബ്രൂണോയുടെ ഗോൾദാഹം തീർന്നിരുന്നില്ല.

ഇഞ്ചുറി ടൈമിന്റെ അവസാന രണ്ട് മിനിറ്റുകളിൽ അയാൾ തുറന്ന സാധ്യതകൾ മാത്രം മതി, ഇനി അയാളുടെ മാത്രം ദിവസങ്ങാളാണെന്നു തിരിച്ചറിയാൻ. ബ്രൂണോ ഫെർണാണ്ടസ് എന്നാൽ അവസരങ്ങൾ സൃഷ്ടിക്കുന്നവൻ എന്നുകൂടിയാണർഥം. ലുസെയ്ലിലെ ആ മൈതാനത്ത് അത്രയധികം അവന്റെ വിയർപ്പുതുള്ളികൾ വീണുകഴിഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.