| ജയശ്രീ ശ്രീനിവാസൻ
‘ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഗാന്ധിയനാരാണ്?’
ഒരിക്കൽ അപ്രതീക്ഷിതമായി മനസ്സിൽ വന്ന ചോദ്യമാണ്. ഒറ്റമുണ്ടു മാത്രം ധരിക്കുന്ന, ആട്ടിൻപാൽ കുടിക്കുന്ന, ചർക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ചില വന്ദ്യവയോധികരെ ഓർമ്മ വന്നു. ശരിക്കും അവരാണോ? അതോ ഗാന്ധി ഉയർത്തിയ വിമത സ്വരങ്ങളെ കാലത്തിനനുസൃതമായി പുനരവതരിപ്പിക്കുന്നരോ?
ഓട്ടോറിക്ഷ ഇടിച്ചു മരിച്ചതല്ല ഗാന്ധി, 9mm ബെരേറ്റ തോക്കു കൊണ്ട് ഹിന്ദുത്വവാദികള്‍ നെഞ്ചിൽ വെടിവെച്ചുകൊന്നതാണ് ഗാന്ധിയെ എന്നു പറയാനാർജ്ജവമുള്ളവരെയല്ലേ നമുക്കിന്നാവശ്യം ? അവരാവില്ലേ യഥാർത്ഥ ഗാന്ധിയർ?
അതുപോലെ തന്നെയാണ് ആരാണ് യഥാർത്ഥ ശ്രീനാരായണീയൻ എന്ന അന്വേഷണവും. പീതാംബരവും ഗുരുദേവക്ഷേത്ര സന്ദർശനവും ശിവഗിരി തീർത്ഥാടനവും മാത്രമാണോ അതിന്റെ മാനദണ്ഡം? ഗുരുവിനെ ഗുരുദേവനെന്നല്ലാതെ വിശേഷിപ്പിക്കുന്നതിൽ പോലും അസഹിഷ്ണുത പുലർത്തുന്നവരില്‍ പക്ഷേ, സാഹോദര്യഭാവന പ്രസരിക്കാത്തതെന്തുകൊണ്ട് എന്നത് ചിന്തനീയമാണ്.
ആലുവ ശിവരാത്രി മണപ്പുറത്ത് പലവിധ ആലോചനകളിൽ മുങ്ങിയിരുന്ന ഒരു സായംകാലത്താണ് മറുകരയിൽ ദീപാലങ്കാരത്തിൽ കുളിച്ചു നിൽക്കുന്ന അദ്വൈതാശ്രമം ശ്രദ്ധിച്ചത്. ആശ്രമത്തിൽ നിന്ന് പുഴയിലേക്കിറങ്ങുന്ന പടവുകളിൽ ദൃഷ്ടി ഉറപ്പിച്ചപ്പോൾ ഓർമ്മകൾ ചെന്നുനിന്നത് ജലസമാധി എന്നു വിശേഷിപ്പിക്കപ്പെട്ട സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിലും… സൂര്യശങ്കര്‍ എസ് സമ്പാദനവും സംശോധനവും നിർവഹിച്ച സ്വാമിയുടെ ലേഖനസമാഹാരം വായിച്ചതിനു പിന്നാലെ ആയിരുന്നു അത്.
ആരായിരുന്നു സ്വാമി ശാശ്വതികാനന്ദ? ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃനിരയിൽ ദശാബ്ദങ്ങൾ പ്രവർത്തിച്ച, സ്ഥാപനവൽകൃത ശ്രീനാരായണ മതത്തിന്റെ വക്താവായിരുന്നു അദ്ദേഹം. അതിലുപരിയായി ശ്രീനാരായണീയ വിജ്ഞാനീയത്തില്‍ ഒരു പ്രോഡിജിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹമായ മൗനമവലംബിച്ചവർ പോലും വേദാന്തവിദ്യാർഥി എന്ന നിലയിൽ ജീനിയസായിരുന്നു എന്ന ഒറ്റവാക്കാണ് അനുസ്മരിച്ചത്.
ആശ്രമം ജാതിസംഘടനയ്ക്കു സമാനമായ മട്ടിലേക്ക് സഞ്ചരിക്കുന്ന ഘട്ടത്തിൽ അതിന്റെ അധ്യക്ഷപദത്തിൽ ഇരിക്കേണ്ടി വന്ന ഒരു വ്യക്തി ശ്രീനാരായണീയ സന്ദേശങ്ങളുടെ വ്യാപ്തിയറിഞ്ഞിട്ടുണ്ടെങ്കില്‍ തീർച്ചയായും കടുത്ത ആത്മസംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവണം. ആ സംത്രാസങ്ങള്‍ എഴുത്തിൽ പ്രതിഫലിക്കുന്നതെങ്ങനെയെന്നായിരുന്നു വായനയിൽ ഉറ്റുനോക്കിയത്.
കൗതുകമായി തോന്നിയ ആദ്യകാര്യം സ്വാമിയുടെ മരണത്തിൽ പുനരന്വേഷണമാവശ്യപ്പെട്ടത് എസ്.എൻ.ഡി.പി, ബി.ജെ.പിയുമായി സഖ്യം രൂപീകരിക്കാൻ ശ്രമിച്ച ഘട്ടത്തിലാണെന്നതാണ്. ‘ശിവഗിരിയിൽ മഞ്ഞപ്പൂക്കൾ വിരിയട്ടെ’ എന്ന ലേഖനത്തിൽ കാവിക്കൊടിയുടെ കൂടെ പോകുന്നത് ദാര്‍ശനിക കുറ്റമാണെന്ന് (പേജ് 58) സ്വാമി വിലയിരുത്തുന്നുണ്ട്.
ഗുരുവിന്റേത് സ്വതന്ത്ര ആത്മീയതയാണെന്ന് സ്ഥാപിക്കുന്ന അദ്ദേഹം മതങ്ങളുടെ ചട്ടക്കൂട് സ്വീകരിക്കാത്ത, ആത്മീയമാർഗചാരിയായ മതേതര സന്യാസിയെ വിഭാവനം ചെയ്യുന്നു. മതേതരം, മതാതീതം, മതവിമുക്തം എന്നീ ആശയങ്ങൾ മാറിമാറിയുപയോഗിക്കുമ്പോഴും ആത്മീയതയുടെ മാനവികവല്‍ക്കരണ ദൗത്യമെന്ന നിലയിൽ മതവിമുക്ത ആത്മീയതയെ സ്വീകരിക്കുന്നതും പ്രതീക്ഷാനിർഭരമാണ്. എങ്കിലും, ഹിന്ദുമതത്തെ നേരിട്ട് എതിർക്കുന്നത് നിഷേധാത്മക പ്രവണതകൾക്ക് വഴിതുറക്കുമെന്ന നിലപാട് പൂർണമായി അംഗീകരിക്കാന്‍ കഴിയുന്നുമില്ല.
ജാതി ഉന്മൂലനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അംബേദ്കറെ ഉദ്ധരിക്കുകയും ഇവിടെ നടന്ന കീഴാളമുന്നേറ്റങ്ങളെ, വിശിഷ്യാ അയ്യങ്കാളിയുടെയും മറ്റും സംഭാവനകളെ കാണാതിരിക്കുകയും ചെയ്യുന്ന പതിവ് ഇരട്ടത്താപ്പ് ഇതിലും തുടരുന്നതും കാണാം. സ്വതന്ത്രസമുദായം രചിച്ച ഇ. മാധവനും ഇതുതന്നെയാണ് അനുവർത്തിച്ചിരുന്നത്. ശൂദ്രാധിപത്യത്തെ ശക്തമായി എതിർക്കുമ്പോഴും തങ്ങളിലും അധഃകൃതമായി മുന്നേ കരുതിപ്പോരുന്ന ജാതികളോട് സമഭാവം പുലര്‍ത്താന്‍ വൈമുഖ്യമില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എങ്കിലും ഗുരുദേവദർശനത്തെ പലരും സമീപിക്കുന്നത് അന്ധന്മാർ ആനയെ കണ്ടതുപോലെയാണെന്നും അതില്‍ പുനര്‍വിചിന്തനമാവശ്യമാണെന്നുമുള്ള ആഹ്വാനം കാലഘട്ടം ആഗ്രഹിക്കുന്ന ഓർമ്മപ്പെടുത്തലായിത്തീരുന്നുണ്ട്.
മതത്തെയും ആചാരങ്ങളെയും തള്ളി പറയുമ്പോൾ പലരും അതിനെ പ്രതിരോധിക്കുന്നത് ആയ കാലത്ത് അതിനിങ്ങനെ ഒരു സാംഗത്യം ഉണ്ടായിരുന്നു എന്ന് സ്ഥാപിച്ചുകൊണ്ടാണ്. പക്ഷേ അത് നമ്മുടെ കാലത്ത് അസംഗതമാകുന്നത് അതൊരു ഇരുമ്പുലക്കയായി തീർന്നതുകൊണ്ടാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ആത്മീയത നമ്മോട് വിനിമയം ചെയ്യാത്തപക്ഷം പ്രസക്തി നഷ്ടപ്പെടുന്നു എന്ന ബോധ്യത്തിൽ ഊന്നി നിന്നുകൊണ്ട് മതാതീതമായ മാനവിക മൂല്യങ്ങളിലേക്ക് വായനക്കാരെ നയിക്കുകയാണ് സ്വാമി ശാശ്വതികാനന്ദ ചെയ്യുന്നത്. പരിണാമരൂപിയായ ആത്മീയ സംവാദങ്ങൾക്ക് മാത്രമേ കാലത്തോട് ഇടപെടാനാകൂ എന്നതാണ് മതാതീത ആത്മീയതയുടെ അനിവാര്യതയായി അദ്ദേഹം കാണുന്നതും.
അതേസമയം ആചാരബദ്ധമായി മാത്രം ആത്മീയതയെ സമീപിക്കാൻ കഴിയുന്ന സാധാരണക്കാരെ കൂടുതലായി ലക്ഷ്യം വെച്ചുകൊണ്ട് ശിവഗിരി തീർത്ഥാടനത്തിന്റെയും ചതയദിനാഘോഷത്തിന്റെയും ഗുരുദേവന്റെ മഠസങ്കല്പത്തിന്റെയും അന്തസത്തയും സ്വാമി വിവരിക്കുന്നുണ്ട്. ചുരുക്കത്തിൽ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവരെയും, വിശ്വാസിയെയും അവിശ്വാസിയെയും, പലനിലകളിൽ ആത്മീയാന്വേഷണം നടത്തുന്നവരെയും ഉൾചേർക്കുന്ന ഗുരുദർശനത്തിന്റെ മാനവിക വ്യാഖ്യാനമാണ് ഈ ചെറുലേഖനങ്ങളിലൂടെ സ്വാമി ലക്ഷ്യം വയ്ക്കുന്നത്.
വാദിക്കാനും ജയിക്കാനുമല്ലാതെ, അറിയാനും അറിയിക്കാനുമായി സംവാദത്തെ വിപ്ലവകരമായി ഉപയോഗിച്ച ഗുരു എന്ന മഹാമനീഷി നല്‍കിയ സാഹോദര്യസന്ദേശം ഇത്തരം നിരവധി കണ്ഠങ്ങളിൽനിന്ന് നമ്മുടെ പൊതുമണ്ഡലത്തിലലയടിക്കട്ടെ!



