| പി ജി പ്രേംലാൽ
രാജാവിൻ്റെ മകനിലേയ്ക്കും സന്മനസ്സുള്ളവർക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണ പണിക്കരിലേയ്ക്കും കിരീടത്തിലെ സേതുമാധവനിലേയ്ക്കും ഒരേ ലാഘവത്തോടെ കയറിച്ചെന്ന മോഹൻലാലിൻ്റെ അനായാസതയിലേയ്ക്ക്… അമരത്തിലെ അരയനും വടക്കൻ വീരഗാഥയിലെ ചന്തുവും വിധേയനിലെ പട്ടേലരും മാടയും ഡാനിയും പ്രാഞ്ചിയേട്ടനുമെല്ലാമായുള്ള മമ്മൂട്ടിയുടെ അടിമുടി പകർന്നാട്ട വൈഭവത്തിലേയ്ക്ക്. ഫഹദിന് ഇനിയും സഞ്ചരിക്കാൻ ദൂരമുണ്ട്. എന്നാൽ,അയാൾ അതിനായി അത്യധ്വാനം ചെയ്തുകൊണ്ടേയിരിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം.
രണ്ടാംവരവിൽ ഫഹദ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി അയാളുടെ ശരീരഭാഷയിലും പ്രതികരണരീതികളിലുമുള്ള നാഗരികതയുടെ അംശത്തെ കേരളത്തിൻ്റെ ഗ്രാമ്യതയിൽ സാമൂഹ്യവേരുകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ പരമാവധി എങ്ങനെ ഉരിഞ്ഞുകളയാം എന്നതാണ്. ഓരോ നടനുമുള്ള ഒരു കംഫർട്ട് സോണിനു പുറത്തു പോയുള്ള കളി ആവശ്യപ്പെടുന്നുണ്ട്, ആ പ്രക്രിയ. മഹേഷിൻ്റെ പ്രതികാരത്തിലൂടെയും ജോജിയിലൂടെയും ഏറ്റവുമൊടുവിൽ മലയൻകുഞ്ഞിലൂടെയുമെല്ലാം ഫഹദ് ആ കളിയാണ് കളിക്കുന്നത്.
സ്വന്തം പ്രതിഭയിൽ വിശ്വാസമുള്ള, പ്രയത്നശാലിയായ ഒരു നടനിൽ നിന്നു മാത്രം പ്രതീക്ഷിക്കാവുന്ന ഒന്ന്. ഒരു കഥാപാത്രത്തിൻ്റെ ജീവിത-വൈകാരികാവസ്ഥകളിലൂടെ മാത്രമല്ല, അയാളുടെ സാമൂഹ്യലോകത്തിലൂടെയും ഒരു നടൻ യാത്ര ചെയ്യേണ്ടതുണ്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരഭിനേതാവിന് നടന്നുകയറാനുള്ള ദൂരങ്ങളെക്കുറിച്ച് ബോധ്യമുണ്ടാകും.
ആ ബോധ്യമുള്ള ഒരു നടൻ എന്നും സ്വയം നവീകരിക്കാൻ ഉത്സുകനായിരിക്കും. അപ്പോഴാണ് അയാൾ കാലത്താലും ചരിത്രത്താലും അടയാളപ്പെടുക. ഫഹദ് അടയാളപ്പെടാൻ മാത്രമല്ല, പുറകേ വരാനിരിക്കുന്നവരുടെ മുമ്പിൽ സ്വയം അടയാളമാകാനും കെല്പുള്ള നടനാകുന്നു. ജന്മദിനാശംസകൾ, ഫഹദ്



