...
Home Sports സൗദിയുടെ ചരിത്രജയം ആ രാജ്യം കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന സാമൂഹിക മാറ്റങ്ങളുടെ റിസൽട്ട് കൂടിയാണ്

സൗദിയുടെ ചരിത്രജയം ആ രാജ്യം കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന സാമൂഹിക മാറ്റങ്ങളുടെ റിസൽട്ട് കൂടിയാണ്

ഉള്ളിൽ നിന്ന് തീവ്രയാഥാസ്ഥിക മതവാദികൾ ഉയർത്തുന്ന എല്ലാ എതിർപ്പുകളെയും അവഗണിച്ച് മോഡറേറ്റ് ഇസ്‌ലാം എന്നൊരു കാഴ്ചപ്പാടിലൂടെയാണ് ആധുനിക സൗദി സഞ്ചരിക്കുന്നത്.

201

| എമ്മെസ് ഷൈജു

സൗദി അറേബ്യ അർജൻ്റീനക്ക് എതിരേ നേടിയ ആ രണ്ട് ഗോളിൻ്റെ വിസ്മയത്തിൽ നിന്ന് ലോകം ഇനിയും മോചിതമായിട്ടില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് സൗദി അറേബ്യ എന്ന രാജ്യം വലിയ വാർത്തകളും വിശേഷങ്ങളും നൽകി ലോകത്തിന് മുന്നിൽ അത്ഭുതം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. പുറം ലോകത്തിൻ്റെ വെളിച്ചത്തിന് മുന്നിൽ തീവ്രമായ മതയാഥാസ്ഥികഥയുടെ മറ കെട്ടി, ആ നിഴലിനുള്ളിലാണ് രാജ്യം ഈയടുത്ത കാലം വരെ നിലകൊണ്ടത്.

ഒരു കാലത്ത് രാജ്യത്തിൻ്റെ സാമൂഹിക ഘടന അവിടുത്തെ മതകാര്യ പോലീസിൻ്റെ കിരാതമായ കൈകളിലായിരുന്നു. മനുഷ്യാവകാശങ്ങൾ വകവെച്ച് കൊടുക്കാതെയും വ്യക്തി സ്വാതന്ത്ര്യം നിഷേധിച്ചും മതകാര്യ പോലീസ് രാജ്യത്ത് അഴിഞ്ഞാടുകയായിരുന്നു. ഫുട്ബോളിനെതിരിൽ ഉറഞ്ഞ് തുള്ളുന്ന മത വെറിയന്മാരായ പുരോഹിതൻമാരുടെ ജൽപനങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിൽ ഇന്നും നിലനിൽക്കുന്നുണ്ട്.

അവരായിരുന്നു പിന്നിൽ നിന്ന് രാജ്യം ഭരിച്ചിരുന്നത്. അവിടെ നിന്നാണ് ഇന്നത്തെ നേട്ടത്തിലേക്ക് ആ രാജ്യം വളർന്നത്. മതത്തിൻ്റെ ഏറ്റവും ഇരുണ്ട അറകളിൽ എല്ലാത്തിനോടും മുഖം തിരിഞ്ഞ്, തികഞ്ഞ യാഥാസ്ഥിതികമായി കഴിച്ച് കൂട്ടിയ ഒരു ഭൂതകാലത്തിൽ നിന്ന് ആ രാജ്യം മെല്ലെ മുക്തമാകുകയാണ്.

വെളിച്ചം കടക്കാത്ത അറകളിൽ വെളിച്ചം കടക്കുകയാണ്. മതം പറഞ്ഞ് മനുഷ്യന് നിഷേധിച്ച് കൊണ്ടിരുന്ന ആനന്ദങ്ങളും അവകാശങ്ങളും സൗകര്യങ്ങളും സൗദി ജനതക്ക് ലഭിച്ച് തുടങ്ങുകയാണ്. ഉള്ളിൽ നിന്ന് തീവ്രയാഥാസ്ഥിക മതവാദികൾ ഉയർത്തുന്ന എല്ലാ എതിർപ്പുകളെയും അവഗണിച്ച് മോഡറേറ്റ് ഇസ്‌ലാം എന്നൊരു കാഴ്ചപ്പാടിലൂടെയാണ് ആധുനിക സൗദി സഞ്ചരിക്കുന്നത്.

ലോക ഫുട്ബോൾ മാമാങ്കത്തിൽ കാൽപന്ത് കളിയുടെ മുടി ചൂടാ മന്നന്മാരെ തകർത്ത് ഇന്ന് സൗദി അറേബ്യ നേടിയ ചരിത്ര നേട്ടം ആ രാജ്യം കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന സാമൂഹിക മാറ്റങ്ങളുടെ റിസൽട്ട് കൂടിയാണ്. ആ മാറ്റങ്ങളുടെ ചാലശക്തിയായി നിലകൊള്ളുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്ന എം ബി എസിൻ്റെ ഇച്ഛാശക്തിയുടെ വിജയം കൂടിയാണ് ഇന്ന് ആ രാജ്യം ആഘോഷിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.