...
Home Entertainments മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴാണ് അഭിനയത്തിന്റെ യഥാർഥ നിലവാരം മനസിലായത്; പ്രശംസയുമായി രേണു ദേശായി

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴാണ് അഭിനയത്തിന്റെ യഥാർഥ നിലവാരം മനസിലായത്; പ്രശംസയുമായി രേണു ദേശായി

45-ാം വയസ്സിൽ ജീവിതത്തിൽ പലതും കണ്ടിട്ടുണ്ടെന്ന് കരുതിയിരുന്നെങ്കിലും മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചപ്പോഴാണ് അഭിനയത്തിന്റെ യഥാർഥ നിലവാരം മനസിലായതെന്ന് താരം പറഞ്ഞു.

35

ധനുഷ് നായകനാകുന്ന പുതിയ ചിത്രം ‘ഓം’ സിനിമയിലെ സഹതാരങ്ങളെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് നടി രേണു ദേശായി. ഹൈദരാബാദിലെ ജെആർസി കൺവെൻഷനിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കവെയാണ് മമ്മൂട്ടിയോടൊപ്പമുള്ള അഭിനയാനുഭവം ഉൾപ്പെടെ പങ്കുവെച്ച് താരം വികാരാധീനയായത്. മകൾ ആധ്യയും ചടങ്ങിൽ രേണുവിനൊപ്പമുണ്ടായിരുന്നു.

ചിത്രത്തിലേക്ക് എത്തിയ സാഹചര്യവും രേണു ചടങ്ങിൽ വിശദീകരിച്ചു. ഫെബ്രുവരിയിൽ മഹാശിവരാത്രി ദിനത്തിൽ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെയാണ് ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചതെന്ന് താരം പറഞ്ഞു. മഹാശിവരാത്രിയും കാമാഖ്യ ക്ഷേത്രവും ‘ഓം’ എന്ന സിനിമയുടെ പേരും ഒത്തുവന്നത് ഒരു ദൈവിക പദ്ധതിയായി തോന്നിയെന്നും സംവിധായകൻ രാജ്കുമാർ തന്നെ നേരിൽ കാണുകയോ ലുക്ക് ടെസ്റ്റ് നടത്തുകയോ ചെയ്യാതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വേഷത്തിനായി തിരഞ്ഞെടുത്തതെന്നും രേണു വ്യക്തമാക്കി. ഇന്ന് അദ്ദേഹത്തിന്റെ അഭാവം വലിയ നഷ്ടമാണെന്നും താരം കൂട്ടിച്ചേർത്തു.

സഹതാരങ്ങളെക്കുറിച്ച് സംസാരിക്കവെ സായ് പല്ലവിക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കാത്തതിൽ ചെറിയ നിരാശയുണ്ടായിരുന്നുവെന്നും ശ്രീലിയോടൊപ്പമുള്ള രംഗങ്ങൾ മികച്ച അനുഭവമായിരുന്നുവെന്നും രേണു പറഞ്ഞു. ചിത്രീകരണത്തിനിടെ തമിഴ് സംസാരിക്കുന്നതിൽ വന്ന പിഴവുകൾ ക്ഷമയോടെ തിരുത്താനും സഹിക്കാനും തയ്യാറായ ധനുഷിനോടും താരം നന്ദി അറിയിച്ചു.

മമ്മൂട്ടിയോടൊപ്പമുള്ള അഭിനയാനുഭവത്തെക്കുറിച്ചും രേണു ഏറെ പ്രശംസയോടെയാണ് സംസാരിച്ചത്. 45-ാം വയസ്സിൽ ജീവിതത്തിൽ പലതും കണ്ടിട്ടുണ്ടെന്ന് കരുതിയിരുന്നെങ്കിലും മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചപ്പോഴാണ് അഭിനയത്തിന്റെ യഥാർഥ നിലവാരം മനസിലായതെന്ന് താരം പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വവും അഭിനയമികവും തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത്രയും വലിയൊരു നടനൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും രേണു കൂട്ടിച്ചേർത്തു. സെറ്റിൽ അദ്ദേഹം തനിക്ക് ഏറെ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കിയെന്നും താരം പറഞ്ഞു.

നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസിനും നിർമാതാക്കൾക്കും സിനിമയുടെ അണിയറപ്രവർത്തകർക്കും നന്ദി അറിയിച്ച രേണു, ഈ മാസം 23-ന് തിയേറ്ററുകളിലെത്തുന്ന ‘ഓം’ കാണാനും പിന്തുണയ്ക്കാനും പ്രേക്ഷകരോട് അഭ്യർഥിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.