...
Home Sports ജെയിംസ് ആന്ഡേഴ്സൻ- സ്റ്റുവർട്ട് ബ്രോഡ്; രണ്ട് ഇതിഹാസങ്ങൾ

ജെയിംസ് ആന്ഡേഴ്സൻ- സ്റ്റുവർട്ട് ബ്രോഡ്; രണ്ട് ഇതിഹാസങ്ങൾ

ആന്ഡേഴ്സനോപ്പം ഓർക്കേണ്ട, എടുത്തു പറയേണ്ട മറ്റൊരു പേരുണ്ട്. 2007 ൽ പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയുടെ യുവരാജ് സിംഗ് ഒരോവറിൽ ആറു സിക്സറിന് ശിക്ഷിച്ച സ്റ്റുവർട്ട് ബ്രോഡ്.

130

| മനൂപ് ഖാൻ

കൂടുതൽ കായികക്ഷമത ആവശ്യമുള്ള ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർടൈമെന്റിൽ ഒരു 35 വയസിന് ശേഷം കളി തുടരുക എന്നത് ദുഷ്കരമാണ്. മിക്കവരും 33-34 വയസിൽ കളി അവസാനിപ്പിക്കും. അല്ലെങ്കിൽ പരിക്കോ ഫിറ്റ്നസ് ഇല്ലായ്മ്മയോ ഫോം നഷ്ടമോ കാരണം പിന്നീടൊരു തിരിച്ചു വരവില്ലാത്ത വിധം മെല്ലെ ടീമിൽ നിന്ന് പുറത്താകും.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് ജെയിംസ് ആന്ഡേഴ്സൻ എന്ന ഇരുപതുകാരൻ ഇംഗ്ലീഷ് കുപ്പായത്തിൽ അരങ്ങേറുമ്പോൾ ഒരാളും വിചാരിച്ചു കാണില്ല ആ പയ്യൻ ചരിത്രത്തിന്റെ ഭാഗമാവുമെന്ന്. ക്രിക്കറ്റിന്റെ കണ്ടുപിടുത്തക്കാരായ ഇംഗ്ലണ്ടിന് ഒന്നര നൂറ്റാണ്ടോളം നീണ്ട പാരമ്പര്യമൊക്കെ ഉണ്ടെങ്കിലും നൂറു ടെസ്റ്റ് തികച്ചു കളിച്ചവർ ഒന്നോ രണ്ടോ പേര് മാത്രമായിരുന്നു അക്കാലത്ത്. അതും ബാറ്റർമാർ.

ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ മുൻ നിരയിൽ എല്ലാം സ്പിന്നർമാർ ആവുകയും ഒരു ഫാസ്റ്റ് ബൗളർക്ക് 500 വിക്കറ്റ് എന്ന മാന്ത്രിക സംഖ്യ അസാധ്യമാണെന്ന് കരുതുകയും ചെയ്തിരുന്ന ഒരു കാലത്ത്, റിച്ചാർഡ് ഹാഡ്ലിയും കപിൽ ദേവുമെല്ലാം നാനൂറുകളിൽ സംതൃപ്തിയടയുകയും ചെയ്ത ടെസ്റ്റ് ക്രിക്കറ്റിൽ അയാൾ പതിയെ പതിയെ ചുവടുകൾ വച്ചു.

ഉയർച്ച താഴ്ചകളിൽ പതറാതെ, മനം മടുക്കാതെ അയാൾ മുന്നോട്ട് മാത്രം നടന്നു. രണ്ട് പതിറ്റാണ്ടുകൾ പിന്നോടുമ്പോഴും ജിമ്മി ആന്ഡേഴ്സൻ കളത്തിലുണ്ട്. 178 മത്സരങ്ങളിൽ 682 ടെസ്റ്റ് വിക്കറ്റുകൾ. ടെസ്റ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയവരിൽ മൂന്നാമൻ. ഒരുപക്ഷേ അടുത്തൊരു ആറോ ഏഴോ മത്സരങ്ങൾ കൊണ്ടു തന്നെ അയാൾ രണ്ടാം സ്ഥാനത്തേക്ക് ഉയരും. ഒരു ഫാസ്റ്റ് ബൗളർ ഇത്രയും വർഷങ്ങൾ ഇത്രയും ടെസ്റ്റ് മത്സരങ്ങൾ കളിക്കുമെന്നോ ഇത്രയും വിക്കറ്റുകൾ നേടുമെന്നോ ഭൂമിയിലൊരാളും വിദൂര സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. ഇന്നയാൾ ഈ നാല്പതാമത്തെ വയസിൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതാണ്. എങ്ങനെ മൂക്കത്ത് വിരൽ വെക്കാതിരിക്കും.

ആന്ഡേഴ്സനോപ്പം ഓർക്കേണ്ട, എടുത്തു പറയേണ്ട മറ്റൊരു പേരുണ്ട്. 2007 ൽ പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയുടെ യുവരാജ് സിംഗ് ഒരോവറിൽ ആറു സിക്സറിന് ശിക്ഷിച്ച സ്റ്റുവർട്ട് ബ്രോഡ്. അന്ന് നിരാശയും അപമാന ഭാരവും കൊണ്ടു ചുവന്ന മുഖവുമായി നിൽക്കുന്ന ബ്രോഡിനെ നമ്മളെല്ലാം സഹതാപത്തോടെ നോക്കിയിരുന്നു. ആ പയ്യൻ ഇനി ടീമിൽ ഉണ്ടാവില്ല എന്ന് പലരും പറഞ്ഞിരുന്നു.

അന്നയാൾ ഈ ഭൂമിയിൽ എത്രമാത്രം ഒറ്റപ്പെടൽ അനുഭവിച്ചു കാണണം. പക്ഷേ അന്ന് വീണു പോയിരുന്നെങ്കിൽ ഇന്ന് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ആന്ഡേഴ്സന് പിന്നിൽ രണ്ടാമതായി അയാളുടെ പേര് ഉണ്ടാവുമായിരുന്നില്ല. 160 മത്സരങ്ങൾ, 571 വിക്കറ്റുകൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.