...
Home Entertainments ബഷീർ സൃഷ്ടിയോട് നീതി പുലർത്തുന്ന എന്റെ നീലവെളിച്ചമേ

ബഷീർ സൃഷ്ടിയോട് നീതി പുലർത്തുന്ന എന്റെ നീലവെളിച്ചമേ

ഒരു മുഴുനീള എന്റർടൈൻമെന്റ് പ്രതീക്ഷിച്ചു തിയേറ്റർ പോകുന്നവർ നിരാശപ്പെട്ടേക്കാം. എന്റർടൈൻമെന്റ് സിനിമ എന്നതിൽ അപ്പുറം ഒരു കലാമൂല്യം കൂടെ ഉള്ള സിനിമ ആയി നീലവെളിച്ചത്തെ അടയാളപ്പെടുത്തുന്നു.

325

| ശ്യാം സോർബ

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം. 1964 ൽ എ വിൻസന്റ് ന്റെ സംവിധാനത്തിൽ മലയാളി സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തി. അന്ന് ഭാർഗ്ഗവിനിലയം എന്ന പേരിൽ പുറത്തിറങ്ങിയ സിനിമ മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഹൊറർ സിനിമ ആയി ആളുകൾ അംഗീകരിച്ചു. വർഷങ്ങൾക്ക് ഇപ്പുറം 2023 ൽ നീലവെളിച്ചം വീണ്ടും വെള്ളിത്തിരയിൽ വെളിച്ചം കണ്ടു. മധുവും നസീറും അടൂർ ഭാസിയും വിജയ നിർമ്മലയും പി ജെ ആന്റണിയും ഒക്കെ അന്ന് അനശ്വരമാക്കിയ കഥാപാത്രങ്ങൾ ടോവിനോയും റോഷനും റിമയും ഷൈൻ ടോം ചാക്കോയും ഒക്കെ പുനർജനിപ്പിച്ച് ജനങ്ങളിലേക്ക് എത്തിച്ചു.

നീലവെളിച്ചം എന്ന ബഷീർ സൃഷ്ടിയോട് നീതി പുലർത്തുന്ന തരത്തിൽ തന്നെ ആണ് ആഷിഖ് അബു സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. 90 കളിലെ ഒരു തിരക്കഥ 2023 ലേക്ക് പുനരാവിഷ്‌ക്കരിക്കപ്പെടുമ്പോൾ സംഭാഷണങ്ങളിലെ പ്രയോഗങ്ങൾ ആളുകൾക്ക് അലോസരം ഉണ്ടാക്കിയേക്കാം. പക്ഷെ ആ വരികളെ, ബഷീറിന്റെ വാക്കുകളെ മറ്റെങ്ങനെ ആണ് പറയേണ്ടത്.

ആ പൂവ് നീയെന്തു ചെയ്തു?……….?
ഏതുപൂവ് ?..
രക്ത നക്ഷത്രം പോലെ
കടും ചെമാപ്പായ ആ പൂവ് ?
ഓ അതോ ?
അതെ, അതെന്ത് ചെയ്തു..?
തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു ?
ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍?
കളഞ്ഞെങ്കിലെന്ത്?
ഓ ഒന്നുമില്ല,

എന്റെ ഹൃദയമായിരുന്നു അത്…..!

നോക്കു ഈ വരികളെ 90 കൾ ആയാലും ഇന്ന് ഈ 2023 ആയാലും ഇത്ര മനോഹരമായി മറ്റെങ്ങനെ ആവിഷ്‌കരിക്കാൻ സാധിക്കും? പലപ്പോഴും തിയേറ്ററിൽ അടക്കം പറച്ചിലും ചിരിയും കേൾക്കുമ്പോൾ മനസ്സ് ഇങ്ങനെ ചോദിക്കുന്നുണ്ടായിരുന്നു, “എന്റെ മനുഷ്യരെ, നിങ്ങൾ ബഷീറിനെ ഇനിയും വായിച്ചിട്ടില്ലേ എന്ന് “.

വീണ്ടും നീലവെളിച്ചത്തിലേക്ക് വരാം, അന്നും ഇന്നും സിനിമയുടെ ജീവൻ പിടിച്ചു നിർത്തിയ പ്രധാനപ്പെട്ട ഒന്ന് അതിലെ പാട്ടുകൾ തന്നെ ആയിരുന്നു. അന്ന് പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് എം എസ് ബാബുരാജ് ഈണം നൽകി എസ് ജാനകിയും യേശുദാസും പി സുശീലയും കമുകര പുരുഷോത്തമനും നമ്മളെ വല്ലാത്തൊരു ലോകത്തേക്ക് ആനയിച്ചു. ആ ഭംഗി ഒട്ടും ചോരാതെ അതെ പാട്ടുകൾ ബിജിപാലും റെക്സും കൂടി ഷഹബാസിന്റെയും ചിത്രയുടേം ശബ്ദത്തിലൂടെ നമ്മിലേക്ക്‌ മനോഹരമായി പുണരാവിഷ്‌ക്കരിക്കുന്നു.

സിനിമയിൽ എടുത്ത് പറയേണ്ട മറ്റൊന്ന് ഗിരീഷ് ഗംഗാദരൻ തന്റെ ക്യാമെറയിലൂടെ പകർത്തിയ മനോഹര ഫ്രെയിമുകൾ ആണ്. ആ വീടും, അതിന്റെ ഭീകരതയും, ബഷീറിന്റെ ഏകാന്തതയും, പൂത്ത് നിൽക്കുന്ന കടലാസ് ചെടിയും അങ്ങനെ GG യുടെ ഫ്രെയിമുകൾ പലപ്പോഴും അറിയാതെ ഭ്രമിപ്പിച്ചുകൊണ്ടേ ഇരുന്നു.
സിനിമയുടെ ആർട്ട്‌ വിഭാഗം – ജ്യോതിഷ് ശങ്കർ നേതൃത്വം നൽകിയ ആർട്ട്‌ വിഭാഗം എന്ത് മനോഹരമായിട്ടാണ് ഒരു കാലഘട്ടത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. പഴയ റെയിൽവേ സ്റ്റേഷനും തീവണ്ടിയും റാന്തൽ വിളക്കും വീടും ലോഡ്ജും കടമുറികളും ഒക്കെ മനോഹരമായി പുനരാവിഷ്‌ക്കരിച്ചിരിക്കുന്നു.

അഭിനേതാക്കളിലേക്ക് വരുമ്പോൾ, ബഷീർ ആയി വന്ന ടോവിനോ, ശശികുമാർ ആയി റോഷൻ, ഭാർഗ്ഗവി ആയി റിമ, അങ്ങനെ ഒരു താരനിര. ടോവിനോ മനോഹരമായി പലയിടങ്ങളിലും ബഷീറിന്റെ മാനറിസങ്ങൾ പിടിക്കാൻ ശ്രമിച്ചു മനോഹരമായി ആ കതപാത്രത്തെ അവതരിപ്പിച്ചു എങ്കിൽ കൂടെ മനസ്സിൽ ഉള്ള ബഷീർ, ആ ഒരു ബിംബത്തിലേക്ക് ടോവിനോ എന്ന നടന്റെ ശരീരപ്രകൃതിയെ കാണാൻ ബുദ്ധിമുട്ട് ഉണ്ടാക്കി എന്നത് ശരിയാണ്.

റിമ നന്നായി എന്ന് തോന്നി, അതുപോലെ റോഷനും. പക്ഷെ ഷൈനെ ടോം ചാക്കോ എന്ന നടനെ വീണ്ടും വീണ്ടും മലയാള സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നത് ഒക്കെയും ഒരു ഗ്രാഫിൽ കാണാൻ പറ്റുന്നു എന്നുള്ളതും കഥാപാത്രങ്ങൾ പേരും ഊരും വേഷവും മാറ്റുമ്പോഴും ഒരു തരത്തിലും അദ്ദേഹത്തിന്റെ കഥാപാത്രം വളർച്ച കൈവരിക്കുന്നില്ല. പിന്നെ പലയിടത്തും ഒരിത്തിരി ഏച്ചുകെട്ടൽ ആയും എറിച്ചു നിന്നതായും തോന്നിയത് സിനിമയുടെ vfx ആണ്. എല്ലാ രംഗങ്ങളിലും അല്ലെങ്കിൽ കൂടിയും, പലയിടത്തും അത് അലോസരം ഉണ്ടാക്കി.

എന്തുകൊണ്ടും കഥയോടും, ഭാർഗ്ഗവി നിലയം എന്ന സിനിമയോടും ബഷീർ എന്ന മനുഷ്യനോടും ഒക്കെ തന്നെയും നീതി പുലർത്തി തന്നെയാണ് ആഷിഖ് അബു നീലവെളിച്ചം ഒരുക്കിയിരിക്കുന്നത്. നല്ലൊരു ദൃശ്യ വിരുന്ന് തന്നെയാണ്. ഒരു മുഴുനീള എന്റർടൈൻമെന്റ് പ്രതീക്ഷിച്ചു തിയേറ്റർ പോകുന്നവർ നിരാശപ്പെട്ടേക്കാം. എന്റർടൈൻമെന്റ് സിനിമ എന്നതിൽ അപ്പുറം ഒരു കലാമൂല്യം കൂടെ ഉള്ള സിനിമ ആയി നീലവെളിച്ചത്തെ അടയാളപ്പെടുത്തുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.