...
Home Entertainments കണ്ണൂർ സ്‌ക്വാഡ് 100കോടി ക്ലബ്ബിൽ; സന്തോഷം പങ്കുവെച്ച് മമ്മൂട്ടി കമ്പനി

കണ്ണൂർ സ്‌ക്വാഡ് 100കോടി ക്ലബ്ബിൽ; സന്തോഷം പങ്കുവെച്ച് മമ്മൂട്ടി കമ്പനി

ചിത്രത്തിന്റെ നിർമാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നൂറ് കോടി ക്ലബിൽ കയറിയ സന്തോഷം അറിയിച്ചത്.

178

സിനിമകൾ റിവ്യൂ ബോംബിങ്ങിന് ഇരയാകുന്നു എന്ന വലിയ ചർച്ചകൾ നടക്കുന്ന സമയമാണിത്. ഇതിനിടയിൽ സൈലന്റ് ആയി വന്ന് പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിച്ച മമ്മൂട്ടി നായകനായ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. കണ്ണൂർ എസ്.പിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന യഥാർത്ഥ കണ്ണൂർ സ്‌ക്വാഡിന്റെ കഥ തന്നെയാണ് ചിത്രം പറയുന്നത്. വലിയ പ്രമോഷനോ ബഹളമോ ഇല്ലാതെയാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്. തുടക്കം മുതൽ തന്നെ വലിയ പ്രേഷക പിന്തുണയാണ് ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റാണ് പുറത്ത് വരുന്നത്. ലോകവ്യാപകമായി 100 കോടി രൂപയുടെ ബിസിനസുമായി കണ്ണൂർ സ്‌ക്വാഡ് മുന്നേറുകയാണ് എന്നതാണ് വാർത്ത.

ചിത്രത്തിന്റെ നിർമാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നൂറ് കോടി ക്ലബിൽ കയറിയ സന്തോഷം അറിയിച്ചത്. ‘ഞങ്ങളുടെ കണ്ണൂർ സ്‌ക്വാഡ് ലോകമെമ്പാടുമുള്ള ബിസിനസിലൂടെ 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്! ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാർത്ഥ പ്രേരകശക്തിയായ നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക്, ഞങ്ങളുടെ അതിശയിപ്പിക്കുന്ന പ്രേക്ഷകർക്ക് ഹൃദയംഗമമായ നന്ദി.’ എന്നാണ് ചിത്രത്തിന്റെ നേട്ടത്തെ കുറിച്ച് മമ്മൂട്ടി കമ്പനി ഫേസ്ബുക്കിൽ കുറിച്ചത്.

റോബി വർഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. നടനും സംവിധായകന്റെ സഹോദരനും കൂടിയായ റോണി വർഗീസും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം കൂടിയായിരുന്നു കണ്ണൂർ സ്‌ക്വാഡ്. ദുൽഖറിന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്.

ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ആളുകൾ കണ്ണൂർ സ്‌ക്വാഡിനെക്കുറിച്ച് കൂടുതൽ മനസിലാകുന്നത്. യഥാർത്ഥ കണ്ണൂർ സ്‌ക്വാർഡിലെ പോലീസുകാരും അവർ അന്വേഷിച്ച കേസുകളും സിനിമയിൽ കാണിച്ച കേസും ചർച്ചയായിരുന്നു. മമ്മൂട്ടിക്കും തിരക്കഥാകൃത്ത് റോണിക്കുമൊപ്പം അസീസ്, കിഷോർ കുമാർ, വിജയരാഘവൻ, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ധ്രുവൻ, തുടങ്ങിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.