...
Home Voice കേരളത്തിൽ കൂർക്കം വലിച്ചുറങ്ങുന്നത് ജനാധിപത്യരാഷ്ട്രീയത്തിന്റെ പൗരബോധമാണ്

കേരളത്തിൽ കൂർക്കം വലിച്ചുറങ്ങുന്നത് ജനാധിപത്യരാഷ്ട്രീയത്തിന്റെ പൗരബോധമാണ്

കേരളീയർ നികുതികൊടുത്തു പോറ്റുന്ന ഒരു സാമൂഹ്യവിരുദ്ധ സംഘമായി കേരള പൊലീസ് അതിവേഗം മാറുകയാണ്. പൗരാവകാശവും ആത്മാഭിമാനവും ജനാധിപത്യത്തിൽ ഓരോ നിമിഷവും വിലപ്പെട്ട വാക്കുകളാണെന്ന് തിരിച്ചറിയാനും അതുറക്കെപ്പറയാനും കഴിയാത്ത ഒരു സമൂഹത്തെ വളരെ സൂക്ഷ്മമായി രൂപപ്പെടുത്തുന്ന പ്രക്രിയ കേരളത്തിൽ നടക്കുകയാണ്.

617

| പ്രമോദ് പുഴങ്കര

മോഷണക്കേസിലെ മോഷണമുതൽ അന്വേഷണസംഘത്തിലെ പൊലീസുകാരൻ മോഷ്ടിച്ച സംഭവത്തിലാണ് കുറ്റവാളിയായ പോലീസുകാരനെ ജോലിയിൽ തിരിച്ചെടുത്തതായി വാർത്ത! പിരിച്ചുവിടാൻ പാകത്തിൽ ഒരു കുറ്റമായി ഇത് പൊലീസ് വകുപ്പിന് തോന്നാത്തതിൽ അത്ഭുതമില്ല. കാരണം ഇതിനേക്കാളൊക്കെ വിദഗ്ധരായ കുറ്റവാളികളാണ് അതിൽ ഉയർന്ന ശമ്പളം വാങ്ങി ഇരിക്കുന്നത്.

വ്യാജ ആരോപണമുണ്ടാക്കി Custodial torture നടത്തിയ സംഭവത്തിൽ 18.5 ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകി ഹൈകോടതിയിലെ കേസ് ഒത്തുതീർപ്പാക്കിയ IPS ഉദ്യോഗസ്ഥ നിശാന്തിനിക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. അതായത് പൊലീസുകാർക്ക് ആരെ വേണമെങ്കിലും എന്തും ചെയ്യാം, മോഷ്ടിക്കാം, പീഡിപ്പിക്കാം, കൈക്കൂലി വാങ്ങാം, ഗുണ്ടാ -മാഫിയ സംഘങ്ങളുടെ പറ്റു പടി വാങ്ങാം അങ്ങനെയങ്ങനെ. ഒരു നടപടിയും അതിനെതിരെ ഉണ്ടാകില്ല. അങ്ങനെയാണ് കേരള പൊലീസിന്റെ മനോവീര്യം രാഷ്ട്രീയ നേതൃത്വം നിലനിർത്തുന്നത്.

അതായത് IPS ഉദ്യോഗസ്ഥർ വ്യാജ കേസുണ്ടാക്കി കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുന്ന, ഏത്തമിടുവിക്കുന്ന, മോഷണക്കേസ് അന്വേഷിക്കുന്ന പൊലീസുകാർ മോഷണമുതൽ കക്കുന്ന, ഗുണ്ടകളെ പിടികൂടാൻ പ്രത്യേക വാരാഘോഷമൊക്കെയുള്ള, ലൈംഗികാക്രമണ കേസുകളിലെ ഇരകളെ അധിക്ഷേപിക്കുന്ന, തെരുവിൽ പൗരന്മാരെ തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും കയ്യേറ്റം നടത്തുകയും ചെയ്യുന്ന ഒരു പൊലീസ് സേനയെയാണ് കേരളം മാതൃക സേനയായി ഉയർത്തിക്കാട്ടുന്നത്.

ഇത്തരത്തിലുള്ള എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും നേരിട്ടാലും താക്കീത് ജനങ്ങൾക്കാണ് : വിരട്ടൽ വേണ്ടെന്ന്, മുഷ്‌ക്കിന് വഴങ്ങില്ലെന്ന്! കുനിഞ്ഞുനിന്ന് ഇടിവാങ്ങുന്ന ജനം ഇടിക്കല്ലേ എന്ന് നിലവിളിക്കുന്നതാണ് വിരട്ടൽ, എന്തിനാണ് ഞങ്ങളെ ഇടിക്കുന്നത് എന്ന് ചോദിക്കുന്നതാണ് മുഷ്‌ക്! ഒരു ചോദ്യത്തിനും ആരും ഉത്തരം പറയില്ല. അത്തരത്തിലൊരു രാഷ്ട്രീയാധികാരക്രമം രൂപപ്പെടുത്തിയാൽപ്പിന്നെ ചോദ്യങ്ങൾ നല്ലനടപ്പിനുള്ള ജാമ്യമെടുത്ത് വീട്ടിൽപ്പോകും. അതാണ് സംഭവിക്കുന്നത്.

കേരളീയർ നികുതികൊടുത്തു പോറ്റുന്ന ഒരു സാമൂഹ്യവിരുദ്ധ സംഘമായി കേരള പൊലീസ് അതിവേഗം മാറുകയാണ്. പൗരാവകാശവും ആത്മാഭിമാനവും ജനാധിപത്യത്തിൽ ഓരോ നിമിഷവും വിലപ്പെട്ട വാക്കുകളാണെന്ന് തിരിച്ചറിയാനും അതുറക്കെപ്പറയാനും കഴിയാത്ത ഒരു സമൂഹത്തെ വളരെ സൂക്ഷ്മമായി രൂപപ്പെടുത്തുന്ന പ്രക്രിയ കേരളത്തിൽ നടക്കുകയാണ്. നിങ്ങളതറിയുന്നുണ്ടോ എന്നത് ഒരു മൗനത്തിന്റെ സൗകര്യത്തിന്റെ പ്രശ്നമല്ല, ഒരു സമൂഹത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ പ്രശ്നമാണ്. പൊലീസുകാരും കടന്നലുകളും ഉറങ്ങാത്ത കേരളത്തിൽ കൂർക്കം വലിച്ചുറങ്ങുന്നത് ജനാധിപത്യരാഷ്ട്രീയത്തിന്റെ പൗരബോധമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.