...
Home Entertainments മമ്മൂട്ടിയുടെ പദ്മശ്രീ കേരളത്തിന്റെ ക്രെഡിറ്റിൽ ഇല്ല; അംബേദ്കറിലൂടെ തമിഴ്നാട് നൽകിയ സമ്മാനം

മമ്മൂട്ടിയുടെ പദ്മശ്രീ കേരളത്തിന്റെ ക്രെഡിറ്റിൽ ഇല്ല; അംബേദ്കറിലൂടെ തമിഴ്നാട് നൽകിയ സമ്മാനം

കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തമിഴ്‌നാട് സര്‍ക്കാരാണ് മമ്മൂട്ടിയെ പദ്മശ്രീ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്.

222

ഇത്തവണത്തെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളം കാത്തിരുന്നത് മമ്മൂട്ടി ആ പട്ടികയില്‍ ഇടം പിടിക്കുമോ എന്നറിയാനായിരുന്നു. പദ്മഭൂഷണ്‍ പുരസ്‌കാരത്തിനായി ചലച്ചിത്ര മേഖലയില്‍ നിന്ന് കേരളം നല്‍കിയ ഏക പേര് മമ്മൂട്ടിയുടേതായിരുന്നു. എന്നിട്ടും പരിഗണിക്കപ്പെട്ടില്ല. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ച പദ്മശ്രീയില്‍ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടിയെന്ന് പ്രതിപക്ഷനേതാവായ വി. ഡി. സതീശന്‍ ഇതിനുപിന്നാലെ പറഞ്ഞിരുന്നു. എന്നാൽ അതിന് പിന്നില്‍ മറ്റൊരു ചരിത്രമുണ്ട്. 1998 ലാണ് മമ്മൂട്ടിയെ കേന്ദ്രസര്‍ക്കാര്‍ പദ്മശ്രീ നല്‍കി ആദരിക്കുന്നത്. എന്നാൽ അന്ന് മമ്മൂട്ടിക്ക് ലഭിച്ച ആ പദ്മശ്രീ കേരള സര്‍ക്കാരിന്റെ ക്രെഡിറ്റിൽ ഉള്ളതല്ല. അത് തമിഴ്നാട് സർക്കാരിന്റെ പ്രതിഫലം ആയിരുന്നു. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തമിഴ്‌നാട് സര്‍ക്കാരാണ് മമ്മൂട്ടിയെ പദ്മശ്രീ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്.

തമിഴ്നാട് സർക്കാരിന്റെ ശുപാർശയ്ക്ക് കാരണം ഡോക്ടര്‍ ബാബസാഹേബ് അംബേദ്ക്കര്‍ എന്ന ചിത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അംബേദ്ക്കറിസത്തിന് തമിഴക മണ്ണിലുള്ള സ്വീകാര്യത തന്നെയാണ് അതിനുള്ള കാരണവും. അംബേദ്ക്കറിലൂടെ ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം നേടിയ മമ്മൂട്ടിയെ മറ്റൊന്നും ചിന്തിക്കാതെ തമിഴകം പദ്മ പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യുകയായിരുന്നു. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയതുടര്‍ച്ചയില്‍ തമിഴ് സിനിമയില്‍ തലപൊക്കത്തില്‍ നിന്ന സമയത്തായിരുന്നു കരുണാനിധിയുടെ ഈ നീക്കം.

തമിഴകത്തിന്‌റെ രാഷ്ട്രീയവും തിരയുലകവും ഒരു പോലെ ചര്‍ച്ച ചെയ്ത ‘ഇരുവരില്‍’ കരുണാനിധിയാകാനുള്ള മണിരത്‌നത്തിന്റെ വാഗ്ദാനം മമ്മൂട്ടി നിരസിച്ചിരുന്നു. സെന്തമിഴ് വഴങ്ങില്ലെന്ന കാരണം പറഞ്ഞായിരുന്നു അന്ന് മമ്മൂട്ടിയുടെ പിന്‍മാറ്റമെങ്കിലും കരുണാനിധിയെ വെറുപ്പിക്കാനാകാത്തതാണ് ആ പിന്‍മാറ്റത്തിന് പിന്നിലെ കാരണമെന്ന് കരുതുന്നവരുമുണ്ട്. 90 കളില്‍ മമ്മൂട്ടി അഭിനയിച്ച് ഹിറ്റാക്കിയ പല സിനിമകള്‍ക്കും തമിഴില്‍ തിരക്കഥയെഴുതിയിരുന്നതും കരുണാനിധിയായിരുന്നു. കേരള സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ തിക്കുറിശിക്കും (1973) ഭരത് ഗോപിക്കും (1991) പദ്മശ്രീ ലഭിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ട് മമ്മൂട്ടിയെ ശുപാര്‍ശ ചെയ്തില്ലെന്ന ചോദ്യം അന്നേ ഉയർന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ കേരളം ശുപാര്‍ശ ചെയ്യുന്നതിന് മുന്‍പേ തമിഴ്‌നാട് മമ്മൂട്ടിയെ ശുപാര്‍ശ ചെയ്തത്കൊണ്ടാവാം ഇതിന് മുതിരാതിരുന്നത് എന്ന് കരുതപ്പെടുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.