...
Home Entertainments ഒരു നടന് അപ്പുറം ബ്രാൻഡായി മാറിയ മോഹൻലാലും അഭിനയദാഹം അവസാനിക്കാത്ത മമ്മൂട്ടിയും

ഒരു നടന് അപ്പുറം ബ്രാൻഡായി മാറിയ മോഹൻലാലും അഭിനയദാഹം അവസാനിക്കാത്ത മമ്മൂട്ടിയും

ഒരുകാലത്ത് മലയാളസിനിമയെ കാതങ്ങളനവധി മുന്നോട്ട് നയിച്ച അഭിനയദ്വയങ്ങളിൽ ഒരാൾ പാതിവഴിയിൽ നടനമത്സരമവസാനിപ്പിച്ച് കച്ചവടസിനിമകൾക്ക് പുറകെ മാത്രം സഞ്ചരിക്കുമ്പോൾ മറ്റേയാളെങ്കിലും അങ്ങനൊരു ചതിക്കുഴിയിൽ വീഴാതിരിക്കട്ടെ

347

| കിരൺ എആർ

ഇന്നലെ പുഴുവിന്റെ ടീസർ കണ്ടപ്പോ പെട്ടെന്ന് സ്കൂളിൽ പഠിക്കുന്ന കാലത്തെ മമ്മൂട്ടി-മോഹൻലാൽ ഫാൻ ഫൈറ്റുകളാണ് ഓർമവന്നത്. അന്ന് മോഹൻലാലിനെ ആരാധിച്ചിരുന്ന ഒരൊറ്റ കാരണം കൊണ്ട് എനിക്ക് മമ്മൂട്ടി അനഭിമതനായിരുന്നു. ഫ്ളക്സിബിളല്ലാത്ത, സെന്റിമെന്റ്സും ആക്ഷനുമല്ലാതെ കാര്യമായി മറ്റൊന്നും വഴങ്ങാത്ത, ഒരിക്കലും മോഹൻലാലിനോളം എത്താൻ സാധിക്കാത്ത ഒരഭിനേതാവായിരുന്നു. കാഴ്ചയും കയ്യൊപ്പും പാലേരിമാണിക്യവും ഒരേ കടലുമെല്ലാം കണ്ട് എന്തൊരു നടനമെന്ന് ഉള്ളിലാശ്ചര്യപ്പെടുമ്പോഴും അത് പുറത്തറിയിക്കാതെ, തന്മാത്രയിലെയും ഭ്രമരത്തിലെയും പ്രണയത്തിലെയും മോഹൻലാലിനോളം വരില്ലല്ലോ എന്നാശ്വസിക്കാനും തർക്കിക്കാനും കഴിയുമായിരുന്നു.

പക്ഷെ കഴിഞ്ഞ നാലഞ്ചു വർഷമായി മോഹൻലാലെന്ന നടൻ താരമെന്ന ബ്രാൻഡിനും മാർക്കറ്റിനും മുന്നിൽ തോറ്റുകൊണ്ടേയിരിക്കുന്നു. അയാളിലെ അഭിനയപ്രതിഭയെ പരീക്ഷിക്കുന്ന ഒരു പ്രോജക്ട് പോലും അടുത്തകാലത്തേക്ക് അണിയറയിലില്ലെന്ന നിരാശ പടരുന്നു. ഒരിക്കൽ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്ന അതേ കണ്ണുകളും പേശീചലനങ്ങളും ഒടിയന് ശേഷമുള്ള ചിത്രങ്ങളിലത്രയും കടുത്ത മരവിപ്പ് മാത്രം സമ്മാനിക്കുന്നു. മരയ്ക്കാറിലെ ചില രംഗങ്ങൾ കണ്ടിട്ട് “ഇതെന്തൊരു മോശമായിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നതെന്ന്” പറയേണ്ടിവരുന്നു.

ഇപ്പുറത്ത് മാർക്കറ്റും ബോക്സോഫീസും കോടികളുടെ കിലുക്കവുമൊന്നും മോഹൻലാലിനോളം അവകാശപ്പെടാനില്ലെങ്കിലും, താരമെന്ന നിലയിൽ മോഹൻലാലിനോളം ബ്രാൻഡ് വാല്യൂ ഒരിക്കലുമെത്തിപ്പിടിക്കാനാവില്ലെങ്കിലും, മമ്മൂട്ടിയിലെ നടന്റെ ആർത്തി ഒരിക്കലുമവസാനിച്ചിട്ടില്ല. രഞ്ജിത്തിനോടും അടൂരിനോടും എംടിയോടും അങ്ങോട്ടുകയറി നല്ല റോളുകൾ ചോദിച്ചുവാങ്ങുന്ന അതേ അഭിനയദാഹം അയാളിലിപ്പോഴും അവശേഷിക്കുന്നുണ്ട്. പേരൻമ്പും ഉണ്ടയും ഇപ്പോഴിറങ്ങുന്ന പുഴുവും ഇനി വരാനിരിക്കുന്ന ലിജോ ചിത്രവുമടക്കം തന്നിലെ അഭിനേതാവിനെ തൃപ്തിപ്പെടുത്തുന്ന, പ്രേക്ഷകനെ മമ്മൂട്ടി മാജിക്ക് അനുഭവിപ്പിക്കുന്ന സിനിമകൾ ചെയ്യാൻ വല്ലപ്പോഴുമെങ്കിലും അയാൾ ശ്രമിക്കുന്നുണ്ട്.

പുതിയ എഴുത്തുകാരെയും പുതിയ കഥകളെയും കേൾക്കാനും പുതിയ കാലത്തെ സിനിമകളിലേക്ക് തന്റെ അഭിനയത്തിന്റെ മീറ്റർ പറിച്ചുനടാനും അയാൾ തയ്യാറാകുന്നുമുണ്ട്. എഴുപതുകളിലേക്ക് കടക്കുമ്പോൾ കുറേക്കൂടി ആഴവും പരപ്പുമുള്ള പലവിധ മാനങ്ങളുള്ള കഥാപാത്രങ്ങളിലേക്ക് ഇനിയുമിനിയും ഇറങ്ങിച്ചെല്ലാൻ, അഭിനയത്തോട് കാണിക്കുന്ന അർപ്പണബോധവും അഭിനിവേശവും മരണം വരെ കൈമോശം വരാതെ കാക്കാൻ അയാൾക്ക് കഴിയുമായിരിക്കും.

ഒരുകാലത്ത് മലയാളസിനിമയെ കാതങ്ങളനവധി മുന്നോട്ട് നയിച്ച അഭിനയദ്വയങ്ങളിൽ ഒരാൾ പാതിവഴിയിൽ നടനമത്സരമവസാനിപ്പിച്ച് കച്ചവടസിനിമകൾക്ക് പുറകെ മാത്രം സഞ്ചരിക്കുമ്പോൾ മറ്റേയാളെങ്കിലും അങ്ങനൊരു ചതിക്കുഴിയിൽ വീഴാതിരിക്കട്ടെ. നല്ല കഥാപാത്രങ്ങൾ കിട്ടാൻ കാണിക്കുന്ന ഈ ആർത്തിയും അരനൂറ്റാണ്ടായി കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന ഈ അഭിനയസിദ്ധിയും ഒരിക്കലുമൊരിക്കലും വറ്റിപ്പോകാതിരിക്കട്ടെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.