നടപ്പ് കലണ്ടര്‍ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ അന്താരാഷ്ട്ര തലത്തിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളറായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. പാകിസ്ഥാന്റെ പ്രമുഖ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ മറികടന്നാണ് അശ്വന്റെഈ നേട്ടം.
ഷഹീന്‍ അഫ്രീദിയെ പിന്തള്ളി 41 വിക്കറ്റുകളുമായി അശ്വിന്‍ പട്ടികയില്‍ ഒന്നാമതെത്തി. ഇന്ത്യ- ന്യൂസിലന്‍ഡ് കാണ്‍പൂരില്‍ ടെസ്റ്റില്‍, വില്‍ യങ്ങിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് അശ്വിന്‍ നേട്ടം സ്വന്തമാക്കിയത്.
ആ മത്സരത്തിൽ യങ്ങിനെ 89 റണ്‍സിന് പുറത്താക്കിയ അശ്വിന്‍ 151 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടും തകര്‍ക്കുകയുണ്ടായി. പിന്നീട് മൂന്നാം ദിവസത്തെ അവസാന സെഷനില്‍ കൈല്‍ ജാമിസണെ പുറത്താക്കിയതോടെ, ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ പാകിസ്ഥാന്റെ തന്നെ, വസീം അക്രത്തിന്റെ 414 വിക്കറ്റ് നേട്ടവും അശ്വിന്‍ അനായാസം മറികടന്നു. 80 മത്സരങ്ങളില്‍ നിന്നായി അശ്വിന്‍ 415 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
2011 ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ച അശ്വിന്‍ തന്റെ ടെസ്റ്റ് കരിയറില്‍ ഇതുവരെ 30 വട്ടം അഞ്ച് വിക്കറ്റ് നേട്ടവും 7 പ്രാവശ്യം പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.



