...
Home Entertainments ഏതൊരു സിനിമയും കാണുന്നവരുടെ കാഴ്ചയ്ക്ക് അനുസരിച്ച് വിവിധ രൂപവും ഭാവവും കൈവരിക്കും

ഏതൊരു സിനിമയും കാണുന്നവരുടെ കാഴ്ചയ്ക്ക് അനുസരിച്ച് വിവിധ രൂപവും ഭാവവും കൈവരിക്കും

ഏതെങ്കിലും ഒരു സിനിമ ഇഷ്ടപ്പെടുന്നത് കൊണ്ട് ഒരു മനുഷ്യൻ 'ബുദ്ധിജീവി' ആവുന്നതെങ്ങനെയാണ് എന്നറിയില്ല.

673

| ശില്പ നിരവിൽപ്പുഴ

ഏതൊരു സിനിമയും കാണുന്നവരുടെ കാഴ്ചക്കനുസരിച്ചു വിവിധ രൂപവും ഭാവവും കൈവരിക്കും. ഞാൻ കണ്ട രീതിയിൽ തന്നെയാണ് എനിക്ക് ചുറ്റുമുള്ളവരൊക്കെ കാണേണ്ടതെന്നും ഞാൻ വായിച്ചത് ശരിയും മറ്റുള്ളതൊക്കെ തെറ്റുമെന്നും സിനിമയെ കുറിച്ചടിവരയിടുന്നത് പോലെ മണ്ടത്തരം മറ്റൊന്നില്ല.
ഒരു സിനിമ ഒരാളിഷ്ടപ്പെടുന്നതിന് പിന്നിൽ അയാൾക്ക് മാത്രം മനസിലാക്കാനാവുന്ന, മറ്റൊരാളെയും ബോധിപ്പിക്കേണ്ടതിന്റെ ബാധ്യത യാതൊന്നുമില്ലാത്ത ഒരുപാട് കാരണങ്ങളുണ്ടാവാം.

അത് പോലെ തന്നെ സിനിമ ഇഷ്ടപ്പെടാതെ പോവുന്നതിന്റെയും. ചുറ്റുമുള്ള എല്ലാ മനുഷ്യരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒരു സിനിമയിറക്കാൻ ആരെക്കൊണ്ടും കഴിയുമെന്ന് കരുതുന്നില്ല. ഇനി ഏതെങ്കിലും ഒരു സിനിമ ഇഷ്ടപ്പെടുന്നത് കൊണ്ട് ഒരു മനുഷ്യൻ ‘ബുദ്ധിജീവി’ ആവുന്നതെങ്ങനെയാണ് എന്നറിയില്ല. ഒരു സിനിമ ഇഷ്ടപ്പെടാതെ പോവുന്നത് കൊണ്ട് അയാളുടെ ബൗദ്ധിക നിലവാരം കുറഞ്ഞു പോവുന്നതെങ്ങനെയുമെന്നും അറിയില്ല. ഒരു സിനിമയുടെ പേരിലൊക്കെ പരസ്പരം ചാപ്പയടിക്കുന്നത് ഏറെക്കുറെ ട്രെൻഡ് ആയി മാറിയിട്ടുണ്ട്.

കഥയോ കവിതയോ സിനിമയോ എന്തുമാവട്ടെ., ഓരോ കാലത്തിനുമനുസരിച്ചവയോടുള്ള സമീപനം ജീവിതത്തിൽ മാറിയിട്ടുണ്ട്. കഥ പറച്ചിലാണ് സിനിമ എന്നൊരു കാലം വരെയും വിശ്വസിച്ചിരുന്നു. എന്ത് മോശം സിനിമയാണ്, ഇതിലൊരു നല്ല ‘കഥ’ പോലുമില്ല എന്ന് പണ്ടൊക്കെ പറയാറുണ്ടായിരുന്നു. നിശബ്ദമായി തുടക്കം മുതലവസാനം വരെ കൊണ്ടുപോവുന്ന സിനിമകളെ ‘അവാർഡ്’ സിനിമ പോലെ എന്ന് പണ്ടൊക്കെ കളിയാക്കാറുണ്ടായിരുന്നു. എന്നാൽ ഇന്നങ്ങനെയല്ല സിനിമ കാണാറുള്ളത്.

സിനിമക്ക് കഥ പോയിട്ട് ചെറിയൊരു നുറുങ്ങുകവിതയുടെ വലിപ്പം പോലുമാവശ്യമില്ല, അതൊരു ചെറിയ കാഴ്ച മാത്രമാവാം എന്നെത്രയോ നല്ല സിനിമകൾ കാണിച്ചുതന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇന്ന് (നാളെ മാറുമായിരിക്കാം) കൂടുതൽ ചിന്തിക്കാനും വായിക്കാനും അവസരമൊരുക്കുന്ന, ബഹുഭൂരിപക്ഷം മനുഷ്യരും പറഞ്ഞുവക്കുന്ന ഇടങ്ങളിൽ നിന്ന് വിട്ടുമാറി എന്ന് തോന്നിപ്പിക്കും വിധം അതേ വിഷയങ്ങളൊക്കെ തന്നെ പുതിയ രീതിയിൽ അവതരിപ്പിക്കുന്ന സിനിമകൾ നല്ല സിനിമകളാണ്. ഒറ്റപ്പെടുമെന്ന് ചെറുതല്ലാത്ത മനോവിഷമം ഉണ്ടെങ്കിലും പറയാതെ വയ്യ, ചുരുളി ഇഷ്ടപ്പെട്ടു. കൂടുതൽ മനസിലാക്കാനും കൂടുതൽ കണ്ടെത്താനും കൂടുതൽ ചർച്ച ചെയ്യാനും പ്രേരിപ്പിക്കുന്നവയൊക്കെ പ്രിയപ്പെട്ടതാവാറുണ്ട്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.