...
Home Entertainments ഒരു തെക്കന്‍ തല്ല് കേസ്; അതി ഗംഭീരമായ സിനിമാറ്റിക് അനുഭവം

ഒരു തെക്കന്‍ തല്ല് കേസ്; അതി ഗംഭീരമായ സിനിമാറ്റിക് അനുഭവം

ഒരു ഗ്രാമീണ സിനിമയുടെ ഹൈ ലൈറ്റ് അതിന്റെ ഭൂമിശാസ്ത്രമാണ്. അതിന്റെ ദൃശ്യവത്ക്കരണമാണ്. മധു നീലകണ്ഠന്റെ ക്യാമറ അത് സാക്ഷാത്ക്കരിക്കുന്നതില്‍ 100% വിജയിച്ചിരിക്കുന്നു.

233

| സാജു ഗംഗാധരൻ

ഒരു തെക്കന്‍ തല്ല് കേസ്, അതി ഗംഭീരമായ സിനിമാറ്റിക് അനുഭവം. ത്രില്ലര്‍, മെലോഡ്രാമ, റൊമാന്‍സ്, സ്റ്റണ്ട്സ്. 70, 80 കാലത്ത് കറുപ്പിലും വെളുപ്പിലും പിന്നെ ഈസ്റ്റ് മാന്‍ കളറിലും, അത് കഴിഞ്ഞു കളറിന്റെ തുടക്ക കാലത്തും കഥ പറഞ്ഞ ഭൂമികയിലൂടെ വീണ്ടും.. തെക്കന്‍ തിരുവിതാംകൂര്‍. (ഇതിന് ശേഷമല്ലേ സിനിമ വള്ളുവനാട്ടേക്കും കൊടൈക്കനാലിലേക്കും വെച്ചു പിടിച്ചത്)

ചിത്തിരത്തോണിയിൽ അക്കരെ പോകാൻ
എത്തിടാമോ പെണ്ണേ..
ചിറയിൻകീഴിലെ പെണ്ണേ
ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ..
പൂവച്ചല്‍ ഖാദറിന്റെ ഈ വരികള്‍ പണ്ട് കേള്‍ക്കുമ്പോള്‍ ചിറയിന്‍കീഴിലെ പെണ്ണിനെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാറില്ലായിരുന്നു… അമ്മിണിപ്പിള്ളയുടെ ഭാര്യ രുഗ്മിണിയായി പത്മപ്രിയ അവതരിച്ചപ്പോള്‍ പഴയ ചിറയിന്‍കീഴിലെ പെണ്ണ് ഇവള്‍ തന്നേ എന്നു തോന്നിപ്പോയി.. കളിച്ചെല്ലമ്മയിലെ ഷീലയെ മറന്നതല്ല കേട്ടോ. ബിജു മേനോനെ പറ്റി എന്തു പറയാന്‍. അസാധ്യ പെര്‍ഫോമര്‍ ആണ് ഈ നടന്‍. പ്രത്യേകിച്ചും ഇതുപോലുള്ള പ്രതിനായകത്വത്തിന്റെ അരികിലൂടെ പോകുന്ന നായക കഥാപാത്രങ്ങളില്‍.

റോഷനും നിമിഷയും.. ഭദ്രം.. എനിക്കിഷ്ടം തോന്നിയ മറ്റൊരു കഥാപാത്രം കാട്ടില്‍ നിന്നും മുള്ളന്‍ പന്നിയെയും രാജ വെമ്പാലയെയും അഞ്ചുതെങ്ങ് കടല്‍ക്കരയിലേക്ക് എത്തിക്കുന്ന ആ അരവട്ടനാണ്.. തല്ല് കേസിന്റെ ഫോക് ലോറിസ്റ്റിക് കഥപറച്ചിലിന്റെ അലങ്കാരമാണ് അയാള്‍. ഒരു ഗ്രാമീണ സിനിമയുടെ ഹൈ ലൈറ്റ് അതിന്റെ ഭൂമിശാസ്ത്രമാണ്. അതിന്റെ ദൃശ്യവത്ക്കരണമാണ്. മധു നീലകണ്ഠന്റെ ക്യാമറ അത് സാക്ഷാത്ക്കരിക്കുന്നതില്‍ 100% വിജയിച്ചിരിക്കുന്നു. കഴിഞ്ഞ പത്തു പന്ത്രണ്ടു വര്‍ഷമായി സുഹൃത്ത് മനോജ് കണ്ണോത്തിനെ കാണുകയാണ്. ഭാവിയില്‍ കണക്കെടുക്കുമ്പോള്‍ മനോജിന്റെ മികച്ച സിനിമകളില്‍ മുന്നില്‍ തല്ല് കേസ് ഉണ്ടാകും..തീര്‍ച്ച.

കഥ എഴുത്തിലെ സൂപ്പര്‍ സ്റ്റാറാണ് ഇന്ദുഗോപന്‍. എങ്ങനെയാണ് ഇത്രയേറെ വ്യത്യസ്തങ്ങളായ സ്ഥല കാലങ്ങളിലൂടെ ഇന്ദുഗോപന്‍ കഥയെ കൊണ്ടുപോകുന്നതെന്ന് അയാളുടെ കഥകള്‍ വായിക്കുമ്പോള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ആ കഥ സിനിമയിലൂടെ കാണുമ്പോള്‍ അത്ഭുതം ഇരട്ടിക്കുകയല്ലാതെ കുറയുന്നില്ല. സംവിധായകന്‍ ശ്രീജിത്തില്‍ നിന്നും ഇനിയും പ്രതീക്ഷിക്കാം എന്ന ഉറപ്പ് തരുന്നു തല്ല് കേസ്…അപ്പോ ശരി… ഇ എം എസ്, എ കെ ജി സുന്ദരയ്യ സിന്ദാബാദ്.. (കാലത്തെ എത്ര ഗംഭീരമായാണ് ഈ ഒറ്റ മുദ്രാവാക്യത്തിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നത്!)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.