| അനു ദേവസ്യ
കാഴ്ചകളുടെ നിറവസന്തം തീർത്താണ് ഇടുക്കി എന്നും വിനോദസഞ്ചാരികൾക്ക് പ്രിയങ്കരിയാവുന്നത്. മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ജില്ലയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മലനിരകളും കോടയും വിസ്മയം ഒരുക്കുന്ന നിരവധി സ്ഥലങ്ങൾ… കോടമഞ്ഞിൽ കുളിച്ചുണരുന്ന പാഞ്ചാലിമേട് സഞ്ചാരികൾക്കെന്നും പ്രിയങ്കരിയാണ്. പുലർകാലം പ്രകൃതിയുടെ ചാരുത മൂടൽമഞ്ഞിന്റെ ആവരണത്തിൽ ലയിക്കുന്ന ഒരു മാസ്മരിക രംഗം സമ്മാനിക്കുന്നു.
ഐതിഹ്യങ്ങളുടെ നാട്….
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാഞ്ചാലിമേട് പേരിൽ തന്നെ കഥകളും ഐതിഹ്യവും കൊണ്ടുനടക്കുന്നു. പുരാണത്തിലെ പാഞ്ചാലിയും പാണ്ഡവരുമായി ബന്ധപ്പെട്ടതാണ് ഈ ഐതിഹ്യം. വനവാസക്കാലത്ത് പാണ്ഡവർ തങ്ങളുടെ ഭാര്യയായ പാഞ്ചാലിക്കൊപ്പം ഇവിടെ എത്തിയെന്നും ഏറെ നാൾ ഇവിടെ താമസിച്ചുവെന്നുമാണ് ഐതിഹ്യം. ഈ ഐതിഹ്യമാണ് പാഞ്ചാലിമേട് എന്ന പേരിന് പിന്നിലും. പാഞ്ചാലിയുടെയും പാണ്ഡവരുടെയും വനവാസകാലത്തെ സാധൂകരിക്കുന്ന നിരവധി കാഴ്ചകളും പാഞ്ചാലിമേട്ടിലുണ്ട്.
പാഞ്ചാലിക്കുളം, ആനക്കല്ല്, അടുപ്പുകല്ലുകൾ എന്നിങ്ങനെ പാണ്ഡവരുടെയും പാഞ്ചാലിയുടെയും വനവാസക്കാലത്തെ ബന്ധപ്പെടുത്തുന്ന അനവധി കാഴ്ചകളാണ് ഇവിടെ ഉള്ളത്. പാണ്ഡവർ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച കല്ലുകളാണ് അടുപ്പു കല്ലുകൾ എന്നറിയപ്പെടുന്നത്. പാഞ്ചാലിക്ക് കുളിക്കുവാനായി ഭീമൻ നിർമ്മിച്ച കുളമാണ് പാഞ്ചാലിക്കുളം. തന്നെ ഉപദ്രവിക്കുവാനായി ഓടിയെത്തിയ ഒരാനയെ പാഞ്ചാലി ശപിച്ച് കല്ലാക്കി മാറ്റിയതാണ് ആനക്കല്ല്. സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ അതിമനോഹരമായി ഇവയെ പരിപാലിക്കുമായാണ് ഡി ടി പി സി.
വികസന പാതയിൽ പാഞ്ചാലിമേട്
കോടമഞ്ഞുള്ള പുൽമേടുകളിൽ ഇരുന്ന് വിശ്രമിക്കുകയും പ്രകൃതിരമണീയത ആവോളം ആസ്വദിക്കുകയും ചെയ്യാമെന്നതാണ് സഞ്ചാരികളെ പാഞ്ചാലിമേട്ടിലേക്ക് ആകർഷിക്കുന്നത്. പാറകൾ പാകിയ നടപ്പാത സ്വീകരണം ഒരുക്കുന്നു. മലമുകളിലേക്കുള്ള വഴിയിൽ ധാരാളം ഇരിപ്പിടങ്ങളും വശങ്ങളിൽ കല്മണ്ഡപങ്ങളും കാണാം.
അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം മനസിലാക്കി പരിഹാരമായി വിനോദസഞ്ചാരവകുപ്പ് പാഞ്ചാലിമേട് ഏറ്റെടുക്കുകയും 2018 ല്‍ വികസനപ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, റെയിന്‍ ഷെല്‍ട്ടറുകള്‍, അമിനിറ്റി സെന്റര്‍, നടപ്പാത, കഫറ്റീരിയ, സോളാര്‍ വിളക്കുകൾ, ഇരിപ്പിടങ്ങൾ, ഏറുമാടം, ടോയ്‌ലറ്റ് സംവിധാനം, എന്നിവയുടെ നിർമാണം പൂർത്തീകരിച്ചതോടെ പാഞ്ചാലിമേടിൻെറ മുഖച്ഛായ മാറി സഞ്ചാരസൗഹൃദമായി മാറി. ടോയ്‌ലറ്റ്, കഫറ്റീരിയ എന്നിവ ഭിന്നശേഷി സൗഹൃദമായി കൂടിയാണ് ഒരുക്കിയിട്ടുള്ളത്.
2020 സെപ്റ്റംബറിലാണ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പാഞ്ചാലിക്കുളം നവീകരണം, ചെക്ക് ഡാം നിര്‍മാണം, അഡ്വഞ്ചര്‍ സോണ്‍ എന്നിവയാണ് രണ്ടാംഘട്ടത്തിൽ നിർമാണം പൂർത്തീകരണത്തിൽ എത്തിനിൽക്കുന്നത്. മൂന്നാം ഘട്ടത്തിൽ മഹാഭാരത ഗ്രന്ഥത്തിലെ മൂന്നാമത്തെ അദ്ധ്യായമായ ആരണ്യ പർവ്വത്തെ അടിസ്ഥാനമാക്കി പാഞ്ചാലിക്കുളത്തിൽ നിന്നും കല്യാണ സൗഗന്ധികവുമായി കുളിച്ചു കയറിവരുന്ന പാഞ്ചാലിയുടെയും പഞ്ചപാണ്ഡവരുടെയും പ്രതിമകൾ നിർമ്മിക്കും.

മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം
മകരസംക്രാന്തി ഉത്സവ വേളയിൽ, മകരജ്യോതി ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് പാഞ്ചാലിമേട്ടിൽ എത്താറുള്ളത്. പാഞ്ചാലിമേട്ടിലെ ഒരു കുന്നില്‍ സ്ഥിതി ചെയ്യുന്ന ശ്രീഭുവനേശ്വരി ക്ഷേത്രവും മറുകുന്നിൽ സ്ഥിതി ചെയ്യുന്ന കുരിശുമലയും മതസൗഹാര്‍ദ്ദത്തിന്റെ സാക്ഷ്യമായി മാറുന്നു.
എങ്ങനെ പാഞ്ചാലിമേട്ടിലേക്ക് വരാം
ഇടുക്കി ജില്ലയിൽ കുട്ടിക്കാനത്തിന് അടുത്തായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയം – കുമളി പാതയിലെ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നും വരുമ്പോൾ, മുണ്ടക്കയം-തെക്കേമല വഴിയും ഇടുക്കി ഭാഗത്തു നിന്നു വരുമ്പോൾ കുട്ടിക്കാനത്തുനിന്നും വരാം. കോട്ടയത്തു നിന്നും 60 കിലോമീറ്ററും കുട്ടിക്കാനത്തു നിന്നു പത്തു കിലോമീറ്ററുമാണ് ദൂരം.
എത്ര നേരം ചിലവഴിച്ചാലും മടുക്കാത്ത കാഴ്ചകളാണ് പാഞ്ചാലിമേട് സമ്മാനിക്കുന്നത്. സൂര്യോദയം കാണുവാൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്. ഉച്ചസമയത്ത് വെയിൽ ഉണ്ടെങ്കിലും അവിചാരിതമായി കോട മഞ്ഞ് നിറയും. വൈകുന്നേരം നാലു മണിയോടു കൂടി സായാഹ്ന കാഴ്ചകൾക്കായി എത്തുന്ന സഞ്ചാരികളും നിരവധിയാണ്. രാവിലെ 6.00 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രവേശന സമയം.



