...
Home Entertainments ബ്രാഹ്മണിക്കൽ ആജ്ഞകളെ ഒന്നുകൂടെ ഓർമ്മപ്പെടുത്തുന്ന അറുപിന്തിരിപ്പൻ ചാണകപ്പുഴു

ബ്രാഹ്മണിക്കൽ ആജ്ഞകളെ ഒന്നുകൂടെ ഓർമ്മപ്പെടുത്തുന്ന അറുപിന്തിരിപ്പൻ ചാണകപ്പുഴു

എന്തുകൊണ്ടാണ് ഒരു പിന്നോക്കക്കാരൻ ഇല്ലങ്ങളുടെ അകത്തളങ്ങളിൽ നെഞ്ചുവിരിച്ചു നടന്ന് പുറത്തിറങ്ങിയാലുടൻ കൊല്ലപ്പെടേണ്ടവൻ ആവേണ്ടത് ? അതിജീവിച്ച പിന്നോക്ക ജനവിഭാഗങ്ങളുടെ കഥയും ചരിത്രവും ഇമ്മാതിരി പടപ്പുകൾ ഉണ്ടാക്കുന്നവരെ ഭയപ്പെടുത്തുന്നതുകൊണ്ടുതന്നെയാണത് .

336

| സുനിൽ മാലൂർ

മുന്നോക്കക്കാരന്റെ വേലിക്കെട്ടിനുള്ളിൽ പുരനിറഞ്ഞുനിൽക്കുന്നതൊരു രണ്ടാംകെട്ടുകാരിയാണെങ്കിലും ആ പരിസരത്തുപോലും കേറി തീണ്ടാൻ നിൽക്കരുതെന്ന ബ്രാഹ്മണിക്കൽ ആജ്ഞകളെ ഒന്നുടെ ഓർമ്മപ്പെടുത്തുന്ന അറുപിന്തിരിപ്പൻ ചാണകപ്പുഴു മാത്രമാണ് സോഷ്യൽ മീഡിയയിൽ ചിലർ ആഘോഷിക്കുന്ന പുഴു എന്ന സിനിമ .സിനിമയുടെ തുടക്കത്തിൽ തന്നെ കുട്ടപ്പനെ കെട്ടിയ (ശ്രീനിവാസൻ സിനിമയിലെ മീനയെപ്പോലെ നടിക്കുന്ന )പാർവതിയെ രണ്ടാംകെട്ടാണെന്ന് സൂചിപ്പിക്കുമ്പോൾ മുതൽ വരേണ്യ / ജാതിബോധ ചോദ്യങ്ങളിൽ നിന്ന് ജാമ്യമെടുത്തുകൊണ്ടാണ് സിനിമയുടെ സംവിധായിക രജനികാന്തിന്റെ അധോലോക സിനിമയിൽ നീലം വാരിയെറിയുന്നതുകണ്ട് ഐക്യപ്പെട്ട ബുദ്ധിജീവികളുടെയും അവരുടെ അണികളുടെയും ഇടയിൽ ജാതീയതക്കെതിരെയെന്തോ തള്ളിമറിക്കുമെന്ന പ്രതീതി സൃഷ്ടിച്ച് സിനിമ മാർക്കറ്റ് ചെയ്യാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് .

എന്തുകൊണ്ടാണ് ഒരു പിന്നോക്കക്കാരൻ ഇല്ലങ്ങളുടെ അകത്തളങ്ങളിൽ നെഞ്ചുവിരിച്ചു നടന്ന് പുറത്തിറങ്ങിയാലുടൻ കൊല്ലപ്പെടേണ്ടവൻ ആവേണ്ടത് ? അതിജീവിച്ച പിന്നോക്ക ജനവിഭാഗങ്ങളുടെ കഥയും ചരിത്രവും ഇമ്മാതിരി പടപ്പുകൾ ഉണ്ടാക്കുന്നവരെ ഭയപ്പെടുത്തുന്നതുകൊണ്ടുതന്നെയാണത് . കലയിൽ അടയാളപ്പെടുത്തിയവനും അംഗീകരിക്കപ്പെട്ടവൻ ആണെങ്കിൽ പോലും ദാനം കിട്ടുന്ന സമ്പന്ന ഫ്ളാറ്റിലേ ഏതാനും മാസത്തേക്ക്താമസിക്കാവൂ എന്ന സ്ക്രിപ്റ്റിൽ പോലും ഭരണഘടന എഴുതിയ അംബേദ്‌കർ മുതൽ കെ ആർ നാരായണൻ തുടങ്ങി നിരവധി അടയാളപ്പെടുത്തലുകളെ റദ്ദുചെയ്യുന്ന കഥാപരിസരവും ദുഷ്ടലാക്കുള്ളതാണ് .ജാതിക്കോലങ്ങളും ദുരഭിമാന കൊലകളും നാട്ടിലത്ര നടക്കാത്ത കാര്യമൊന്നുമല്ലെങ്കിലും അത് കാട്ടി നിങ്ങൾ ഭയപ്പെടുത്തുന്നതാരെയാണ് ?

നായികയ്ക്കും വില്ലനായ മമ്മൂട്ടിക്കും കൊടുക്കുന്ന വല്ലാത്ത ബിൽഡപ്പിനിടക്ക് അരങ്ങിൽ ഒഴികെ , ജീവിതത്തിൽ പതിഞ്ഞ ഭാഷയിൽ സംസാരിക്കുന്ന കുട്ടപ്പന്റെ വായിൽ നിങ്ങൾ തിരുകിവെച്ച ആ ഡയലോഗ് റോബോട്ടുകൾ ലോകം കീഴടക്കിയാലും ജാതി ഇവിടെ കാണുമെന്നുള്ള ആ സൂചന സിനിമ പ്രേക്ഷകനായ പിന്നോക്കക്കാരനുനൽകിയ താക്കീതാണെന്നു തിരിച്ചറിയാതെ ദേ പുരോഗമനം വന്നേ എന്ന് ഫാൻസ്‌ ഷോ നടത്തിയ ഒരു പറ്റം മലയാളികളെ പറ്റിക്കാനായി എന്ന് ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ആശ്വസിക്കാമെന്നത് വലിയ നേട്ടമാണ് .

നിരപരാധികളെ തീവ്രവാദികളാക്കുന്ന വിചിത്ര സ്വഭാവമുള്ള ഒരു പോലീസുകാരന്റെ മാനസികാവസ്ഥയുടെ കുഴപ്പം മാത്രമാണ് സ്വന്തം സഹോദരിയെ പോലും കൊലക്കു കൊടുക്കുന്ന ഈ ജാതി കുത്തലെന്നും നാലുകെട്ടിനുള്ളിലെ നിശബ്ദരായി പോകുന്ന കുറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സിനിമക്ക് വേറൊരു അധികാര പൂജയുടെ വ്യാഖ്യാനവും സംവിധായിക സൃഷ്ടിക്കുന്നുണ്ട് .നിരപരാധി എന്നുകരുതുന്ന മുസ്ലിം പിതാവിന്റെ, കൊന്നുപകവീട്ടുന്ന മുസ്ലിം പുത്രനൊക്കെ ലവനതു വരണമെന്നു സീരിയൽ കാണുന്ന ഇച്ചേയിമാരെക്കൊണ്ട് പറയിപ്പിക്കുമെങ്കിലും അതിന്റെ സൂക്ഷ്മാർത്ഥത്തിലെ തീവ്ര ഹൈന്ദവബോധം അങ്ങേയറ്റം അപകടം കൂടിയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.