...
Home Sports ഇന്ത്യൻ ബാഡ്മിന്റൺ രംഗത്ത് പുതിയൊരു സെൻസേഷൻ; ചൈനയുടെ മുൻ ഒളിമ്പിക് ചാമ്പ്യനെ പരാജയപ്പെടുത്തി19 കാരിയായ രക്ഷിത...

ഇന്ത്യൻ ബാഡ്മിന്റൺ രംഗത്ത് പുതിയൊരു സെൻസേഷൻ; ചൈനയുടെ മുൻ ഒളിമ്പിക് ചാമ്പ്യനെ പരാജയപ്പെടുത്തി19 കാരിയായ രക്ഷിത രാംരാജ്

രണ്ടാം ഗെയിമിൽ ചെൻ യൂഫി ശക്തമായി തിരിച്ചെത്തിയെങ്കിലും രക്ഷിത പതറിയില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 24-22ന് ഗെയിം സ്വന്തമാക്കി മത്സരം അവസാനിപ്പിച്ചു.

33

ഇന്ത്യൻ ബാഡ്മിന്റണിൽ വിസ്മയമായി 19കാരി രക്ഷിത രാംരാജ്. ഹോങ്കോംഗ് ഓപ്പൺ 2026 സൂപ്പർ 500 ടൂർണമെന്റിൽ മുൻ ഒളിമ്പിക് ചാമ്പ്യനും ചൈനീസ് താരവുമായ ചെൻ യൂഫിയെ പരാജയപ്പെടുത്തി രക്ഷിത ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടന്ന വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. സ്കോർ: 21-18, 24-22.

ലോക ബാഡ്മിന്റണിലെ പ്രമുഖ താരങ്ങളിലൊരാളായ ചെൻ യൂഫിക്കെതിരെ തുടക്കം മുതൽ ആക്രമണോത്സുകമായ പ്രകടനമാണ് രക്ഷിത പുറത്തെടുത്തത്. മികച്ച ഓവർഹെഡ് ഷോട്ടുകളും വേഗമേറിയ ആക്രമണങ്ങളുംകൊണ്ട് ചൈനീസ് താരത്തെ സമ്മർദത്തിലാക്കിയ ഇന്ത്യൻ താരം ആദ്യ ഗെയിം 21-18ന് സ്വന്തമാക്കി.

രണ്ടാം ഗെയിമിൽ ചെൻ യൂഫി ശക്തമായി തിരിച്ചെത്തിയെങ്കിലും രക്ഷിത പതറിയില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 24-22ന് ഗെയിം സ്വന്തമാക്കി മത്സരം അവസാനിപ്പിച്ചു. ഇതോടെ കരിയറിൽ ആദ്യമായി ഒരു സൂപ്പർ 500 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലും ഇടംനേടി.

ആദ്യ റൗണ്ടിൽ ഡെൻമാർക്കിന്റെ മിയ ബ്ലിച്‌ഫെൽഡിനെ പരാജയപ്പെടുത്തിയാണ് രക്ഷിത പ്രീക്വാർട്ടറിലെത്തിയത്. 2026 സീസണിൽ മികച്ച ഫോമിലാണ് ഈ യുവതാരം. ഹനോയ് ഇന്റർനാഷണൽ ചലഞ്ച്, തെലങ്കാന ഇന്ത്യ ഇന്റർനാഷണൽ ചലഞ്ച് കിരീടങ്ങൾ നേടിയ രക്ഷിത കൊറിയ മാസ്റ്റേഴ്‌സിൽ സെമിഫൈനലിലും വിയറ്റ്നാം ഓപ്പണിൽ മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.

ക്വാർട്ടർ ഫൈനലിൽ തായ്‌ലൻഡിന്റെ പ്രമുഖ താരം പർൺപാവി ചോചുവാങ്ങാണ് രക്ഷിതയുടെ എതിരാളി. ഈ മത്സരത്തിൽ വിജയിക്കാനായാൽ ഇന്ത്യൻ താരത്തിന് സെമിഫൈനലിലേക്ക് മുന്നേറാം. പ്രമുഖ താരങ്ങളെ അട്ടിമറിച്ചുള്ള രക്ഷിതയുടെ മുന്നേറ്റം ഇന്ത്യൻ ബാഡ്മിന്റണിൽ വലിയ പ്രതീക്ഷകൾക്കാണ് വഴിതുറക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.