“ഉടൽ” എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “തങ്കമണി”. മനുഷ്യ മന:സ്സാക്ഷിയെ നടുക്കിയ കേരള ചരിത്രത്തിലെ ഒരു ദാരുണ സംഭവത്തിന്റെ പുനരാവിഷ്കാരമായി എത്തുന്ന സിനിമയാണിത്. ദിലീപിന്റെ 148-ാം ചിത്രമായെത്തുന്ന ‘തങ്കമണി’യിൽ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകർച്ചയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് എത്തുന്നത്. ഇടുക്കി തങ്കമണിയിൽ നടന്ന യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമായെത്തുന്ന ചിത്രം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ്.

നരകയറിയ മുടിയും താടിയുമൊക്കെയായി ഇതുവരെ കാണാത്ത വേഷപകർച്ചയിൽ ദിലീപ് എത്തുന്ന ചിത്രമാണ് ‘തങ്കമണി’യെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചന നൽകിയിരുന്നു. അതിന് പിന്നാലെ മറ്റൊരു വേഷപ്പകർച്ചയിൽ സെക്കൻഡ് ലുക്കും എത്തിയിരുന്നു. ശേഷമിറങ്ങിയ ടീസർ ദിലീപ് ആരാധകർക്കും സിനിമാപ്രേമികൾക്കുമൊക്കെ ഗംഭീര ദൃശ്യവിരുന്ന് സമ്മാനിക്കുന്നൊരു ചിത്രമാണ് ‘തങ്കമണി’യെന്ന് ഉറപ്പ് നൽകുന്നതായിരുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം.
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരെ കൂടാതെ മറ്റ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.



