സിനിമയിലെ സൗന്ദര്യസങ്കൽപ്പങ്ങളോടും മേക്കപ്പില്ലാതെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിനോടുമുള്ള തന്റെ നിലപാട് തുറന്നുപറഞ്ഞ് നടി സായ് പല്ലവി. രണ്ട് കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത ഫെയർനെസ് ക്രീം പരസ്യം നിരസിച്ച അനുഭവവും കുട്ടിക്കാലത്ത് നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ നേരിട്ട ആശങ്കകളും താരം പങ്കുവെച്ചു. ‘വി ദി വിമൻ’ പരിപാടിയിൽ മാധ്യമപ്രവർത്തക ബർഖ ദത്തുമായി നടത്തിയ സംഭാഷണത്തിലാണ് സായ് പല്ലവിയുടെ വെളിപ്പെടുത്തൽ.
ഉൽപ്പന്നം മുന്നോട്ടുവെക്കുന്ന ആശയത്തോട് യോജിക്കാൻ കഴിയാത്തതിനാലാണ് വലിയ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും പരസ്യത്തിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് താരം പറഞ്ഞു. സ്വന്തം വിശ്വാസങ്ങൾക്കും നിലപാടുകൾക്കും പ്രാധാന്യം നൽകിയാണ് ഈ തീരുമാനമെടുത്തതെന്നും സായ് പല്ലവി വ്യക്തമാക്കി.
കരിയറിന്റെ തുടക്കത്തിൽ സ്വന്തം രൂപത്തെക്കുറിച്ച് വലിയ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി. മുഖക്കുരു, ചർമത്തിന്റെ നിറം, ശരീരത്തിലെ രോമങ്ങൾ എന്നിവയെക്കുറിച്ച് കുട്ടിക്കാലത്ത് ആശങ്കപ്പെട്ടിരുന്നു. ഏഴാം വയസ്സിൽ പോലും കാലുകളിലെ രോമങ്ങൾ നീക്കം ചെയ്യേണ്ടിവരുമോ എന്ന് ഭയപ്പെട്ടിരുന്നതായും താരം ഓർത്തെടുത്തു.
പുരുഷ താരങ്ങളുടെ രൂപഭാവങ്ങൾ ഏത് പ്രായത്തിലും സമൂഹം അംഗീകരിക്കുമ്പോൾ സ്ത്രീകൾ എപ്പോഴും സൗന്ദര്യത്തിന്റെ പൂർണതയോടെ പ്രത്യക്ഷപ്പെടണമെന്ന സമ്മർദം നിലനിൽക്കുന്നുണ്ടെന്നും സായ് പല്ലവി അഭിപ്രായപ്പെട്ടു.
സാധാരണക്കാരായ സ്ത്രീകളെയും യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന ജീവിതസാഹചര്യങ്ങളെയും പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളാണ് താൻ കൂടുതലായി തിരഞ്ഞെടുക്കുന്നതെന്നും താരം പറഞ്ഞു. ഇത്തരം കഥാപാത്രങ്ങളിൽ അമിതമായ മേക്കപ്പ് ഉപയോഗിക്കുന്നത് പ്രേക്ഷകർക്ക് കഥാപാത്രങ്ങളുമായുള്ള അടുപ്പത്തെ ബാധിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, മേക്കപ്പ് ഉപയോഗിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും സായ് പല്ലവി വ്യക്തമാക്കി. സ്വന്തം ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയല്ല ലക്ഷ്യമെന്നും വിശ്വസിക്കുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.


