...
Home Entertainments സിദ്ധിഖ് എഴുതി ചരിത്രമാക്കിയത് ചിരിയാണ്

സിദ്ധിഖ് എഴുതി ചരിത്രമാക്കിയത് ചിരിയാണ്

സൈബർലോകം ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന എഴുത്തുകാരനാണ് സിദ്ദിഖ്. അദ്ദേഹം എഴുതിയ സിനിമകളും സീനുകളും സംഭാഷണങ്ങളും ഇല്ലായിരുന്നെങ്കിൽ നമ്മളുടെ ജീവിതം എത്രമേൽ ശുഷ്കവും ശൂന്യവുമായിപ്പോയേനെ. ട്രോളന്മാർ ഈ ലോകത്തെ എങ്ങനെ ഇത്രയും സരസമായി ആവിഷ്‌കരിച്ചേനെ.

188

| ഷിബു ഗോപാലകൃഷ്ണൻ

സിദ്ധിഖ് എഴുതി ചരിത്രമാക്കിയത് ചിരിയാണ്. ഇപ്പോഴും നമ്മളുടെ ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ ജീവിതത്തിന്റെ ഭാഗമായ എത്രയോ അധികം സംഭാഷണങ്ങൾക്ക് നിത്യജീവൻ നൽകിയ വിരലുകളാണ് വിടപറയുന്നത്.

ക്ലിനിക്കൽ കൃത്യതയുള്ള തിരക്കഥകൾ, ഏതുകാലത്തും പാഠപുസ്തകം പോലെ കണ്ടിരിക്കാവുന്ന, പിഴവുകൾ ചൂണ്ടിക്കാണിക്കാനില്ലാത്ത രചനകൾ. കച്ചവട സിനിമയെ ഇത്രമേൽ കാച്ചിക്കുറുക്കിയത് സിദ്ധിഖും ലാലും ചേർന്നാണ്. ശിൽപ്പം പോലെ കൊത്തിയെടുക്കുക എന്നൊക്കെ പറഞ്ഞാൽ ഒട്ടും അധികപ്പറ്റാവില്ല, അത്രമേൽ പാകമാണ്, പരിപാകമാണ്, ഓരോ വർക്കും.

റാംജിറാവുവും, ഹരിഹർനഗറും, വിയറ്റ്നാംകോളനിയും, കാബൂളിവാലയും, മാന്നാർമത്തായിയും ഗോഡ്ഫാദറും ഹിറ്റ്ലറും; ഒരുപക്ഷെ മലയാളി ഏറ്റവും കൂടുതൽ തവണ കണ്ട സിനിമകൾ. എത്ര കണ്ടാലും ചോർന്നുപോകാത്ത ചിരിയുടെ സ്വാഭാവികത, അതിന്റെ ഗോഡ്ഫാദറായിരുന്നു നിങ്ങൾ.

സൈബർലോകം ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന എഴുത്തുകാരനാണ് സിദ്ദിഖ്. അദ്ദേഹം എഴുതിയ സിനിമകളും സീനുകളും സംഭാഷണങ്ങളും ഇല്ലായിരുന്നെങ്കിൽ നമ്മളുടെ ജീവിതം എത്രമേൽ ശുഷ്കവും ശൂന്യവുമായിപ്പോയേനെ. ട്രോളന്മാർ ഈ ലോകത്തെ എങ്ങനെ ഇത്രയും സരസമായി ആവിഷ്‌കരിച്ചേനെ. നമ്മളുടെ ജീവിതനിമിഷങ്ങളിൽ അതെല്ലാം അത്രമേൽ പറ്റിച്ചേർന്നു നിൽക്കുന്നു, ഇറങ്ങിപ്പോകാനാകാത്തവിധം ഒട്ടിച്ചേർന്നു നിൽക്കുന്നു.

നന്ദി സിദ്ധിഖ്, ഞങ്ങളുടെ ബാല്യകൗമാരങ്ങളെ ചിരിച്ചു ചിരിച്ചു മണ്ണുകപ്പിച്ചതിന്, ചിരി മാത്രമല്ല സങ്കടങ്ങളും എത്രമേൽ ആർദ്രമായാണ് നിങ്ങൾ ആവിഷ്കരിച്ചത്. ചിരിക്കു ശേഷം നിങ്ങൾ കൂട്ടിക്കൊണ്ടുപോയ സങ്കടങ്ങളുടെ സംഘർഷങ്ങളുടെ കണ്ണീർക്കായലിൽ ഞങ്ങളെ നിലയില്ലാതെ മുക്കിക്കളഞ്ഞതിന്; നന്ദി സിദ്ധിഖ്..

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.