...
Home Entertainments മലയാള സിനിമയിൽ ശ്യമിൻ്റെ ചില മാസ്സ് ബിജിഎമ്മുകൾ

മലയാള സിനിമയിൽ ശ്യമിൻ്റെ ചില മാസ്സ് ബിജിഎമ്മുകൾ

മലയാള സിനിമയുടെ സുവർണ്ണ കാലങ്ങളിൽ ഇറങ്ങിയ മിക്ക ക്ലാസ്സിക്/ കൊമേഴ്സ്യൽ ചിത്രങ്ങളിലെയും പ്രേമവും, സെൻ്റിമൻ്റ്സും, ആക്ഷനും, ത്രില്ലും, കോമഡിയും ഒക്കെ നിറഞ്ഞ രംഗങ്ങൾക്ക് ജീവൻ നൽകുന്നതിൽ ശ്യാമിൻ്റെ സംഗീതവും ഒരു പ്രധാന ഘടകമായിരുന്നു.

339

| ഷാജു സുരേന്ദ്രൻ

സ്കൂളിൽ പഠിക്കുമ്പോൾ ഇരുപതാം നൂറ്റാണ്ട് സിനിമ കണ്ട് വന്ന പല കുട്ടികളും, പടം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ഉത്തരമായി തോളൊന്ന് ചരിച്ചിട്ട് ” സാഗർ ഏലിയാസ് ജാക്കി” എന്ന് പറഞ്ഞ ശേഷം ആ ബിജിഎം ഇട്ടത് ഇപ്പോഴും ഓർക്കുന്നു. പിന്നീട് സിനിമ കാണാൻ പോയ എനിക്കും ആ കോരിത്തരിപ്പൻ സംഗീതം വല്ലാത്തൊരു ഫീൽ സമ്മാനിച്ചു. പടം കണ്ടിറങ്ങിയ ശേഷവും അത് മനസ്സിൽ പതിഞ്ഞു കിടന്നു. അക്കാലത്ത് മുതിർന്നവർ പലരും ആ സിനിമയെ പറ്റി പറയുമ്പോൾ അതിലെ പശ്ചാത്തല സംഗീതത്തെക്കുറിച്ചും വചാലരായത് ഓർക്കുന്നു.

ഒരു സിനിമയുടെ BGM ഇത്രമേൽ ചർച്ച ചെയ്യപ്പെടുന്നത് മുൻപ് കണ്ടിട്ടില്ലായിരുന്നു. ചൂടപ്പം പോലെ വിറ്റഴിഞ്ഞ സിനിമയുടെ ശബ്ദരേഖ കാസറ്റ് വീണ്ടും വീണ്ടും കേട്ടത് ആ BGM കൂടി കേൾക്കാൻ വേണ്ടിയായിരുന്നു. ശ്യാം, ചുനക്കര ടീം ഒരുക്കിയ ആ സിനിമയിലെ മനോഹരമായ “അംബര പൂ വീധിയില്…” എന്ന ഗാനം പലരും ഓർക്കുന്നു കൂടിയുണ്ടാവില്ല. പകരം സാഗർ ഏലിയാസ് ജാക്കി എന്ന പേരിനൊപ്പം ആദ്യം മനസ്സിൽ വരുന്നത് ആബിജിഎം ആണ്. സിനിമയിലെ ഗാനത്തെയും കടത്തി വെട്ടി പാശ്ചാത്തല സംഗീതം ജനമനസ്സിൽ സ്ഥാനം പിടിക്കുന്ന അപൂർവ്വ കാഴ്ച്ച.

ഒരു സിനിമയിലെ നായകന് വേണ്ടി അയാളുടെ ഇൻട്രോ സമയത്തും, ആയാൾ മാസ്സ് ഡയലോഗുകൾ പറയുമ്പോഴും, ആക്ഷൻ രംഗങ്ങളിലും, അങ്ങിനെ സിനിമയിൽ നായകനെ ബൂസ്റ്റ് ചെയ്യുന്ന പല അവസങ്ങളിലും മാസ്സ് അപ്പീലുള്ള ഒരു തീം ബിജിഎം ആദ്യമായി മലയാളത്തിൽ ഉപയോഗിക്കുന്നത് 1986 ൽ ഇറങ്ങിയ രാജാവിൻ്റെ മകൻ സിനിമയിലാണ് എന്നാണ് ഓർമ്മ. മറ്റ് ഭാഷകളിലും അങ്ങിനെയൊരു സംഭവം മുൻപ് കണ്ടതായി ഓർക്കുന്നില്ല.( അല്ലെങ്കിൽ തിരുത്തുക). S P വെങ്കിടേഷ് ആയിരുന്നു അതിൻ്റെ സംഗീത സംവിധായകൻ. അത് ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പ്രേക്ഷകർക്കിടയിൽ ഇരുപതാം നൂറ്റാണ്ടിൻ്റെയത്ര പ്രചാരം നേടിയില്ല. (പിന്നീട് തമ്പി കണ്ണന്താനം തൻ്റെ ഷാരോൺ പിക്ചേഴ്സ് ലോഗോ കാണിക്കുമ്പോൾ ആ മ്യൂസിക്ക് ഉപയോഗിച്ചു പോന്നു).

ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് സിബിഐക്കാരൻ സേതുരാമയ്യരുടെ വരവായി. 1988 ൽ ഇറങ്ങിയ സിബിഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യർക്ക് വേണ്ടി ശ്യാം ഒരുക്കിയ ബിജിഎം ഉം പ്രേക്ഷകർ ഏറ്റെടുത്തു. ഏതാണ്ട് ഇരുപതാം നൂറ്റാണ്ടിൻ്റെ ശൈലിയിൽ തന്നെ രൂപപ്പെടുത്തിയ സംഗീതമായിരുന്നു അത്. ആദ്യം ഓമന കൊലക്കേസന്വേഷിക്കുന്ന SP പ്രഭാകര വർമ്മയ്ക്കും, പിന്നീട് വരുന്ന ഡി വൈ എസ് പി ദേവദാസിനും, സേതുരാമയ്യർക്കും വെവ്വേറെ ബിജിഎം ഒരുക്കി ശ്യാം ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു.

ബ്രെയിൻ വർക്ക് ചെയ്യുന്ന ഫീൽ തരുന്ന ഒരു മ്യൂസിക്കും, തുടർന്ന് കേസിൻ്റെ ചുരുളുകൾ അഴിക്കുന്ന രീതിയിലുള്ള ഒരു മ്യൂസിക്കുമാണ് അവിടെ താൻ ഉപയോഗിച്ചത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. Re-recording രംഗത്തുള്ള ശ്യാമിൻ്റെ നൈപുണ്യം, അതിലെ രംഗങ്ങളും, പാശ്ചാത്തല സംഗീതവും അനുഭവിച്ചറിഞ്ഞ ആർക്കും മനസ്സിലാകും.

അതിന് ശേഷം ഇറങ്ങിയ ത്രില്ലർ ചിത്രങ്ങളായ മൂന്നാംമുറ ആഗസ്റ്റ് 1, അടിക്കുറിപ്പ് , അധിപൻ ഒക്കെ ഏതാണ്ട് സമാനമായ പാറ്റേണിൽ ഒരുക്കിയ പാശ്ചാത്തല സംഗീതങ്ങളാൽ സമ്പന്നമായിരുന്നു. മൂന്നാം മുറയിലെയും, ആഗസ്റ്റ് 1 ലേയും നമ്പറുകൾ ഇന്നും സിനിമാ സ്നേഹികളുടെ favourite ആണ്. (മൂന്നാംമുറ യിലേതാണ് എൻ്റെ എക്കാലത്തെയും പേഴ്സണൽ ഫേവറിറ്റ് മാസ്സ് ബിജിഎം).

പിൽക്കാലത്ത് രാജാമണി മുതൽ സുഷിൻ ശ്യാം വരെയുള്ള സംഗീത സംവിധായകർ നായകന്മാർക്ക് വേണ്ടി ജനപ്രിയങ്ങളായ പല മാസ്സ് ബിജിഎം കളും ഒരുക്കി എങ്കിലും, പുതിയ തലമുറയിലെ പ്രേക്ഷകർക്കിടയിൽ പോലും ശ്യാം ഒരുക്കിയ ആ കോരിത്തരിപ്പൻ സംഗീതങ്ങൾ ഒരു ആവേശമായി ഇന്നും തുടരുന്നു.

1987ൽ ഇറങ്ങിയ ഇരുപതാം നൂറ്റാണ്ട് സിനിമയിൽ തകർപ്പൻ പാശ്ചാത്തല സംഗീതവുമായി കയ്യടി നേടിയ ശ്യാമിന്, അതിന് ശേഷം വന്ന സിബിഐ ഡയറിക്കുറിപ്പിൽ, സഹായിയായിരുന്ന റഹ്മാൻ മ്യൂസിക്ക് ചെയ്തു കൊടുത്തു എന്നൊക്കെ വാർത്ത പടച്ചു വിട്ടവർക്ക് എത്രത്തോളം വിവരമുണ്ടെന്ന് ചിന്തിച്ചാൽ മനസ്സിലാകും. അതും മുൻപിറങ്ങിയ ഇരുപതാം നൂറ്റാണ്ടിൽ ശ്യാം ചെയ്ത ശൈലിയിലുള്ള മറ്റൊരു മ്യൂസിക്ക്.

ശ്യാമിൻ്റെ സംഗീത സപര്യ മേൽപ്പറഞ്ഞ മാസ്സ് ബിജിഎം കളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. 1974 ൽ ഇറങ്ങിയ മാന്യശ്രീ വിശ്വാമിത്രൻ സിനിമയിലൂടെ മലയാളത്തിൽ സ്വതന്ത്ര സംഗീത സംവിധായകനായ ശ്യാം പിന്നീടങ്ങോട് നിരവധി ഹിറ്റുകളും, സൂപ്പർ ഹിറ്റുകളും ഒരുക്കി നിറഞ്ഞ് നിന്നു. ഒരു കാലത്ത് ഐ വി ശശി, ജോഷി, സത്യൻ അന്തിക്കാട് തുടങ്ങിയ പല പ്രഗത്ഭരുടെയും ആദ്യ ചോയ്സ് ശ്യാം തന്നെയായിരുന്നു. ഐ വി ശശിയുടെ നാൽപ്പതോളം ചിത്രങ്ങൾക്ക് അദ്ദേഹം ഗാനങ്ങളും, പാശ്ചാത്തല സംഗീതവുമൊരുക്കി.

ഇവിടെ പ്രതിപാദിച്ചത് ശ്യമിൻ്റെ ചില മാസ്സ് ബിജിഎം കളെക്കുറിച്ച് മാത്രമാണ്. മലയാള സിനിമയുടെ സുവർണ്ണ കാലങ്ങളിൽ ഇറങ്ങിയ മിക്ക ക്ലാസ്സിക്/ കൊമേഴ്സ്യൽ ചിത്രങ്ങളിലെയും പ്രേമവും, സെൻ്റിമൻ്റ്സും, ആക്ഷനും, ത്രില്ലും, കോമഡിയും ഒക്കെ നിറഞ്ഞ രംഗങ്ങൾക്ക് ജീവൻ നൽകുന്നതിൽ ശ്യാമിൻ്റെ സംഗീതവും ഒരു പ്രധാന ഘടകമായിരുന്നു. മലയാളത്തിലെ പ്രഗൽഭ സംഗീത സംവിധായകരിൽ ഒരൽപ്പം ഇഷ്ടക്കൂടുതൽ തോന്നിയിട്ടുള്ളത് ശ്യാമിനോടാണ്. മഹാ പ്രതിഭയ്ക്ക് പിറന്നാളാശംസകൾ ( മാർച്ചു 19 )..

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.