...
Home Entertainments മിസ്റ്റർ ലിജോ ജോസ്, നിങ്ങൾ രണ്ടു സിനിമയായി ആവർത്തിക്കുന്ന അരാജക ഉട്ടോപ്യ അല്ല കേരളത്തിലെ...

മിസ്റ്റർ ലിജോ ജോസ്, നിങ്ങൾ രണ്ടു സിനിമയായി ആവർത്തിക്കുന്ന അരാജക ഉട്ടോപ്യ അല്ല കേരളത്തിലെ ഗ്രാമങ്ങൾ

കഴിയുമെങ്കിൽ മറയൂരും കോടനാടും ഇടമലക്കുടിയും മുല്ലയും കുറുമ്പൻമൂഴിയും അട്ടത്തോടും നിലക്കലുമൊക്കെ ഒന്ന് കറങ്ങീട്ടു വരുക .

323

| സുനിൽ മാലൂർ

സമകാലിക രാഷ്ട്രീയ പരിസരത്തു ഏതൊരു കലാരൂപവും അതിന്റെ ആന്തരികവും പ്രകടിതവുമായ രൂപംകൊണ്ടു ഏതു പക്ഷത്തു നിൽക്കുന്നു എന്ന ചർച്ചക്ക് ഏറെ പ്രാധ്യാനമുണ്ട്. മാനവികത നാമ്പെടുത്ത നാൾമുതൽ മനുഷ്യ ചരിത്രത്തിന് പക്ഷത്തെ വിലയിരുത്താതെ നവനിർമിതികൾ സാധ്യമായിട്ടുമില്ല . കല അതിന്റെ ധാർമികതയെ സുവ്യക്തമായി അടയാളപ്പെടുത്താൻ തുടങ്ങിയ കാലംമുതൽ ഇത്തരം വിലയിരുത്തലുകൾക്കും കഴിഞ്ഞുപോയ ചരിത്രത്തെ പാഠമാക്കുന്നതിലും സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ സമൂഹം ഏറ്റവുമധികം വർഗ്ഗവിഭജിതമായ ഒരു കാലഘട്ടത്തിൽ അക്കാലത്തിന്റെ കലയെ അത് മുൻപോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ഏറെ ആഴത്തിൽ പരിശോധിക്കുന്നതിൽ പ്രസക്തിയുമുണ്ട് ആ നിലയിൽ പശു രാഷ്ട്രമാകുന്ന കാലത്ത് പ്രാകൃത മനുഷ്യർ എയ്തു വീഴ്ത്തിയ മാനിനുവേണ്ടി തമ്മിലടിക്കുന്ന പോലെ പകച്ചോടിയ പോത്തിന് പിന്നാലെ ഇറച്ചികൊതികൊണ്ട് പായുന്ന വിഭ്രാന്തി പിടിച്ച മനുഷ്യരായി അധ്വാനത്തിന്റെ വമ്പൻ മാതൃക സൃഷ്ടിച്ച മലയോര മേഖലയിലെ ജനങ്ങളെ ചിത്രീകരിച്ച ഫാസിസ്റ് ആർട്ടിന്റെ വ്യക്തമായ സൂചനകൾ നൽകിയ ജെല്ലികട്ടിന്റെ രണ്ടാം പതിപ്പ് മാത്രമാണ് ചുരുളി .

ജീവിത പരിസരത്തിൽ നിന്നും പുറത്തേക്ക് സഞ്ചരിക്കാനുള്ള വിശാല ലോകത്തെ കുറിച്ചുള്ള എല്ലാ കാഴ്ചപ്പാടുകളും വെറും വ്യാമോഹമാണെന്നും വന്യതയുടെ / കൊല്ലാനും തിന്നാനും വേട്ടയാടാനും കുടിക്കാനും ഭോഗിക്കാനും മാത്രം ഏദേഷ്ടം സാധ്യതകളുള്ള / ചുരുളിനുള്ളിൽ അടങ്ങി ഒതുങ്ങി ജീവിക്കുകയാണ് കാമ്യമെന്ന ഫാസിസത്തിന്റെ ഫിലോസഫി തന്നെയാണ് ചുരുളി പറയുന്നത് .ഇവിടെ എല്ലാ അതിക്രമങ്ങളും അനുവദനീയമാണ് മാനവികതയുടെ എല്ലാ നേട്ടങ്ങളും അപ്രസക്തമാണ് .മണ്ണിൽ പൊന്നു വിളയിച്ച മലയോര ഗ്രാമങ്ങൾ ക്രിമിനലുകളുടെ ഒളിത്താവളമാണെന്ന പ്രാകൃതരായ മനുഷ്യരാണ് അവിടെ അധിവസിക്കുന്നതുമെന്ന ജെല്ലിക്കെട്ടിലെ അതെ നിലപാടിനെ ഒന്നുകൂടി ഉറപ്പിക്കുകയാണ് സംവിധായകൻ ഈ സിനിമയിൽ .

ജെല്ലിക്കെട്ടിൽ പോത്ത് തകർത്ത ചായക്കട ചർച്ചയിൽ ഈ ഹൈറേഞ്ചിൽ ആരാടാ തറവാടികൾ. നാട്ടിലെന്തെങ്കിലും ക്രൈം ചെയ്ത് മലകയറി വന്നവരല്ലേ എല്ലാവനും എന്ന് ചോദ്യമുതിർക്കുന്നുണ്ടെങ്കിൽ ചുരുളിയിൽ അൽപ്പം കൂടി ഉൾവലിഞ്ഞ മലയോര ഗ്രാമത്തിൽ നാട്ടിലെന്തെങ്കിലും തായോളിത്തരം കാണിക്കാതെ ഇവിടേക്കാരെങ്കിലും വരുമോടാ മൈരേ എന്നാണ് ഗ്രാമത്തിന് പുറത്തുനിന്നു വന്ന വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന പോലീസുകാരനോടുള്ള ചോദ്യം. .അങ്ങനെ സംവിധായകൻ ജീവിക്കുന്ന നഗര പരിസരത്തിന് പുറത്തുള്ള കേരളീയ ഗ്രാമങ്ങൾ ഒക്കെയും അപരിഷ്‌കൃതരായ ക്രിമിനലുകളുടെ ഗ്രാമമാണെന്ന് അദ്ദേഹം അടിവരയിട്ട് ഉറപ്പിക്കാൻ ശ്രമിക്കുന്നു ചുരുളിയിലും .

മിസ്റ്റർ ലിജോ ജോസ് പെല്ലിശ്ശേരി നിങ്ങളുടെ നഗരാർത്തികളുടെ ജീവിതാനുഭവങ്ങളിൽ നിന്ന് മണ്ണിനോട് മല്ലടിച്ചു ജീവിതവും അതുവഴി സമൂഹ നിർമ്മിതിയും സാധ്യമാക്കിയ ഞങ്ങളുടെ ജീവിതത്തെ നോക്കികാണരുത് ഞങ്ങളുടെ പെണ്ണുങ്ങൾ പെങ്ങളേ എന്ന് വിളിച്ച കയറി വരുന്നവന്റെ വെട്ടികിടക്കുന്ന നടുവിൽ ഭ്രമിച്ചുപോകാറുമില്ല .കാടറിവിന്റെ ഗന്ധവും മനുഷ്യത്വവുമായി ജീവിക്കുന്ന ഞങ്ങളുടെ പെണ്ണുങ്ങൾ ,അമ്മമാർ, ചൈൽഡ് അബ്യുസിന് കണക്കുപറഞ്ഞ കാശെണ്ണി വാങ്ങുന്നവരെന്ന ധാരണ നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി. അല്ലെങ്കിൽ അത്തരമൊരു രംഗത്തിൽ കൂടി നിങ്ങൾ എന്ത് മാനവികതയാണ് കലയിൽ വിളക്കിച്ചേർക്കാൻ ശ്രമിക്കുന്നത് .

മാനവികതയുടെ എല്ലാ നിരാസങ്ങളും ഫാസിസം പയറ്റി തെളിഞ്ഞിട്ടുള്ളത് തന്നെയാണ് .നിങ്ങൾ കൊന്ത ചൊല്ലി മുട്ടിപ്പായി പ്രാർത്ഥിക്കുന്ന മൂക്കന്നൂർ കുരിശടിയേക്കാൾ വിശുദ്ധിയുണ്ട് ഞങ്ങളുടെ ചെറു കൂരകൾ പള്ളിയായി രൂപാന്തരം പ്രാപിക്കുമ്പോൾ .ചിട്ടി തട്ടിപ്പു നടത്തി ഒളിവ് ജീവിതം നയിക്കുന്നവന്റെ ചുറ്റുപാടിലേക്ക് അവന്റെ മതത്തെ കടത്തിക്കൊണ്ടുവന്ന് കാരികേച്ചർ ചെയ്യുമ്പോൾ വർഗീയ ഫാസിസത്തിനുണ്ടാവുന്ന ചെറു കുളിരിലാണ് നിങ്ങളുടെ പിടിവള്ളി .

അല്ലെങ്കിൽ തന്നെ കേരളത്തിൽ എവിടെയാണ് മിസ്റ്റർ ലിജോ ക്രിമിനലുകൾ മാത്രമുള്ളൊരു മലയോര ഗ്രാമം ?വാറ്റു ചാരായം മാത്രം വിൽക്കുന്ന ഷാപ്പ് ,പോട്ടെ ,കോടമഞ്ഞിൽ കൊതുകുതിരി കത്തിക്കുമ്പോഴും കിടപ്പറയിൽ റാന്തലും പുറത്തു കറന്റ് ബൾബും തെളിയിക്കുന്ന പൊട്ടന്മാരുടെ ഗ്രാമമൊക്കെ ഒരുപക്ഷെ സംവിധായകന്റെ ഭാവനയാവാം ചോദ്യം ചെയ്യുന്നില്ല .അമ്മാതിരി കാട്ടിലൂടൊക്കെ നടന്നിട്ട് ചെമ്പൻ വിനോദിനെ ഒറ്റ തവണ മാത്രം പുഴു കടിച്ചതും എമ്മാതിരി ക്രാഫ്റ്റാണ് .ചുരുക്കത്തിൽ ഗ്രാമീണ ജീവിതത്തെ രാഷ്ട്രീയ വത്കരിക്കുമ്പോൾ ആ ഗ്രാമീണരിൽ നിന്ന് ഏറെ പഠിക്കേണ്ടതുണ്ട് . കഴിയുമെങ്കിൽ മറയൂരും കോടനാടും ഇടമലക്കുടിയും മുല്ലയും കുറുമ്പൻമൂഴിയും അട്ടത്തോടും നിലക്കലുമൊക്കെ ഒന്ന് കറങ്ങീട്ടു വരുക .

പക്ഷെ ഒരു ക്രിയേറ്ററെ സംബന്ധിച്ചിടത്തോളം അതിന്റെയൊന്നും ആവിശ്യമില്ല കാരണം അയാൾ ഒരു സാങ്കല്പിക ഗ്രാമം സൃഷ്ടിച്ചു അവിടെയുള്ളവരെല്ലാം ക്രിമിനലുകളും തെറി തൊട്ടുകൂട്ടുന്നവരുമാണെന്ന വിഭ്രാത്മക ഭാവന സൃഷ്ടിച്ചു മാജിക്കൽ റിയലിസം എന്നൊക്കെ ബുദ്ധിജീവികളെകൊണ്ട് കോളമെഴുതിച്ചും സിനിമ പുരകളിൽ അടുത്തിടെ മാത്രം തീണ്ടൽ മാറിയവരെക്കൊണ്ട് പുരപ്പുറംതൂപ്പിച്ചും ഫാസിസ്റ്റു കാലത്തിന്റെ സിനിമ എടുക്കുമ്പോൾ ഇതിന്റെയൊന്നുംആവിശ്യമില്ല.

ജാഫർ ഇടുക്കിയും ഗീതി സംഗീതയും മികച്ച പ്രകടനം കാഴ്ച വെച്ച സിനിമയിൽ ചെമ്പൻ വിനോദും വിനയ് ഫോർട്ടുമൊക്കെ രംഗപടമൊന്നു മാറ്റിക്കെട്ടി മുൻകാല ഭാവങ്ങൾ ആവർത്തിച്ചതേയുള്ളു ചുരുക്കത്തിൽ ഗ്രാമങ്ങൾ നന്മകളാൽ സമൃദ്ധമെന്ന അവകാശ വാദങ്ങളൊന്നുമില്ലെങ്കിലും നിങ്ങൾ രണ്ടു സിനിമയായി ആവർത്തിക്കുന്ന അരാജക ഉട്ടോപ്യ അല്ല കേരളത്തിലെ ഗ്രാമങ്ങൾ .അവിടെ ആൺശരീരങ്ങൾ ആയിരം രൂപയുടെ മൊതലുമല്ല .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.