...
Home Entertainments തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിലെ കണ്ണട റിപ്പയറിൽ നിന്നും യാത്ര തുടങ്ങിയ വടിവേലു

തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിലെ കണ്ണട റിപ്പയറിൽ നിന്നും യാത്ര തുടങ്ങിയ വടിവേലു

തുള്ളാത മനവും തുള്ളും എന്ന ചിത്രത്തിൽ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് വടിവേലുവിനെയാണ് എന്ന് എത്ര പേർക്കറിയാം. വടിവേലുവിന് ആറ് മാസത്തേക്ക് ഡേറ്റ് ഇല്ലാതെ വന്നപ്പോഴാണ് ആ കഥ വിജയ് ചെയ്തത്.

288

| രാഹുൽ ഹമ്പിൾ സനൽ

തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിൽ കണ്ണട റിപ്പയർ ചെയ്ത് ദിവസം വെറും പത്തോ ഇരുപതോ രൂപ മാത്രം സമ്പാദിച്ചിരുന്ന ഒരു ഗ്രാമീണൻ ആയിരുന്നുവടിവേലു. രാജ് കിരൺ അദ്ദേഹത്തിൻ്റെ രാസാവിൻ മനസിലെ എന്ന ചിത്രത്തിൽ ഒരു സീനിൽ അഭിനയിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. പക്ഷേ ആ ഒറ്റ സീനിൽ വടിവേലു Script ൽ ഇല്ലാത്ത കോമഡി ഡയലോഗ് പറഞ്ഞത് കേട്ട് ചിരിഅടക്കാൻ കഴിയാത്ത രാജ് കിരൺ ആ ചിത്രത്തിൽ കുറച്ച് കൂടി വലിയ വേഷം നൽകി.

പിന്നെ പിന്നെ വടിവേലുവിൻ്റെ സമയം തെളിഞ്ഞു. ശിങ്കാരവേലൻ, തേവർ മകൻ തുടങ്ങിയ ചിത്രങ്ങളിൽ കമൽഹാസനോടൊപ്പം ശ്രദ്ധേയ വേഷങ്ങൾ. കാതലൻ എന്ന ചിത്രത്തിലെ പ്രഭുദേവയോടൊപ്പമുള്ള മുഴുനീള വേഷം… വടിവേലു പിന്നീട് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകം ആവുകയായിരുന്നു. സകല കലാവല്ലഭൻ… ഒന്നാന്തരം ഗായകൻ, മികച്ച നർത്തകൻ.

രക്ഷകൻ എന്ന സിനിമയിലെ ലക്കി ലക്കി എന്ന പാട്ട് ശ്രദ്ധിച്ചാൽ അറിയാം വടിവേലുവിൻ്റെ നൃത്തം ചെയ്യാനുള്ള കഴിവ്. ലോകസുന്ദരി സുസ്മിതാ സെന്നിനെക്കാളും നായകൻ നാഗാർജുനയെക്കാളും ആ ഗാന രംഗത്ത് ഷൈൻ ചെയ്തത് വടിവേലു ആണ്. ബ്രഹ്മാണ്ഡ സംവിധായകൻ ഷങ്കർ കോടികൾ മുടക്കി നിർമ്മിച്ച കോമഡി ചിത്രത്തിൽ നായകൻ വടിവേലു ആയിരുന്നു.

തുള്ളാത മനവും തുള്ളും എന്ന ചിത്രത്തിൽ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് വടിവേലുവിനെയാണ് എന്ന് എത്ര പേർക്കറിയാം. വടിവേലുവിന് ആറ് മാസത്തേക്ക് ഡേറ്റ് ഇല്ലാതെ വന്നപ്പോഴാണ് ആ കഥ വിജയ് ചെയ്തത്. ചന്ദ്രമുഖി എന്ന സിനിമ രജനീകാന്തിനെയും ഐശ്വര്യാ റായിയെയും പ്രധാന കഥാപാത്രങ്ങൾ ആക്കി ചെയ്യാൻ രജനീകാന്തിനോട് പി വാസു കഥ പറഞ്ഞപ്പോൾ രജനീകാന്ത് ആദ്യം പറഞ്ഞത് “ഐശ്വര്യാ റായിയുടെ കാര്യം പിന്നെ നോക്കാം, ആദ്യം വടിവേലുവിൻ്റെ ഡേറ്റ് block ചെയ്യൂ ” എന്നാണ്.

അതാണ് വടിവേലു. സാധാരണ കണ്ണട മെക്കാനിക്കിൽ നിന്ന് കോടാനുകോടി സ്വത്തുക്കളുടെ ഉടമയായി മാറിയ സാക്ഷാൽ വടിവേലു. ഒരു കാലത്തെ തമിഴ്, മലയാളം, തെലുഗ് ഭാഷയിലെ താരറാണിയുമായുള്ള അടുപ്പം കൊണ്ട് എല്ലാവരെയും ഞെട്ടിച്ച ചരിത്രവും വടിവേലുവിനുണ്ട്.

ഇപ്പോൾ മാമന്നൻ സിനിമയിലൂടെ കേന്ദ്ര കഥാപാത്രമായി തന്നെ ഗംഭീര തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് വടിവേലു. ഇങ്ങനെയൊക്കെയാണെങ്കിലും കുറച്ച് നെഗറ്റീവും ഉള്ള വ്യക്തിയാണ് വടിവേലു. വിജയകാന്തുമായുള്ള തുറന്ന പോരാട്ടങ്ങളും വിജയകാന്ത് ആരാധകർ വടിവേലുവിൻ്റെ വീട് തല്ലിതകർത്തതും മുൻപ് വാർത്ത ആയിരുന്നു.

അടുത്ത കാലത്ത് തമിഴ് നടൻ കൊട്ടാച്ചിയുടെ അഭിമുഖം കാണാൻ ഇടയായി. വടിവേലുവിൻ്റെ ഏകദേശം ശരീരഭാഷയുള്ള നടൻ ആണ് കൊട്ടാച്ചി. ഇടക്ക് തിരക്കുള്ള കോമഡി താരവും ആയിരുന്നു. വിജയ് യോടൊപ്പം തുടർച്ചയായി 9 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. തമിഴ് നടൻ വിവേക് ആയിരുന്നു കൊട്ടാച്ചിയെ സിനിമയിൽ പ്രോത്സാഹിപ്പിച്ചിരുന്നത്.

പക്ഷേ വടിവേലുവിന് കൊട്ടാച്ചി തനിക്ക് ഭീഷണി ആകുമോ എന്ന ഭയം എപ്പോഴും ഉണ്ടായിരുന്നു. കോമ്പിനേഷൻ സീനിൽ കൊട്ടാച്ചി ഇംപ്രൊവൈസ് ചെയ്ത് എന്തെങ്കിലും കൗണ്ടർ പറഞ്ഞാൽ വടിവേലു അത് ഒഴിവാക്കാനായി റീടേക്ക് പോകുമായിരുന്നത്രേ. വടിവേലു പല സിനിമകളിൽ നിന്നും കൊട്ടാച്ചിയെ ഒഴിവാക്കിയിട്ടുണ്ട്.

അടുത്ത കാലത്ത് ചന്ദ്രമുഖി-2 ൻ്റെ സെറ്റിൽ കൊട്ടാച്ചിയെ കണ്ടപ്പോൾ വളരെ സംശയത്തോടെ “നീ എന്താ ഇവിടെ? ” എന്നൊക്കെ ചോദിച്ചത്രേ. കൊട്ടാച്ചിയുടെ മകൾ അറിയപ്പെടുന്ന ബാലതാരം ആണ്. (ചന്ദ്രമുഖി-2ൽ മകൾ അഭിനയിക്കുന്നുണ്ട്… ) (വിവേകും വിജയ് യും സംസാരിച്ചിരിക്കുമ്പോൾ അവിടേക്ക് കയറി വന്ന കൊട്ടാച്ചിക്ക് കസേര ഇല്ല എന്നു കണ്ടപ്പോൾ “ഇങ്ക ഉക്കാര് ടാ “എന്നു പറഞ്ഞു കൊട്ടാച്ചിയെ വിജയ് മടിയിൽ ഇരുത്തിയ കഥയും അഭിമുഖത്തിൽ ഉണ്ട്)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.