സ്ത്രീകൾ വീട്ടുജോലികൾ ചെയ്യാനുള്ള യന്ത്രങ്ങളല്ലെന്നും അവർക്കും വ്യക്തിപരമായ സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടെന്നും നടിയും സംവിധായികയുമായ രേണു ദേശായി. ഓരോ സ്ത്രീക്കും അവരുടേതായ വ്യക്തിത്വവും സ്വതന്ത്രമായ ജീവിതലക്ഷ്യങ്ങളും ഉണ്ടാകണമെന്നും അവരുടെ ആഗ്രഹങ്ങളെ ഭർത്താക്കന്മാർ തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്നും രേണു പറഞ്ഞു. നിവേദ തോമസും തിരുവീറും പ്രധാന വേഷങ്ങളിലെത്തുന്ന ‘ശ്രീമതി’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.
ജനനം മുതൽ മകൾ, ഭാര്യ, അമ്മ തുടങ്ങിയ ബന്ധങ്ങളിലൂടെയാണ് സമൂഹം പലപ്പോഴും സ്ത്രീകളെ തിരിച്ചറിയുന്നതെന്ന് രേണു ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം വിശേഷണങ്ങൾക്കപ്പുറം ഓരോ സ്ത്രീക്കും സ്വന്തമായൊരു വ്യക്തിത്വമുണ്ട്. സംഗീതം, നൃത്തം തുടങ്ങി വിവിധ മേഖലകളിൽ സ്ത്രീകൾക്ക് നിരവധി സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുണ്ടാകും. അവ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും ഭർത്താക്കന്മാർ തയ്യാറാകണം.
വീട്ടുജോലികളുടെയും കുട്ടികളുടെ പരിപാലനത്തിന്റെയും ഉത്തരവാദിത്വം സ്ത്രീകളിൽ മാത്രം ഒതുങ്ങരുത്. കുടുംബത്തിന്റെ ചുമതലകൾ ഭാര്യയും ഭർത്താവും തുല്യമായി പങ്കിടണമെന്നും അവർ ആവശ്യപ്പെട്ടു. ഭാര്യമാരുടെ വികാരങ്ങൾ മനസ്സിലാക്കുകയും അവരുടെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന ഭർത്താക്കന്മാർ എല്ലാ കുടുംബങ്ങളിലും ഉണ്ടാകട്ടെയെന്നും രേണു ആശംസിച്ചു.
സ്ത്രീകളുടെ ആത്മാഭിമാനവും വ്യക്തിത്വവും ഉയർത്തിക്കാട്ടുന്ന ‘ശ്രീമതി’ പോലുള്ള ചിത്രങ്ങൾ എല്ലാ ഭാഷകളിലും പുനർനിർമിക്കപ്പെടേണ്ടതാണെന്നും താരം അഭിപ്രായപ്പെട്ടു. അതേസമയം, ചടങ്ങിനിടെ മാധ്യമങ്ങളുടെ ശ്രദ്ധ തനിക്കുനേരെ എത്തിയപ്പോൾ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത് താനല്ലെന്നും തിരുവീറാണ് നായകനെന്നും വ്യക്തമാക്കി രേണു മാറിനിന്നത് ശ്രദ്ധേയമായി. ചിത്രത്തിൽ സംഗീത അധ്യാപികയുടെ അതിഥി വേഷത്തിലാണ് താരം എത്തുന്നത്.
വിശ്വക് ഖണ്ഡേ റാവു സംവിധാനം ചെയ്ത ചിത്രം കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മധുശ്രീ എന്ന കഥാപാത്രമായി നിവേദ തോമസും വാസുദേവായി തിരുവീറും അഭിനയിക്കുന്നു. സീ5 ഒറിജിനലായി ഒരുങ്ങുന്ന ‘ശ്രീമതി’ ഡിസംബർ നാലുമുതൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.


