...
Home News ഓടുന്ന തീവണ്ടികളിലെ ഇന്റർനെറ്റ് പദ്ധതി ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍

ഓടുന്ന തീവണ്ടികളിലെ ഇന്റർനെറ്റ് പദ്ധതി ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍

91

തീവണ്ടികളിൽ ഉപഗ്രഹസംവിധാനത്തിലൂടെ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള പദ്ധതി റെയിൽവേ ഉപേക്ഷിച്ചു. 2019-ലെ ബജറ്റിൽ അന്നത്തെ റെയിൽവേമന്ത്രി പീയുഷ് ഗോയലാണ് ഈ പദ്ധതി അവതരിപ്പിച്ചത്. അടുത്ത നാലു വർഷത്തിനകം രാജ്യത്തെ എല്ലാ തീവണ്ടികളിലും തടസ്സമില്ലാത്ത ഇൻറർനെറ്റ് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അമിതചെലവ് കാരണമാണ് യാത്രക്കാർക്ക് സൗജന്യമായി നൽകുമെന്നു പറഞ്ഞിരുന്ന സംവിധാനം ഉപേക്ഷിക്കാൻ കാരണം.

വലിയ സാമ്പത്തികച്ചെലവ് ഉണ്ടാകുമെന്ന കാര്യം പരീക്ഷണയോട്ടം നടത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. ന്യൂഡെൽഹി – ഹൗറ രാജധാനി എക്‌സ്പ്രസിലാണ് പരീക്ഷണം നടത്തിയത്. രാജ്യത്തിന്റെ ഉപഗ്രഹങ്ങളിലെ ട്രാൻസ്‌പോണ്ടറുകളിൽ നിന്ന്, ടവറുകൾ വഴിയല്ലാതെ, നേരിട്ട് സിഗ്‌നലുകൾ ഓടുന്ന വണ്ടിയിൽ എത്തിക്കുന്ന രീതിയാണിത്. എന്നാൽ, ഹൗറ രാജധാനിയിൽ ഇത് പരീക്ഷിച്ചപ്പോൾ ദുർബലമായ സിഗ്‌നലാണ് യാത്രക്കാരുടെ ഫോണുകളിൽ കിട്ടിയത്. 10 എം.ബി.പി.എസ്. സ്പീഡ് മാത്രമുള്ള ഡേറ്റയായിരുന്നു അത്.

ഒരു ട്രാൻസ്‌പോണ്ടറിന് പ്രതിമാസം 10 ലക്ഷം രൂപയാണ് വാടക. ഒരു തീവണ്ടി ഓടുമ്പോൾ നിരവധി ട്രാൻസ്‌പോണ്ടറുകളുടെ ഉപയോഗം വേണ്ടിവരും. ന്യൂഡെൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്‌സ്പ്രസിൽ ഈ സംവിധാനം ഏർപ്പെടുത്തണമെങ്കിൽ പോലും ചുരുങ്ങിയത് 400 ട്രാൻസ്‌പോണ്ടറുകളുടെയെങ്കിലും സഹായം വേണ്ടിവരും. യാത്രക്കാരിൽനിന്ന് ഇതിനു മാത്രമായി നിരക്ക് ഈടാക്കിയാലും മുടക്കുന്ന തുകയുടെ നൂറിലൊരംശം പോലും ലഭിക്കില്ല.

തുക ഈടാക്കി സംവിധാനം ഏർപ്പെടുത്തിയാലും ഡേറ്റ സ്പീഡിലെ കുറവുമൂലം റെയിൽവേ പഴി കേൾക്കേണ്ടി വരുമെന്നാണ് ഹൗറ എക്പ്രസിലെ പരീക്ഷണം തെളിയിച്ചത്. യാത്രക്കാർക്ക് ഇൻറർനെറ്റ് തടസ്സമില്ലാതെ എത്തിക്കാൻ പാളങ്ങളുടെ സമീപത്ത് നിശ്ചിത ദൂരത്തിൽ ടവറുകൾ സ്ഥാപിക്കുക എന്ന നിർദേശം മുമ്പ് ഉണ്ടായിരുന്നു. അത് പരിഗണിക്കാതെയാണ് ഉപഗ്രഹ ചിന്തകളിലേക്ക് അധികൃതർ കടന്നതും ഇപ്പോൾ ഉപേക്ഷിച്ചതും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.