...
Home News Kerala ജനങ്ങളോടുള്ള യുദ്ധമല്ല ജനകീയ വികസനം

ജനങ്ങളോടുള്ള യുദ്ധമല്ല ജനകീയ വികസനം

75

.ഡോ. ആസാദ്

കെ റെയിലുമായി ബന്ധപ്പെട്ടു ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ധൃതി കൊള്ളാം. സ്വകാര്യ ഭൂമിയില്‍ കടന്നു കയറി കല്ലിടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എന്ത് അവകാശമാണുള്ളത്? ഭൂമി വിട്ടുനല്‍കും മുമ്പ് കടന്നു കയറുന്നത് അതിക്രമമാണ്.

ജനങ്ങള്‍ ഭൂമി വിട്ടുതരണമെങ്കില്‍ പൊതു ആവശ്യാര്‍ത്ഥം സംസ്ഥാനത്തിന് ആ ഭൂമി ആവശ്യമാണെന്ന് സ്ഥലഉടമകള്‍ക്കുകൂടി ബോദ്ധ്യപ്പെടണം. അവിടെ വരാന്‍പോകുന്നത് സാമൂഹികവും പാരിസ്ഥിതികവും മറ്റുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികളല്ലെന്ന് പൊതു സമൂഹത്തിന് ബോദ്ധ്യപ്പെടണം. ഏതു പദ്ധതിയുടെയും മുന്നുപാധിയാണത്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭൂവുടമകളുടെ സമ്മതത്തിന് വലിയ പ്രാധാന്യമുണ്ട്.

ഓരോ പദ്ധതിയുടെ തുടക്കത്തിലും ഫീസിബിലിറ്റി പഠനങ്ങള്‍ നടത്തുന്നത് സാങ്കേതികമായ ഒരാചാരം എന്ന നിലയ്ക്കല്ല. പദ്ധതി ആവശ്യമാണോ, അതിനു യോജിച്ച സാഹചര്യം നിലനില്‍ക്കുന്നുണ്ടോ, ആഘാതങ്ങള്‍ ഏതളവുവരെ കുറയ്ക്കാനാവും തുടങ്ങിയ കാര്യങ്ങളെല്ലാം പഠിക്കേണ്ടതുണ്ട്. അത് പൊതുസമൂഹത്തിന് സമ്മതമാവണം.

സര്‍ക്കാര്‍ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ജനസഭകള്‍ക്കു മുന്നില്‍ അവതരിപ്പിക്കണം. പാരിസ്ഥിതികാഘാതം, സാമൂഹികാഘാതം, സാമ്പത്തികാഘാതം തുടങ്ങിയവയെല്ലാം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ്. അതേപ്പറ്റി മന്ത്രിമാര്‍ക്കും ഏതാനും ചില ഉദ്യോഗസ്ഥര്‍ക്കും പദ്ധതിയുടെ നിക്ഷേപകര്‍ക്കും മാത്രം ബോദ്ധ്യമുണ്ടായാല്‍ പോരാ. ഭൂവുടമകളെ പദ്ധതിയുടെ നിക്ഷേപകരായും കാണണം. അവരുമായി എല്ലാവശങ്ങളും ചര്‍ച്ച ചെയ്യണം. ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ചുമതലയാണത്.

ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെയോ മറ്റേതെങ്കിലും വ്യാപാര മാഫിയകളുടെയോ ഭരണമല്ല സംസ്ഥാനത്തുള്ളത്. അങ്ങനെ വരാന്‍ ആരും അനുവദിക്കുകയുമില്ല. അതിനാല്‍, കെ റെയില്‍ സംബന്ധമായ ഭൂമി അളക്കാനോ അതിര്‍ക്കുറ്റി കുഴിച്ചിടാനോ സ്വകാര്യ ഭൂമിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണം. ഭൂമിയില്‍ പ്രവേശിക്കാനുള്ള അനുവാദം ഭൂവുടമകളില്‍ നിന്നു നേടണം. അഥവാ ഉടമസ്ഥാവകാശം സര്‍ക്കാറില്‍ എത്തണം. അക്രമത്തിന്റെ മാര്‍ഗം ജനാധിപത്യത്തിനു ഭൂഷണമല്ല. ജനങ്ങളോടുള്ള യുദ്ധമല്ല ജനകീയ വികസനം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.