...
Home News ഡ്രസിങ് റൂമിന് പുറത്തേയ്ക്ക് നിശബ്ദനായി നോക്കിനിൽക്കുന്ന കോലി സമകാലിക ഇന്ത്യൻ ട്രാജഡിയുടെ മൂർത്തചിഹ്നമാണ്

ഡ്രസിങ് റൂമിന് പുറത്തേയ്ക്ക് നിശബ്ദനായി നോക്കിനിൽക്കുന്ന കോലി സമകാലിക ഇന്ത്യൻ ട്രാജഡിയുടെ മൂർത്തചിഹ്നമാണ്

99

എം സുകുമാരൻ ലാൽ

വിരാട്…! ഇന്നയാളെ കുറ്റപ്പെടുത്താൻ ഞാനില്ല. കളിക്കളത്തിൽ അയാളെ ഇത്രയും നിരാശനും ഹതാശനുമായി നാളിതുവരെ കണ്ടിട്ടില്ല. ഒന്നു തൂക്കിയടിക്കാൻ കെൽപ്പില്ലാത്ത പിഞ്ച് ഹിറ്റർമാർ! ഗ്യാപ് കണ്ടെത്താനറിയാത്ത മിഡിൽ ഓർഡർ ബാറ്റേഴ്സ്….എന്തിനെന്നറിയാതെ ഓടിവന്നു പന്തെറിഞ്ഞു തീർക്കുന്ന ബൗളർമാർ! മൈതാനത്തു അലഞ്ഞുതിരിയുന്ന ഫീൽഡർമാർ. പന്ത് കൈപ്പിടിയിലൊതുങ്ങാത്ത വിക്കറ്റ് കീപ്പർ. ഇതൊക്കെയെന്തെന്ന ഭാവത്തിൽ കോച്ച്!

പാകിസ്ഥാന്റെ നൂറിൽ നൂറു മാർക്കുകാർക്ക് ക്ലാസ്സ്‌ എടുക്കുന്ന സപ്ലിയെഴുതുന്ന ടീം മെൻറ്റർ. ലോട്ടറിയടിച്ച പോൽ എതിർ ടീം ആഹ്ലാദങ്ങൾ. ഇതിനേക്കാൾ ഭേദം കാണികൾക്ക് കയറാനാവാത്ത കോവിഡ് കാലമെന്നു തോന്നിപ്പിക്കുന്ന ഇന്ത്യൻ കാഴ്ചക്കാരുടെ നിസംഗത! ടെലിവിഷൻ റിമോട്ട് കളി തീരും മുൻപേ വീട്ടുകാർക്ക് തിരികെ കൊടുക്കുമ്പോൾ ഇവനെന്തുപറ്റിയെന്നു മൂക്കത്തു വിരൽവച്ചു ചാനൽ മാറ്റുന്ന സന്തോഷങ്ങൾ.

ക്രിക്കറ്റ്‌., ഊണിലും ഉറക്കത്തിലും ശ്വസിച്ചുവളർന്നവരെ ഇത്രയധികം നെഞ്ചുപൊള്ളിച്ച ഒരു ടൂർണമെന്റ് സമകാലികത്തിൽ ഇല്ല. ഔട്ടായശേഷം ഡ്രസിങ് റൂമിന് പുറത്തേയ്ക്ക് നിശബ്ദനായി നോക്കിനിൽക്കുന്ന കോലി സമകാലിക ഇന്ത്യൻ ട്രാജഡിയുടെ മൂർത്തചിഹ്നമാണ്. കഴിഞ്ഞ കളിയിൽ ഒരറ്റം കാക്കുമ്പോഴും അപ്പുറം വീണുപോയവർ വീണ്ടും വന്നപോലെ മടങ്ങുമ്പോൾ അയാളും തകരുകയായിരുന്നു.

ബാറ്റിന്റെയും ബോളിന്റെയും പ്രണയചാരുത നിറം മങ്ങാതെ മനം നിറച്ച ആ പഴയ വിരാടിനു രൂപമാറ്റം സംഭവിച്ചിരിക്കാം. ഹിറ്റ്മാനും ഫിനിഷറും മിസ്റ്റർ പെർഫെക്റ്റും ബൂം ബൂമും ഒക്കെയായി താൻ വിശ്വസിച്ചു കൂടെചേർത്തുനിർത്തിയവർ ബാറ്റും ബോളും എന്തിനുവേണ്ടിയെന്നറിയാത്ത നിഴൽ കൂത്തുകളിക്കുമ്പോൾ ഇനി അയാളെ മാത്രം പഴിയ്ക്കേണ്ടതില്ല. തെറ്റുപറ്റിയത് നമുക്കായിരുന്നു. ഒന്നും പ്രതീക്ഷിക്കരുതായിരുന്നു.നമുക്ക് ഇനി ഐപിഎല്ലിൽ റൺമഴ തീർക്കാം. പന്തെറിഞ്ഞു കളർ തൊപ്പി വയ്ക്കാം. നിങ്ങളുടെ പരസ്യം കണ്ടു ഞങ്ങളുടെ കുട്ടികളുടെ വാശികൾ തീർക്കാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.