ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ശ്രീലങ്ക രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ അരി, പഞ്ചസാര തുടങ്ങിയവയുടെ വിതരണം ഇന്നു മുതൽ സർക്കാർ നിയന്ത്രിക്കും. വിലനിർണയവും സർക്കാർ നേരിട്ടായിരിക്കും നടത്തുകയെന്ന് ബിബിസി റിപോർട്ട് ചെയ്തു.
യുഎസ് ഡോളറിനെ അപേക്ഷിച്ച് ശ്രീലങ്കൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ശ്രീലങ്കൻ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് 7.5 ശതമാനമാണ് ഇടിഞ്ഞത്. മുൻ സൈനിക മേധാവിയെ അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനുവേണ്ടിയുളള പ്രത്യേക കമ്മീഷണറായി നിയമിച്ചു. അദ്ദേഹത്തിന് പൂഴ്ത്തിവച്ച അവശ്യവസ്തുക്കൾ പിടിച്ചെടുക്കുന്നതിനും വ്യാപാരികളുമായി സംസാരിച്ച് വില നിർണയിക്കുന്നതിനുമുളള അധികാരമുണ്ടായിരിക്കും.
ഉരുളക്കിഴങ്ങ്, ഉള്ളി, പഞ്ചസാര, അരി എന്നിവയുടെ വില ശ്രീലങ്കൻ വിപണിയിൽ കുതിച്ചുയർന്നിരിക്കുകയാണ്. അതേസമയം പല വസ്തുക്കളുടെയും വിതരണം തടസ്സപ്പെട്ടു. പാചകവാതകം, മണ്ണെണ്ണ, പാൽപ്പൊടി എന്നിവയ്ക്കുവേണ്ടി അവ വിൽക്കുന്ന കടകൾക്കുമുന്നിൽ വലിയ ക്യൂ രൂപം കൊണ്ടിരിക്കുകയാണ്.
വിദേശവിനിമയ നിരക്കിലുണ്ടായ മാറ്റമാണ് വിലവർധനയ്ക്കു കാരണമെന്നാണ് വിലയിരുത്തൽ. ശ്രീലങ്കയിൽ മാസാമാസം പണപ്പെരുപ്പം ഉയർന്നുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കൾ ശ്രീലങ്ക ഇറക്കുമതി ചെയ്യുകയാണ് പതിവ്. കൊവിഡ് വ്യാപനം വർധിച്ചതോടെ പ്രധാന വരുമാനമാർഗമായ ടൂറിസം ഇടിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ സമ്പദ്ഘനയിലും 3.6 ശതമാനത്തിന്റെ ഇടിവുണ്ടായി.



