...
Home News മികച്ച ഇന്ത്യൻ യുവാക്കൾ കാനഡയിലേക്ക്; അമേരിക്കയ്ക്ക് മുന്നറിപ്പുമായി വിദഗ്ധർ

മികച്ച ഇന്ത്യൻ യുവാക്കൾ കാനഡയിലേക്ക്; അമേരിക്കയ്ക്ക് മുന്നറിപ്പുമായി വിദഗ്ധർ

330

ഇന്ത്യയിൽ നിന്നും യുവാക്കൾ കൂടതലായി കാനഡയിലേക്ക് ആകർഷിക്കപ്പെടുന്നുവെന്ന് മുന്നറിയിപ്പ് നൽകി യുഎസ് ഇമിഗ്രേഷൻ, പോളിസി വിദഗ്ധർ. അമേരിക്കയിലെ കാലഹരണപ്പെട്ട എച്ച്-1ബി വീസാ നയം മൂലമാണ് തൊഴിൽവൈദഗ്ധ്യമുള്ള ഇന്ത്യൻ യുവാക്കൾ കാനഡയിലേക്ക് പോകുന്നത്.

അമേരിക്കയുടെ ജനപ്രതിനിധികൾക്കു മുന്നിലാണ് എച്ച്-1ബി വീസാ നയത്തിന്റെ പ്രശ്നങ്ങൾ വിദഗ്ധർ അവതരിപ്പിച്ചത്. യുഎസിൽനിന്ന് തൊഴിൽവൈദഗ്ധ്യമുള്ള ഇന്ത്യക്കാർ കാനഡയിലേക്ക് ഒഴുകുന്നതു തടയാൻ യുഎസ് കോൺഗ്രസ് സത്വര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

എത്രയും പെട്ടെന്ന് നടപടി ഉണ്ടായില്ലെങ്കിൽ തൊഴിൽ വൈദഗ്ധ്യമുള്ളവരുടെ ദൗർലഭ്യം നേരിടേണ്ടിവരുമെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റുവർട്ട് ആൻഡേഴ്സൺ പറഞ്ഞു.

ഗ്രീൻ കാർഡിനു വേണ്ടി ലക്ഷക്കണക്കിന് ആളുകൾ കാത്തുനിൽക്കേണ്ട അവസ്ഥയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്ന് ഹൗസ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ ആൻഡേഴ്സൺ അറിയിച്ചു. തൊഴിൽ വൈദഗ്ധ്യമുള്ള വിദേശ പൗരന്മാരും വിദ്യാർഥികളും ഇപ്പോൾ അമേരിക്കയേക്കാൾ കാനഡയാണു പരിഗണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എച്ച്-1ബി വീസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നവർ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും മറ്റുമാണ് ഇതിനു കാരണം. സ്ഥിരതാമസത്തിനു അനുമതി ലഭിക്കുന്നതിൽ കാനഡയിലെ നടപടികൾ താരതമ്യേന എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി അമേരിക്കയിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 25 ശതമാനത്തോളം ഇടിവുണ്ടായി. അതേസമയം കാനഡ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 2016ലെ 76,075ൽനിന്നും 2018ൽ 1,72,625 ആയി വർധിച്ചു. കാനഡയിലെ കുടിയേറ്റ നയം അമേരിക്കയിലേതിനേക്കാൾ മെച്ചപ്പെട്ടതാണെന്നും ആൻഡേഴ്സൺ ചൂണ്ടിക്കാട്ടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.