ലഖ്നൗ: ഉത്തർപ്രദേശിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ (എസ്ഐആർ) നടപടിക്കിടെ വീണ്ടും ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ട്. അസംഗഢ് മണ്ഡലത്തിൽ ‘വികാസ് യാദവ്’ എന്ന ഒരേ പേരിലും വിലാസത്തിലും 11 വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തിയതായാണ് കണ്ടെത്തൽ. സംഭവത്തിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉന്നയിച്ച ആരോപണത്തിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പരിശോധനയിൽ പിഴവ് സ്ഥിരീകരിച്ചതായാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബൂത്ത് ലെവൽ ഓഫീസർമാരെയും (ബിഎൽഒ) ഒരു കമ്പ്യൂട്ടർ അസിസ്റ്റന്റിനെയും ചുമതലയിൽനിന്ന് മാറ്റാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. അസംഗഢ് ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.
ഒരേ പേരും ജനനത്തീയതിയും; പത്ത് എൻട്രികൾ
അസംഗഢ് മണ്ഡലത്തിൽ വികാസ് യാദവ് എന്ന പേരിൽ 11 എൻട്രികളാണ് കണ്ടെത്തിയത്. യഥാർഥത്തിൽ ഒരാൾ മാത്രമാണ് ഈ പേരിൽ ഉണ്ടായിരുന്നതെന്നും മറ്റ് പത്ത് പേരുടെ വിവരങ്ങൾ അതേ പേരിലും വിലാസത്തിലും രേഖപ്പെടുത്തിയതാണെന്നുമാണ് റിപ്പോർട്ട്.
പട്ടികയിലെ എല്ലാ എൻട്രികളിലും ജനനത്തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ഒരേപോലെ രേഖപ്പെടുത്തിയതും സംശയത്തിനിടയാക്കി. പിഴവ് കൃത്യസമയത്ത് തിരുത്തിയില്ലെങ്കിൽ ബന്ധപ്പെട്ട വോട്ടർമാരുടെ വോട്ടവകാശത്തെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ ഒരു ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്കും രണ്ട് അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കുമെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ കേസെടുക്കാനുള്ള സാധ്യതയും പരിശോധിക്കുന്നതായാണ് വിവരം.
ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.
വോട്ടർപട്ടികയിൽ വ്യാപക പിഴവ്
നേരത്തേ പിലിഭിത്ത് മണ്ഡലത്തിലും വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതി ഉയർന്നിരുന്നു. ഇലക്ടർ ഫോട്ടോ ഐഡന്റിറ്റി കാർഡ് (ഇപിഐസി) നമ്പർ നിലനിർത്തിക്കൊണ്ട് 10,470 വോട്ടർമാരുടെ പേരുകൾ മാറ്റിയതായി കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്.
കോൺഗ്രസ് ആരോപണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പിഴവ് സ്ഥിരീകരിച്ചതായും സംഭവത്തിൽ മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഫോം 8ൽ ക്രമരഹിതമായി രേഖപ്പെടുത്തിയ എൻട്രികൾ തിരുത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചിരുന്നു. രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കെതിരെ വകുപ്പുതല നടപടികൾക്കും ഉത്തരവിട്ടിരുന്നു. അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
പിലിഭിത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരുടെ വോട്ടുകൾ വ്യാപകമായി ഒഴിവാക്കപ്പെട്ടെന്ന ആരോപണവും ഉയർന്നിരുന്നു. വോട്ടർപട്ടികയിലെ ഇത്തരം മാറ്റങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ആശങ്കയും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
എസ്ഐആർ നടപടികൾ വീണ്ടും ചർച്ചയാകുന്നു
ഉത്തർപ്രദേശിൽ തുടർച്ചയായി വോട്ടർപട്ടികയിലെ പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എസ്ഐആർ നടപടികളുടെ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അസംഗഢിലെ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുന്ന നടപടികളും വോട്ടർപട്ടികയിലെ തെറ്റായ എൻട്രികൾ എത്രത്തോളം വേഗത്തിൽ തിരുത്തുമെന്നതും നിർണായകമാകും.


