...
Home News ലീഗിലെ ഭിന്നത നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് കെ ടി ജലീല്‍ എത്തുമ്പോൾ

ലീഗിലെ ഭിന്നത നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് കെ ടി ജലീല്‍ എത്തുമ്പോൾ

99

ലീഗിലെ ഭിന്നത നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് കെ ടി ജലീല്‍ ശക്തി സമാഹരിച്ചതാണ് യു ഡി എഫ് നേതാക്കളെ അമ്പരപ്പിച്ചിരിക്കുന്നത്. മന്ത്രിയായ ജലീലിനേക്കാള്‍ മന്ത്രി അല്ലാതിരിക്കുന്ന ജലീലിനെ ഭയക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഹൈദരലി ശിഹാബ് തങ്ങളുടെ മകനെതിരെ നടപടി എടുത്താല്‍ വിവരം അറിയുമെന്ന് ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയ ജലീലിന്റെ നിലപാട് രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ലീഗ് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടി എടുത്താലും ഇല്ലങ്കിലും ഇടതുപക്ഷത്തെ സംബന്ധിച്ച് സാഹചര്യം അനുകൂലം തന്നെയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്നെ ലീഗിന് വലിയ പ്രഹരം ഏല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. മലബാറിലെ പ്രത്യേകിച്ച് മലപ്പുറത്തെ ലീഗ് കോട്ടകള്‍ തകര്‍ക്കുക എന്നതാണ് സി പി എമ്മിന്റെ ലക്ഷ്യം. അതിനു വേണ്ടിയാണ് സി പി എം സ്വതന്ത്രരായി വിജയിച്ച കെ ടി ജലീല്‍, മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവരെ ഉള്‍പ്പെടെ മുന്‍ നിര്‍ത്തുന്നത്. ഇവരോടൊപ്പം ഐ എന്‍ എല്ലും ശക്തമായി തന്നെ രംഗത്തുണ്ട്.

ചാനല്‍ ചര്‍ച്ചകളില്‍ ചന്ദ്രിക വിവാദം കത്തിച്ചു നിര്‍ത്തുന്നതില്‍ ഐ എന്‍ എല്‍ വഹാബ് വിഭാഗം നേതാക്കളാണ് ഏറെ സജീവമായിട്ടുള്ളത്. ലീഗില്‍ ആഭ്യന്തര സംഘര്‍ഷം പൊട്ടിത്തെറിയില്‍ കലാശിച്ചാല്‍ മുഈനലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ നല്ലൊരു വിഭാഗം പാര്‍ട്ടി വിട്ട് ഈ വിഭാഗത്തോടൊപ്പം ചേരാനാണ് സാധ്യത. ഇവര്‍ക്ക് പിന്തുണയുമായി പ്രമുഖ സാമുദായിക സംഘടന കൂടി ചേരുമ്പോള്‍ ഈ വിഭാഗത്തിന് ശക്തിയും വര്‍ദ്ധിക്കും. മുസ്ലീംലീഗിനെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ആ പാര്‍ട്ടി ഇപ്പോള്‍ നേരിടുന്നത്.

കുഞ്ഞാലിക്കുട്ടിയെ കൈവിട്ട് ഒരടി മുന്നോട്ട് പോകാന്‍ ലീഗ് നേതൃത്വത്തിന് കഴിയുകയില്ല. ആ പാര്‍ട്ടിയുടെ സെറ്റപ്പും അങ്ങനെയാണ്. ഇതിനെയാണ് മുഈനലി ശിഹാബ് തങ്ങളും ചോദ്യം ചെയ്തിരിക്കുന്നത്. നേതൃയോഗത്തിലെ പുതിയ തീരുമാനമൊന്നും ലീഗിലെ വിള്ളല്‍ അടയ്ക്കാന്‍ പര്യാപ്തമല്ല. അധികം താമസിയാതെ തന്നെ അത് വലിയ പൊട്ടിത്തെറിയില്‍ കലാശിക്കാനാണ് സാധ്യത.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.