ഉറങ്ങുന്നതിനും മത്സരം. ജപ്പാനിലെ ടോക്കിയോയിൽ നടന്ന ‘മാറ്റ് റേസ്’ എന്ന വ്യത്യസ്ത മത്സരമാണ് ശ്രദ്ധ നേടുന്നത്. ആഴത്തിൽ ഉറങ്ങാനും വേഗത്തിൽ ഉറക്കത്തിലേക്ക് വഴുതിവീഴാനും മത്സരിച്ചവർക്കായി വിജയിക്ക് രണ്ട് ദശലക്ഷം യെൻ (ഏകദേശം 12 ലക്ഷം രൂപ) സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ച നടന്ന 90 മിനിറ്റ് മത്സരത്തിൽ പങ്കെടുത്തവർക്ക് സുഖപ്രദമായ മെത്തകളും ഉറക്കത്തിനാവശ്യമായ സൗകര്യങ്ങളും ഒരുക്കിയിരുന്നു. മത്സരാർഥികൾ എത്ര വേഗത്തിൽ ഉറങ്ങുന്നു, എത്രനേരം ആഴത്തിലുള്ള ഉറക്കത്തിലായിരുന്നു തുടങ്ങിയ കാര്യങ്ങൾ പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ നിരീക്ഷിച്ചു.
ജപ്പാനിലെ കടുത്ത തൊഴിൽസംസ്കാരവും ഉറക്കക്കുറവും സംബന്ധിച്ച് ബോധവത്കരണം നടത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി. ശരാശരി പ്രതിദിന ഉറക്കസമയം കുറഞ്ഞ രാജ്യങ്ങളിലൊന്നായാണ് ജപ്പാൻ വിലയിരുത്തപ്പെടുന്നത്.
മത്സരത്തിൽ ഏറ്റവും മികച്ച ഉറക്കം നേടിയ സുമി എന്ന മത്സരാർഥിയാണ് സമ്മാനം സ്വന്തമാക്കിയത്. വ്യക്തിപരമായ ആവശ്യങ്ങൾക്കും താമസസ്ഥലം മാറ്റുന്നതിനുമായി സമ്മാനത്തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


