...
Home Entertainments ആദ്യ പാൻ ഇന്ത്യൻ മലയാള സിനിമ പ്രദർശനത്തിനെത്തിയിട്ട് 73 വർഷങ്ങൾ

ആദ്യ പാൻ ഇന്ത്യൻ മലയാള സിനിമ പ്രദർശനത്തിനെത്തിയിട്ട് 73 വർഷങ്ങൾ

284 ദിവസങ്ങളാണ് കേരളത്തിലെ തിയ്യേറ്ററുകളിൽ ചിത്രം പ്രദർശിപ്പിച്ചത്. ദക്ഷിണേന്ത്യൻ ഭാഷകളിലെ വമ്പൻ വിജയത്തെ തുടർന്ന് ചിത്രം 'ജീവൻ നൗക' എന്ന പേരിൽ ഹിന്ദിയിലേയ്ക്കും ഡബ്ബ് ചെയ്യപ്പെടുകയുണ്ടായി.

298

| പിജി പ്രേംലാൽ

മലയാളസിനിമയിലെ ഏറ്റവും ആദ്യത്തെ ‘ബ്ലോക്ക്ബസ്റ്റർ’ ചിത്രമായിരുന്നു ജീവിതനൗക. ആദ്യത്തെ പാൻ ഇന്ത്യൻ മലയാള ചിത്രവും അതുതന്നെയായിരുന്നുവെന്ന് പറയാം. ‘ജീവൻ നയ്യ’ എന്ന ഹിന്ദിചിത്രത്തിൻ്റെ വിപുലപ്പെടുത്തിയതും നവീകരിച്ചതുമായ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ജീവിതനൗക.

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിച്ച സിനിമ കൂടിയായിരുന്നു ജീവിതനൗകയെന്ന് വിക്കിപീഡിയയും മറ്റു ചില ലേഖനങ്ങളും പറയുന്നുണ്ടെങ്കിലും അത് ശരിയാണെന്ന് തോന്നുന്നില്ല. ചിത്രം ആ ഭാഷകളിലേയ്ക്ക് ഡബ്ബ് ചെയ്തതാണെന്ന് തോന്നുന്നു. തമിഴിൽ ‘പിച്ചൈക്കാരി’ എന്ന പേരിൽ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനരംഗം യൂട്യൂബിൽ ലഭ്യമാണ്. അതു കണ്ടാൽ ചിത്രം ഡബ്ബ് ചെയ്തതാണെന്ന് വ്യക്തമാകുന്നു.

എന്തായാലും ചിത്രം തമിഴ്നാട്ടിലും വലിയ വിജയമായിരുന്നു. ഒപ്പം തെലുങ്കു പതിപ്പും വിജയം കണ്ടു. 284 ദിവസങ്ങളാണ് കേരളത്തിലെ തിയ്യേറ്ററുകളിൽ ചിത്രം പ്രദർശിപ്പിച്ചത്. ദക്ഷിണേന്ത്യൻ ഭാഷകളിലെ വമ്പൻ വിജയത്തെ തുടർന്ന് ചിത്രം ‘ജീവൻ നൗക’ എന്ന പേരിൽ ഹിന്ദിയിലേയ്ക്കും ഡബ്ബ് ചെയ്യപ്പെടുകയുണ്ടായി. അവിടെയും ചിത്രം ശ്രദ്ധേയവിജയമായി. അത്തരത്തിൽ, മലയാളത്തിൽ ‘പാൻ ഇന്ത്യൻ’ ലെവലിൽ ശ്രദ്ധേയനാകാൻ കഴിഞ്ഞ ആദ്യ മലയാളനായകനെന്ന വിശേഷണത്തിന് അർഹതപ്പെട്ടയാളെന്ന് തിക്കുറിശ്ശി സുകുമാരൻ നായരെ വിലയിരുത്താവുന്നതാണ്. ജീവിതനൗകയിലൂടെയാണ് പ്രശസ്തഗായകൻ മെഹബൂബ് അരങ്ങേറ്റം കുറിച്ചതെന്നും ഓർമ്മിക്കാം.

ചിത്രത്തിൽ അഭയദേവ് രചിച്ച് ദക്ഷിണാമൂർത്തി സംഗീതം നൽകിയ പതിനാലോളം ഗാനങ്ങളുണ്ടായിരുന്നു. അക്കാലത്തെ പതിവനുസരിച്ച് ഹിന്ദിഗാനങ്ങളുടെ ഈണങ്ങളോടു ചേർന്നുനില്ക്കുന്ന വിധത്തിലുള്ള സംഗീതശൈലി തന്നെയായിരുന്നുവെങ്കിലും ‘ആനത്തലയോളം വെണ്ണ തരാമെടാ’ എന്നതടക്കമുള്ള ചില ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

തിക്കുറിശ്ശി സുകുമാരൻ നായർക്കും ബി.എസ്.സരോജയ്ക്കും പുറമേ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും എസ്.പി. പിള്ളയും ആദിമൂലവും പങ്കജവല്ലിയും മുതുകുളവും അഭിനേതാക്കളുടെ നിരയിലുണ്ടായിരുന്നു. കെ.വി.കോശിയും കുഞ്ചാക്കോയും ചേർന്ന് കെ ആൻഡ് കെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച്, മുതുകുളം രാഘവൻപിള്ളയുടെ രചനയിൽ കെ.വെമ്പു സംവിധാനം ചെയ്ത ജീവിതനൗക മലയാള സിനിമാചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി നിലകൊള്ളുന്നു. ജീവിത നൗക.. 73 വർഷങ്ങൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.