പോയ മാസം ബസിനസ് ലോകത്ത് ചൂടേറിയ വിവാദങ്ങൾക്ക് കാരണമായിരുന്നു മൂന്നു വരകൾ അടങ്ങിയ ഒരു ലോഗോ. ലോക പ്രശസ്ത സ്പോർട്സ് വെയർ ബ്രാന്റായ അഡിഡാസും മനുഷ്യാവകാശ സംഘടനയായ ബ്ലാക്ക് ലൈവ്സ് മാറ്റർ ഫൗണ്ടേഷനുമാണ് തങ്ങളുടെ ലോഗോകളുടെ പേരിൽ നിയമയുദ്ധത്തിന് പുറപ്പെട്ടത്.
അഡിഡാസ് ബ്രാൻഡിന്റെ ലോഗോയിലെ മൂന്നു വരകൾ ലോക പ്രസിദ്ധമാണ്. ബിഎൽഎമ്മിന്റെ ലോഗായിലുമുണ്ട് മൂന്നു വരകൾ. ഈ വരകൾ ബ്രാന്റുകൾ തമ്മിൽ മാറിപ്പോകുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി അഡിഡാസ് ആണ് യുഎസ് ട്രേഡ് മാർക്ക് ആന്റ് പേറ്റന്റ് ഓഫീസിൽ പരാതി സമർപ്പിച്ചത്.
എന്നാൽ അഡിഡാസിന്റെ പരാതിയിൽ കഴമ്പില്ലെന്നും ബിഎൽഎമ്മിന്റെ മഞ്ഞ വരകൾക്ക് അഡിഡാസിന്റെ ലോഗോയുമായി വിദൂര ബന്ധം പോലുമില്ലെന്നും സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടതോടെ അഡിഡാസ് പരാതി പിൻവലിക്കുകയായിരുന്നു.
2020 ലാണ് ബിഎൽഎം ട്രേഡ് മാർക്കിന് അപേക്ഷ നൽകിയത്. 2022 ൽ ഇതിനെതിരെ അഭിപ്രായമുണ്ടെങ്കിൽ സമർപ്പിക്കാനുള്ള അവസരവും നൽകിയിരുന്നു. ഈ വേളയിലാണ് അഡിഡാസ് എതിർപ്പുമായി രംഗത്തെത്തിയത്. 1924 ലാണ് ജർമ്മൻ കമ്പനിയായ അഡിഡാസിന്റെ തുടക്കം.
1952 മുതൽ നിലവിലുള്ള ലോഗോ അഡിഡാസ് ഉപയോഗിക്കുന്നുമുണ്ട്. ആഫ്രോ- അമേരിക്കൻ വംശജർക്കെതിരെയുള്ള വംശീയാതിക്രമങ്ങളിൽ പ്രതിഷേധിക്കുന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനം 2013ൽ ആണ് ആരംഭിക്കുന്നത്. 2020 ൽ ആഫ്രോ അമേരിക്കൻ യുവാവ് ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് ഈ സ്ഥാപനം ആഗോള ശ്രദ്ധ നേടുന്നത്.



