പുതിയ തീരുമാനപ്രകാരം ഇന്ത്യന്‍ റെയിൽവേയില്‍ വെയിറ്റിങ് ലിസ്റ്റ് ഇല്ലാതാവുന്നു. 2027 ആകുന്നതോടെ എല്ലാ ബുക്കിങ്ങുകൾക്കും യാത്രാ സൗകര്യം ഒരുക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു .ഇതിന്റെ ഭാഗമായി എല്ലാ ദിവസവും ഓടുന്ന ട്രെയിനുകളുടെ എണ്ണം 13000 ആയി ഉയർത്തും.
ട്രെയിനുകളിലെ തിരക്ക് കൂടുന്ന സാഹചര്യത്തിലാണ് റെയിൽവേ ഈ രീതിയിൽ ഒരു തീരുമാനമെടുത്തത്.ദീപാവലി കാരണം രാജ്യത്തുടനീളം ട്രയിനുകളില്‍ തിരക്ക് രൂക്ഷമാവുകയും ബീഹാറില്‍ തിങ്ങിനിറഞ്ഞ ട്രയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിക്കുകയും ചെയ്ത പശ്ചാതലത്തിലാണ് റയില്‍വേ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ദേശീയ മാധ്യമമായ എൻഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോൾ പ്രതിദിനം 10748 ട്രെയിനുകളാണ് രാജ്യത്ത് ആകെ സർവീസ് നടത്തുന്നത്. ഇനി വരുന്ന നാല് വർഷത്തിനുള്ളിൽ 3000 ട്രെയിനുകൾ കൂടി ട്രാക്കിലിറങ്ങും. യാത്രക്കാരുടെ എണ്ണം ഇപ്പോഴുള്ള 800 കോടിയിൽ നിന്ന് 1000 കോടിയായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ ട്രാക്കുകളുടെ എണ്ണം വർധിപ്പിക്കും. ഓരോ വർഷവും 4000 മുതൽ 5000 വരെ പുതിയ ട്രാക്കുകൾ നിർമിക്കും.ഇതോടൊപ്പം ട്രെയിനുകളുടെ വേഗത വർധിപ്പിച്ച് യാത്രാസമയം കുറയ്ക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്.



