| പികെ സുരേഷ് കുമാർ
ഗുണ്ട ബസുകൾ എന്നറിയപ്പെടുന്ന ബ്ലൂ ലൈൻ ബസുകൾ ( പ്രൈവറ്റ് ബസ് സർവീസ് ) ആയിരുന്നു ഒരുകാലത്ത് ഡൽഹി റോഡുകൾ അടക്കി ഭരിച്ചിരുന്നത്. എത്രയെത്ര ആളുകൾ ഗുണ്ടാ സർവീസുകാരുടെ കൊള്ളയടിക്കും മർദ്ദനത്തിനും ഇരകളായി. ലൈസൻസ് പോലുമില്ലാത്ത ആളുകൾ ബസ് ഓടിച്ചുണ്ടായ അപകടങ്ങളിൽ എത്രയോ പേർ കൊല്ലപ്പെട്ടു. ആ ഗുണ്ടാ സർവീസിന്റെ ഒടുവിലത്തെ ഇരയായിരുന്നു ഓടുന്ന ബസിൽ അതിക്രൂരമായ കൂട്ട മാനഭംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നിർഭയ.
ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനെ ശക്തിപെടുത്തി ബ്ലൂ ലൈൻ ബസ് ഗുണ്ടായിസത്തിന് തടയിട്ടത് അരവിന് കെജരിവാൾ മുഖ്യമന്ത്രി ആയതോടെയാണ് . എന്നാൽ ഇപ്പോൾ വീണ്ടും സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകാനുള്ള തീരുമാനം ഡൽഹി സർക്കാർ എടുത്തു കഴിഞ്ഞു. കേരളത്തിലേതു പോലെ ശക്തമായ സ്റ്റേജ് ക്യാരേജ് സംവിധാനം ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ല… KSRTC ഓടുന്ന നിരക്കിൽ തന്നെ പെർമിറ്റ് എടുത്ത് പ്രൈവറ്റ് ബസുകാരും സർവീസ് നടത്തുന്നു.. ഇന്ന് ബസ് സർവീസ് എത്താത്ത ഒരു ഗ്രാമം പോലും കേരളത്തിൽ ഇല്ല. ദേശീയ പാത – സംസ്ഥാന പാത വികസനത്തിന് ഒപ്പം ഗ്രാമീണ റോഡുകളും വികസിച്ചു.
പത്തിരുപത്തി അഞ്ച് കൊല്ലം മുമ്പ് ഗ്രാമീണ – മലയോര മേഖലകളിൽ ആവശ്യത്തിന് ബസ് സർവീസ് ഇല്ലാതെ സമാന്തര സർവീസുകൾ മാത്രമാണ് ആശ്രയമായി ഉണ്ടായിരുന്നത് . ബസ് ചാർജിന്റെ രണ്ടും മൂന്നും നാലും ഇരട്ടി വരെ ചാർജ് ഈടാക്കി ഓടിയിരുന്ന സമാന്തര സർവീസുകൾ. ഇന്ന് സമാന്തര സർവീസുകൾ കാണാനില്ല.
സ്വകാര്യ മേഖലയിൽ സ്റ്റേജ് ക്യാര്യേജ് പെർമിറ്റ് എന്തെന്ന് പോലും കേട്ട് കേൾവി ഇല്ലാത്ത വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ AlTP യോ അതിനപ്പുറമുള്ള സംവിധാനങ്ങൾ വന്നാലോ അവിടെ ഒരു പ്രശ്നവുമില്ല. കുറഞ്ഞ നിരക്കിലുള്ള പൊതുഗതാഗത സംവിധാനം കാര്യമായി അനുഭവിച്ചറിയാത്തവർക്ക് എന്ത് AITP ?
585 ബസുകളാണ് ആസാം RTC യ്ക്ക് സ്വന്തമായി ഉള്ളത്. കുറച്ച് ബസുകൾ വാടകയ്ക്ക് എടുത്തും സർവീസ് നടത്തുന്നു. ബാക്കി സർവീസുകളുടെ ചാർജ്ജുകളൊക്കെ തോന്നും പടിയാണ്.. ആസാമിൽ AITP പെർമിറ്റ് ഉള്ള വണ്ടി സ്റ്റേജ് ക്യാര്യേജ് ആയി സർവീസ് നടത്തുന്നു എന്ന് പറഞ്ഞ് ഒരു ഹൈക്കോടതി വക്കീൽ റോബിൻ ബസിന് പിന്തുണയുമായി വന്നിട്ടുണ്ട്.
ഇന്ത്യയിൽ പൊതു ഗതാഗതം ഏറ്റവും ശക്തമായി കൈകാര്യം ചെയ്യുന്നത് തെക്കേ ഇന്ത്യൻ RTCകളാണ്. മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ RTC ആന്ധ്ര RTC ആയിരുന്നു. ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രി ആയിരുന്നപ്പോൾ തന്നെ ആന്ധ്ര RTC യുടെ സാമ്പത്തിക തകർച്ച ആരംഭിച്ചു. APSRTC യ്ക്ക് നൽകുന്ന സഹായം ആന്ധ്ര സർക്കാർ വെട്ടിക്കുറച്ചു. ആന്ധ്ര – തെലങ്കാന വിഭജനത്തോടെ ഏറ്റവും വലിയ RTC എന്ന പദവി APSRTC യ്ക്ക് നഷ്ടമായി .
രാജ്യത്തെ വലിയ 10 RTCകൾ, Up, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക, കേരളം, തെലങ്കാന, ആന്ധ്ര എന്നിവയാണ്… ( രാജസ്ഥാൻ RTC യ്ക്കും 4000 ന് അടുത്ത് ബസുകൾ ഉണ്ട്. ) ഉത്തർപ്രദേശ് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനമായിട്ടും UP RTC യുടെ ബസുകളുടെ എണ്ണം പതിനയിരത്തിന് അടുത്ത് മാത്രമാണ്. അതിൽ നല്ലൊരു പങ്കും അന്തർസംസ്ഥാന സർവീസുകളും. രാജ്യത്തെ ഒരു RTC പോലും ലാഭത്തിലലല്ല പ്രവർത്തിക്കുന്നത്. തമിഴ് നാടിന്റെ പ്രതിദിന നഷ്ടം 15 കോടി രൂപയാണ് . ( പ്രതിവർഷം 5475 കോടി രൂപ ) ഡൽഹിയുടെ മൊത്തം നഷ്ടം 4000 കോടിയ്ക്ക് മുകളിലും.
കഴിഞ്ഞ യു.പി. അസംബ്ലി ഇലക്ഷൻ പ്രചരണം മലയാള മാധ്യമങ്ങൾ കവർ ചെയ്തപ്പോൾ കേരളത്തിലെ മൂവാറ്റുപുഴ RTO യുടെ കീഴിൽ രജിസ്റ്റർ ചെയ്ത ബസ് അവിടെ RC ചേഞ്ച് ചെയ്യാതെ സർവീസ് നടത്തുന്നു… സ്റ്റേജ് ക്യാരേജ് അല്ല , അങ്ങനെയുള്ള പരിപാടി ഒന്നും പ്രൈവറ്റ് ബസ് രംഗത്ത് കാര്യമായി UP യിൽ ഇല്ല. UP എന്നല്ല ഒട്ടുമിക്ക വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇല്ല.
ശക്തമായ സ്റ്റേജ് ക്യാര്യേജു സംവിധാനങ്ങൾ നിലവിലുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബസ് യാത്രാ നിരക്ക് നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരുകൾ ആണ് . രാജ്യത്ത് സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ സ്റ്റേജ് ക്യാര്യേജ് പെർമിറ്റുകൾ ഉള്ള സംസ്ഥാനവും കേരളമാണ്. മറ്റ് സംസ്ഥാനങ്ങളിൽ സ്വകാര്യ ബസുകൾ ഇല്ലെന്നല്ല, പക്ഷേ സ്റ്റേജ് ക്യാര്യേജ് പ്രൈവറ്റ് ബസുകൾ കുറവാണ്.
ഇത്രയേറെ ശക്തമായി പൊതു ഗതാഗത സംവിധാനം നിലനിൽക്കുന്ന കേരളത്തിൽ അതിന്റെ അന്തകനായി AlTP പെർമിറ്റിന്റെ മറവിൽ യഥേഷ്ടം ടിക്കറ്റ് നിരക്ക് തീരുമാനിച്ച് സ്വകാര്യ കമ്പനികളും വ്യക്തികളും കടന്ന് വരുന്നത് എങ്ങിനെയാണ് അംഗീകരിക്കാനാകുക ? യാത്രകൾക്ക് ബസ് സംവിധാനങ്ങളെ കാര്യമായി ആശ്രയിക്കാത്ത മധ്യവർഗ്ഗ – ഉപരിമധ്യവർഗ്ഗ വിഭാഗങ്ങളുടെ തെരുവ് – സോഷ്യൽ മീഡിയ ആഘോഷ കൂത്താട്ടങ്ങൾക്ക് ഒരു ജനാധിപത്യ സർക്കാരിനും കൂട്ട് നിൽക്കാനാകില്ല.



