രാജ്യത്തെ നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം തെളിഞ്ഞപ്പോള്‍ ആശ്വസിക്കാന്‍ വകയില്ലാതെ കോണ്‍ഗ്രസ്. കൈവശമുണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളും കൂടി കോണ്‍ഗ്രസിന് ഇത്തവണ നഷ്ടമായി എന്നതാണ് ഇരട്ടി നിരാശയ്ക്ക് ഇടയാക്കുന്നത്. ഇനിയിപ്പോൾ ആശ്വസിക്കാനുള്ളത് തെലങ്കാനയിലെ വിജയം മാത്രമാണ്. ബി.ജെ.പിയോട് നേര്‍ക്കുനേര്‍ പോരാടിയ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് പരാജയം രുചിക്കേണ്ടി വന്നു.
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാകുമെന്ന് വിലയിരുത്തിയ ഈ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയം ഫലത്തില്‍ പ്രതിപക്ഷ ഇന്‍ഡ്യ മുന്നണിക്കും തിരിച്ചടി ആയിരിക്കുകയാണ്. മധ്യപ്രദേശില്‍ രൂക്ഷമായിരുന്ന ഭരണ വിരുദ്ധ വികാരത്തെ മറികടന്നാണ് ബി.ജെ.പിയുടെ ജയം.
വടക്കേന്ത്യൻ ഹിന്ദി ബെല്‍റ്റിലെ നിര്‍ണായ സംസ്ഥാനങ്ങളായ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും വിജയം ബിജെപിക്ക് വരും തിരഞ്ഞെടുപ്പുകളെ നേരിടാന്‍ ഏറെ ആത്മവിശ്വാസം നല്‍കും. മധ്യപ്രദേശില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ ബി.ജെ.പിക്കുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ ശക്തമായ പോരാട്ടം നടക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകളിലെ പ്രവചനം.
രാജസ്ഥാനിലാവട്ടെ അധികാരം തിരിച്ചുപിടിച്ച് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തെ പാടെ തകര്‍ത്തിരിക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസിന്റെ ഉള്‍പ്പാര്‍ട്ടി സംഘര്‍ഷങ്ങളിലേക്കുള്‍പ്പടെ വിരല്‍ചൂണ്ടുന്നതാണ് രാജസ്ഥാനിലെ ബി.ജെ.പി ജയം. ഛത്തീസ്ഗഡിലും ബി.ജെ.പി അധികാരം തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ പലതും വാഗ്ദാനങ്ങള്‍ മാത്രമായി അവശേഷിച്ചപ്പോള്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നു.
സമൂഹത്തിലെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള നിരവധി വാഗ്ദാനങ്ങള്‍ നിരത്തിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. തെലങ്കാനയിലാവട്ടെ വൻ ജയമാണ് കോണ്‍ഗ്രസ് നേടിയത്. അധികാരത്തിലുള്ള ബി.ആര്‍.എസിനെയും വാഗ്ദാനപ്പെരുമഴയുമായെത്തിയ ബി.ജെ.പിയെയും ശക്തമായി നേരിട്ടാണ് കോണ്‍ഗ്രസ് ജയം കണ്ടത്.
സംസ്ഥാന രൂപീകരണത്തിന് തന്നെ മുന്നില്‍ നിന്നയാളാണ് നിലവിലെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. രണ്ടുതവണത്തെ തിരഞ്ഞെടുപ്പിലും ചന്ദ്രശേഖര്‍ റാവു തെലങ്കാനയുടെ നായകനായപ്പോള്‍ ഇത്തവണ കോണ്‍ഗ്രസിന് മുന്നില്‍ അടിപതറുകയായിരുന്നു. രണ്ടിടത്ത് മത്സരിച്ച ചന്ദ്രശേഖര്‍ റാവു കാമറെഡ്ഡി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനോട് പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.




