...
Home News ബ്ലൂടൂത്തുകൊണ്ട് കളിക്കല്ലേ പണി കിട്ടും; ഗവേഷകരുടെ മുന്നറിയിപ്പ്

ബ്ലൂടൂത്തുകൊണ്ട് കളിക്കല്ലേ പണി കിട്ടും; ഗവേഷകരുടെ മുന്നറിയിപ്പ്

എയർഡ്രോപ് എന്ന ജനപ്രിയ ഫീച്ചർ അപകടസാധ്യത ഉയർത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.

251

ഫോണിലെ ബ്ലൂടൂത്ത് (Bluetooth) എല്ലായ്പ്പോഴും ഓൺ ചെയ്‌തുവെക്കുന്ന ശീലമുണ്ടെങ്കിൽ അതത്ര നല്ലതല്ലെന്ന് യൂറെകോം സുരക്ഷാ ഗവേഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമാണ് ബ്ലൂടൂത്തിൽ പുതിയ ചില സുരക്ഷാ പിഴവുകൾ ഇവർ കണ്ടെത്തിയത്. 2014 അവസാനം മുതൽ ഇന്നുവരെ ഇറങ്ങിയ സ്മാർട്ട്ഫോണുകളെ ബാധിക്കുന്നതാണീ സുരക്ഷാ പ്രശ്നം. 4.2 മുതൽ 5.4 വരെയുള്ള ബ്ലൂടൂത്ത് പതിപ്പുകളെ അത് ബാധിക്കുമെന്നാണ് റിപ്പോർട്ട്‌.

ഇതിലെ സുരക്ഷാ പിഴവിലൂടെ സൈബർ കുറ്റവാളികൾക്ക് ഉപകരണങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്താൻ സാധിക്കും. ആപ്പിളിന്റെ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. എയർഡ്രോപ് എന്ന ജനപ്രിയ ഫീച്ചർ അപകടസാധ്യത ഉയർത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ‘BLUFFS’ എന്ന് പേരിട്ടിരിക്കുന്ന ആറ് രീതിയിലുള്ള ആക്രമണങ്ങളാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

കണ്ടെത്തിയ പുതിയ സുരക്ഷാ പിഴവുപയോഗിച്ച് സൈബർ കുറ്റവാളികൾ ബ്ലൂടൂത്ത് സെഷനുകളുടെ രഹസ്യാത്മകതയിൽ കടന്ന് കയറും. അങ്ങനെ, ഉപകരണങ്ങൾ ഹാക്ക് ചെയ്യും. മാൻ-ഇൻ-ദി-മിഡിൽ (MitM) ആക്രമണങ്ങൾ സുഗമമാക്കുകയും ചെയ്യും. അതായത്, രഹസ്യമായി ബ്ലൂടൂത്ത് വഴി എന്തെങ്കിലും അയച്ചുനൽകുമ്പോൾ അതിൽ പ്രശ്നം സൃഷ്ടിക്കാൻ കഴിയും. ലാപ്ടോപ്പുകൾ, പിസികൾ, സ്‌മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ ഉൾപ്പെടെയുള്ള വിവിധ ഉപകരണങ്ങളെ ഈ പിഴവ് ബാധിക്കും. ബ്ലൂടൂത്ത് പ്രാപ്തമാക്കിയ എല്ലാ ഉപകരണങ്ങളും ആറ് BLUFFS ആക്രമണങ്ങളിൽ മൂന്നെണ്ണമെങ്കിലും അപകടം സൃഷ്ടിക്കുമെന്നാണ് ഗവേഷണ റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നത്.

ആവശ്യമില്ലെങ്കിൽ മൊബൈൽ ഉപകരണങ്ങളിൽ ബ്ലൂടൂത്ത് പ്രവർത്തനരഹിതമാക്കി വെക്കുകയെന്നതാണ് പ്രാഥമികമായി ചെയ്യാൻ കഴിയുന്ന പരിഹാരം. ഏറ്റവും ഫലപ്രദവും ഇതുതന്നെയാണ്. പൊതു ഇടങ്ങളിൽ വെച്ച് ബ്ലൂടൂത്ത് വഴി സെൻസിറ്റീവ് ഫയലുകളും ചിത്രങ്ങളും ഷെയർ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. ഇനി ഇത്തരം ഭയമുള്ളവർ ഏറ്റവും പുതിയ ബ്ലൂടൂത്ത് പതിപ്പുള്ള ഫോണുകൾ വാങ്ങിയാലും മതി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.