...
Home Business റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരി കൈമാറ്റത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരി കൈമാറ്റത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന എല്ലാവരുടെയും അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ന്യൂസ് 18 കേരളയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

267

പുതിയ ഉടമകളുമായി പുതിയ രൂപഭാവത്തിൽ എത്തിയ റിപ്പോര്‍ട്ടര്‍ ടി.വിക്ക് കേന്ദ്രത്തിൽ നിന്നും തിരിച്ചടി. ചാനലിന്റെ ഓഹരി കൈമാറ്റത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചു . ചാനലിലേക്ക് അനധികൃമായി പണമെത്തിയെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത് .

ചാനൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഐ & ബിക്ക് റിപ്പോർട്ട് നൽകിയതായി ബിജെപി മുഖപത്രമായ ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന എല്ലാവരുടെയും അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ന്യൂസ് 18 കേരളയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

ചാനല്‍ എംഡിയായിരുന്ന എംവി നികേഷ് കുമാർ നൽകിയ അപേക്ഷ തള്ളിയാണ് ആഭ്യന്തരമന്ത്രാലം ഈ കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. ചാനല്‍ ഓഹരികള്‍ മുട്ടില്‍ കുടുംബത്തിലെ കെ.ജെ.ജോസ്, വി.വി.സാജു എന്നിവരുടെ പേരിലേക്ക് മാറ്റാനായാണ് നികേഷ് കുമാര്‍ അപേക്ഷ സമർപ്പിച്ചത് . എന്നാല്‍, ഒരു നിരോധിത സംഘടനയില്‍ നിന്നും റിപ്പോര്‍ട്ടര്‍ ചാനൽ കോടികള്‍ സ്വീകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയെന്നാണ് ജന്മഭൂമിയും ന്യൂസ് 18 കേരളയും റിപ്പോർട്ട് ചെയ്യുന്നത്.

മുൻപേ തന്നെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമസ്ഥത സംബന്ധിച്ച് വിവിധ കോടതികളില്‍ കേസ് നടക്കുന്നുണ്ട്. ചാനലിന്റെ തുടക്കത്തില്‍ പണം മുടക്കിയ ലാലി ജോസഫാണ് നികേഷ് കുമാറിനെതിരെ വിവിധ കോടതികളില്‍ പരാതി നല്‍കിയത്. നികേഷ് കുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി വ്യാജ രേഖകള്‍ ചമച്ചെന്നും, ഷെയര്‍ അലോട്മെന്റില്‍ തിരിമറി നടത്തി കൃത്രിമ പണമിടപാടുകള്‍ നടത്തിയെന്നും ഇയാളുടെ പരാതിയിൽ പറയുന്നു.

ഈ കേസിൽ ലാലിയുടെ വാദങ്ങള്‍ അംഗീകരിച്ച് അന്തിമ വിധി വരാനിരിക്കെയാണ് തിടുക്കപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ നികേഷ് കുമാര്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്ക് കൈമാറിയത്. അടുത്തിടെ നികേഷ് കുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരമ മന്ത്രാലയം കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.