കൂടത്തായി കൊലപാതക പരമ്പരകളുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെൻററിയും ഫ്ലവേഴ്സ് ചാനലിലെ സീരിയലും തടയണമെന്ന് ആവശ്യപ്പെട്ട് റോയി തോമസ് വധക്കേസിലെ രണ്ടാംപ്രതി എം.എസ്.മാത്യു എന്ന ഷാജി സമർപ്പിച്ച ഹർജി ഫെബ്രുവരി 13ന് പരിഗണിക്കാൻ മാറ്റിയതായി റിപ്പോർട്ട്.
ഹർജി പരിഗണിക്കുന്ന അതേ ദിവസം കോടതിയില്‍ ഹാജരാകാൻ നെറ്റ്ഫ്ലിക്സ് സി.ഇ.ഒയോടും ഫ്ലവേഴ്സ് ചാനല്‍ എം.ഡി ശ്രീകണ്ഠൻ നായരോടും മാറാട് പ്രത്യേക അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി എസ്.ആർ. ശ്യാംലാല്‍ ഉത്തരവിട്ടു. രണ്ടാംപ്രതി നേരിട്ട് കോടതിയിൽ സമർപ്പിച്ച ഹർജിക്ക് പുറമേ അഭിഭാഷകൻ എം. ഷഹീർ സിങ് മുഖേന ബോധിപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
അതേസമയം എം.എസ്. മാത്യു ഫയല്‍ ചെയ്ത ജാമ്യ ഹർജികള്‍ പ്രോസിക്യൂഷന്റെ മറുപടിക്ക് ഫെബ്രുവരി 13 ലേക്ക് മാറ്റി. മാത്യു ബോധിപ്പിച്ച വിടുതല്‍ ഹർജികൾ മാർച്ച് രണ്ടിന് കോടതി പരിഗണിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഒന്നാംപ്രതി ജോളി ബോധിപ്പിച്ച ജാമ്യ ഹർജി ഫെബ്രുവരി 13നും പരിഗണിക്കും.




