...
Home News National തമിഴ്‌നാട്ടിലെ പ്രധാന വനിതാ സ്ഥാനാർഥികളെല്ലാം ‘ആഭരണ സമ്പന്നർ’

തമിഴ്‌നാട്ടിലെ പ്രധാന വനിതാ സ്ഥാനാർഥികളെല്ലാം ‘ആഭരണ സമ്പന്നർ’

ധർമ്മപുരിയിൽ നിന്നുള്ള പിഎംകെ സ്ഥാനാർത്ഥി സൗമ്യ അൻപുമണിയാണ് ഇവരിൽ ഏറ്റവും സമ്പന്ന. 365 സ്വർണാഭരണങ്ങളാണ് സൗമ്യയുടെ ശേഖരത്തിലുള്ളത്.

256

തമിഴ്‌നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രധാന വനിതാ സ്ഥാനാർഥികളെല്ലാം ‘ആഭരണ സമ്പന്നർ’. നാമനിർദ്ദേശ പത്രികക്കൊപ്പം തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിലാണ് സ്ഥാനാർഥികളുടെ ആഭരണശേഖരത്തിൻ്റെ വിശദാംശങ്ങൾ ഉണ്ടായിരുന്നത് .

ധർമ്മപുരിയിൽ നിന്നുള്ള പിഎംകെ സ്ഥാനാർത്ഥി സൗമ്യ അൻപുമണിയാണ് ഇവരിൽ ഏറ്റവും സമ്പന്ന. 365 സ്വർണാഭരണങ്ങളാണ് സൗമ്യയുടെ ശേഖരത്തിലുള്ളത്. ഇവയ്‌ക്കെല്ലാം കൂടി ഏകദേശം 1.92 കോടി രൂപ വില വരും. ഇതിനുപുറമെ 151.5 കാരറ്റിൻ്റെ വജ്രാഭരണങ്ങളും സൗമ്യയ്ക്കുണ്ട്.

ദക്ഷിണ ചെന്നൈയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി തമിഴിസൈ സൗന്ദർരാജന് 200 പവൻ ആഭരണങ്ങളുണ്ട്. ഇവരുടെ എതിരാളിയായ ഡിഎംകെയുടെ തമിഴച്ചി തങ്കപാണ്ഡ്യൻ്റെ സ്വർണശേഖരം 158.75 പവനാണ്. അതേപോലെ തന്നെ വിരുദുനഗറിലെ ബിജെപി സ്ഥാനാർഥിയും നടിയുമായ രാധിക ശരത്കുമാറിന് 93.75 പവൻ സ്വർണം സ്വന്തമായുണ്ട്.

തൂത്തുക്കുടിയിൽ തുടർച്ചയായി രണ്ടാം വട്ടം ജനവിധി തേടുന്ന കനിമൊഴിയുടെ സ്വർണ സമ്പാദ്യം 88 പവനാണ്. മയിലാടുതുറൈയിലെ കോൺഗ്രസ് സ്ഥാനാർഥി ആർ.സുധയ്ക്ക് 60 പവൻ സ്വർണമാണുള്ളത്. കരൂരിൽ വീണ്ടും മത്സരിക്കുന്ന ജ്യോതിമണിക്കാണു കൂട്ടത്തിൽ കുറഞ്ഞ ആഭരണ ശേഖരം. 30 പവൻ സ്വർണമാണ് ജ്യോതിമണിയുടെ സമ്പാദ്യം.

ചിദംബരത്തെ സിറ്റിങ് എംപിയായ വിസികെ നേതാവ് തോൾ തിരുമാവളവന് സ്വന്തമായി സ്വർണമോ വെള്ളിയോ ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 2.07 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും 28.62 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തുക്കളും തിരുമാവളവനുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.