...
Home News National ഇരുട്ടിലെ ഇരട്ടിമധുരം ‘ഇരുട്ടുക്കട ഹല്‍വ’

ഇരുട്ടിലെ ഇരട്ടിമധുരം ‘ഇരുട്ടുക്കട ഹല്‍വ’

ഇരുട്ടുക്കട ഹല്‍വയുടെ ചരിത്രം ആരംഭിക്കുന്നത് 1882ലാണ്. രാജസ്ഥാനില്‍ നിന്നും തിരുനെല്‍വേലിയിലേക്ക് കുടിയേറിയ രജപുത്ര കുടുംബത്തില്‍ പെട്ട ജഗന്‍ സിംഗ് ആണ് തിരുനെല്‍വേലിയില്‍ ആദ്യമായി ഹല്‍വ എത്തിക്കുന്നത്.

247

| ബിനുരാജ്

” നല്ല സൂടാന സുവയാന തിരുനെല്‍വേലി ഹല്‍വ, ബാക്സ് അമ്പത് ബാക്സ് അമ്പത് ” നല്ല ചൂടുള്ള സ്വാദുള്ള തിരുനെല്‍വേലി ഹല്‍വ. ബാക്സ് അമ്പത് എന്നാല്‍ ഒരു പെട്ടിക്ക് അമ്പത് രൂപ വില എന്നര്‍ത്ഥം. ബാക്സ് അമ്പത് എന്നത് പലപ്പോഴും ബാക്സമ്പത് എന്ന് ചേര്‍ത്തങ്ങ് പറഞ്ഞു കളയും. തിരുനെല്‍വേലിയില്‍ എന്നല്ല തമിഴ്‌നാട്ടിലെ ഏത് നഗരത്തില്‍ ചെന്നാലും ബാക്സിന് അമ്പത് രൂപ വിലയുള്ള തിരുനെല്‍വേലി ഹല്‍വ വില്‍ക്കുന്നത് കാണാം. പക്ഷേ അബദ്ധത്തില്‍ പോലും അത് വാങ്ങരുത്. കാരണം അത് തിരുനെല്‍വേലി ഹല്‍വ അല്ല. അഥവാ ഒറിജിനല്‍ തിരുനെല്‍വേലി ഹല്‍വ അല്ല.

യഥാര്‍ത്ഥ തിരുനെല്‍വേലി ഹല്‍വ വാങ്ങാന്‍ തിരുനെല്‍വേലിയില്‍ പോയാലും ചിലപ്പോള്‍ നിങ്ങള്‍ പറ്റിക്കപ്പെടാം. ഈ തമിഴ്‍നാട്ടുകാര്‍ എന്തിനാണ് ഇങ്ങനെ പറ്റിപ്പില്‍ പി എച്ച് ഡി എടുത്തിരിക്കുന്നതെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. തമിഴ്‍നാട്ടിലെ ഏതെങ്കിലും സ്ഥലത്ത് ചെന്ന് പെടുന്ന മറുനാട്ടുകാര്‍ ഒരു തവണയെങ്കിലും തമിഴരാല്‍ പറ്റിക്കപ്പെട്ടിരിക്കും. ഓട്ടോക്കാരന്‍ മുതല്‍ കച്ചവടക്കാരന്‍ വരെയുള്ളവരുടെ രക്തത്തില്‍ ഈ പറ്റിക്കല്‍ ഡി എന്‍ എ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.അത് പോട്ടെ, അതല്ല നമ്മുടെ വിഷയം. നമ്മുടെ വിഷയം സൂടാന സുവയാന തിരുനെല്‍വേലി ഹല്‍വയാണല്ലോ.

തിരുനെല്‍വേലി നഗരത്തില്‍ ചെന്നാല്‍ എവിടെയും ഹല്‍വ എന്ന ബോര്‍ഡ് കാണാം. അവിടെയെല്ലാം തിരക്കുമുണ്ടാവും. എന്നാല്‍ അതൊന്നും യഥാര്‍ത്ഥ തിരുനെല്‍വേലി ഹല്‍വയല്ല. അപ്പോള്‍ എന്താണ് യഥാര്‍ത്ഥ തിരുനെല്‍വേലി ഹല്‍വ?

യഥാര്‍ത്ഥ തിരുനെല്‍വേലി ഹല്‍വ വില്‍ക്കുന്ന കടയുടെ പേര് ഇരുട്ടുക്കട എന്നാണ്. അതുകൊണ്ട് ഇരുട്ടുക്കട ഹല്‍വ എന്നും ഇതിന് പേരുണ്ട്. കുറച്ച് കൂടി ആധികാരികമായി പറഞ്ഞാല്‍ ഇരുട്ടുക്കട ഹല്‍വയാണ് ശരിക്കുള്ള തിരുനെല്‍വേലി ഹല്‍വ. ഇരുട്ടുക്കടയുടെ വ്യാജനാണ് തിരുനെല്‍വേലി ഹല്‍വ. പക്ഷേ ഇരുട്ടുക്കട ബോര്‍ഡ് നോക്കി നടന്നാല്‍ നിങ്ങള്‍ പിന്നെയും ഇരുട്ടിലാവും. കാരണം ഇരുട്ടുക്കട ഹല്‍വ വില്‍ക്കുന്ന ഇരുട്ടുക്കടയ്ക്ക് അങ്ങനെ ഒരു ബോര്‍ഡ് ഇല്ല! ആര്‍ക്കും ഒരു ഹല്‍വയുണ്ടാക്കി തിരുനെല്‍വേലി ഹല്‍വ എന്ന പേരില്‍ വില്‍ക്കാം. എന്നാല്‍ ഇരുട്ടുക്കട ഹല്‍വ എന്ന പേരില്‍ ഹല്‍വ വിറ്റാല്‍ പണി കിട്ടും.

ഇരുട്ടുക്കട ഹല്‍വയുടെ ചരിത്രം ആരംഭിക്കുന്നത് 1882ലാണ്. രാജസ്ഥാനില്‍ നിന്നും തിരുനെല്‍വേലിയിലേക്ക് കുടിയേറിയ രജപുത്ര കുടുംബത്തില്‍ പെട്ട ജഗന്‍ സിംഗ് ആണ് തിരുനെല്‍വേലിയില്‍ ആദ്യമായി ഹല്‍വ എത്തിക്കുന്നത്. കട തുറക്കുന്നതിന് മുമ്പ് ഇത് വീടുകളില്‍ നടന്നു വില്‍പ്പന നടത്തിയിരുന്നു. ഹല്‍വ തിരുനെല്‍വേലിയില്‍ എത്തിയതിന് രണ്ട് ചരിത്രം പറയുന്നുണ്ട്. 1800 കളില്‍ ചൊക്കംപെട്ട ജമീന്ദാരുടെ ഭരണത്തിലായിരുന്നു മധുരയും തിരുനെല്‍വേലിയും അടങ്ങുന്ന പ്രദേശങ്ങള്‍.

ഇവിടെ നിന്നും ഒരു ജമീന്ദാര്‍ കാശിയില്‍ തീര്‍ത്ഥാടനത്തിന് പോയെന്നും അവിടെ വച്ച് കഴിച്ച ഹല്‍വ ഏറെ ഇഷ്ടപ്പെടുകയും ഉണ്ടാക്കിയ ആളെ തിരഞ്ഞു പിടിച്ച് ചൊക്കംപെട്ടിയിലേക്ക് ക്ഷണിച്ചു എന്നുമാണ് ഒരു ചരിത്രം. ചൊക്കംപെട്ടി ജമീന്ദാരുടെ പടയില്‍ രജപുത്ര പടയാളികള്‍ ഉണ്ടായിരുന്നുവെന്നും അവരില്‍ ഒരാളുടെ പിന്‍ഗാമിയാണ് ഹല്‍വ കച്ചവടം തുടങ്ങിയതെന്നുമാണ് മറ്റൊരു ചരിത്രം.

ചൊക്കംപെട്ടിയില്‍ നിന്നും തിരുനെല്‍വേലിയില്‍ എത്തിയ ജഗന്‍സിംഗ് നടന്ന് വീടുകള്‍ തോറും ഹല്‍വ വില്‍പ്പന തുടങ്ങി. പിന്നീട് ഇദ്ദേഹം ലക്ഷ്മി വിലാസം എന്ന പേരില്‍ ഒരു ഹല്‍വക്കട തുടങ്ങുന്നു. ഇത് രജപുത്ര കുടുംബത്തിലെ തന്നെ ഒരു യുവതിയുടെ പേരാണെന്ന് പറയപ്പെടുന്നു. തമിഴ്‍നാട്ടിലെത്തിയ രജപുത്രന്‍ ലക്ഷ്‍മി എന്ന ഒരു തമിഴ്‍പെണ്‍കുട്ടിയെ കണ്ട് മോഹിച്ചതാവാനും വഴിയുണ്ട്. ഇത് പറയാന്‍ കാരണം ഇതിന് ശേഷം ലക്ഷ്‍മിവിലാസം എന്ന കടയുടെ പേര് ചരിത്രത്തിലേക്ക് വരുന്നതേയില്ല. ജഗന്‍സിംഗും മിസ്സിംഗ് ആവുകയാണ്.

പിന്നീട് ഒരു കൃഷ്ണാസിംഗ് രംഗപ്രവേശം ചെയ്യുന്നു. അദ്ദേഹം തിരുനെല്‍വേലിയിലെ പ്രസിദ്ധമായ നെല്ലായിയപ്പര്‍ ക്ഷേത്രത്തില്‍ നിന്നും ഇടത്തേക്ക് തിരി‍ഞ്ഞ് പോവുമ്പോള്‍ ആറാമത്തെ കടമുറി എടുത്ത് ഹല്‍വ കച്ചവടം തുടങ്ങുന്നു. ഇത് 1890ലാണത്രെ. അന്ന് കൃഷ്ണാസിംഗ് തുടങ്ങിയ പേരില്ലാത്ത കടയാണ് ഇരുട്ടുക്കട. വൈകുന്നേരം മാത്രം തുറക്കുന്ന കടയില്‍ നാല്‍പ്പത് വാട്ടിന്റെ ഒരു ബള്‍ബിന്റെ വെളിച്ചം മാത്രമേയുള്ളൂ. അങ്ങനെയാണ് ഇരുട്ടുക്കട എന്ന പേര് വീണത്.

ഇന്ന് ഇരുട്ടുക്കട ഹല്‍വ വില്‍ക്കുന്നത് കൃഷ്‍ണാസിംഗിന്റെ പിന്‍മുറക്കാരുടെ രണ്ട് കടകളില്‍ മാത്രമാണ്. ആദ്യത്തേത് കൃഷ്‍ണാസിംഗ് തന്നെ തുടങ്ങിയ പേരില്ലാത്ത ഇരുട്ടുക്കട. മരപ്പലക കൊണ്ട് അടയ്ക്കുന്ന പഴയ കട. ഇത് 14 ഈസ്റ്റ് കാര്‍ സ്ട്രീറ്റിലാണ്. അതിനോട് ചേര്‍ന്ന് പല മധുരപലഹാരക്കടകളും കാണാം. അതൊന്നും ഇരുട്ടുക്കട ഹല്‍വ വില്‍ക്കുന്നവയല്ല.

മറ്റൊന്ന് ഈ കടയില്‍ നിന്നും അല്‍പ്പം മുന്നോട്ട് പോയാല്‍ 25 ഈസ്റ്റ് കാര്‍ സ്ട്രീറ്റിലുള്ള വിശാഖം സ്വീറ്റ്സ് ആണ്. ഇരുട്ടുക്കടയുടെ സഹോദര സ്ഥാപനമാണിത്. ഇനി തിരുനെല്‍വേലിയില്‍ പോയി കട തെറ്റിപ്പോകുമെന്ന് പേടിക്കേണ്ട, ചൊക്കംപെട്ടി ജമീന്ദാറുടെ രസമുകുളങ്ങളെ ത്രസിപ്പിച്ച ഹല്‍വ ഓണ്‍ലൈനായി വാങ്ങാനുള്ള സംവിധാനം വിശാഖം സ്വീറ്റ്സ് ഒരുക്കിയിട്ടുണ്ട്.

ഇത് വരെ പറഞ്ഞത് മധുരമുള്ള ചരിത്രം. അല്‍പ്പം കണ്ണീരുപ്പും കൂടി എന്തായാലും കലര്‍ത്താം. കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോള്‍ ഇരുട്ടുക്കടയുടെ മുതലാളിയായിരുന്ന ഹരി സിംഗ് 2020ല്‍ ആത്മഹത്യ ചെയ്തുകളഞ്ഞു. യുദ്ധപാരമ്പര്യമുള്ള രജപുത്രന് തോല്‍ക്കാന്‍ ഇഷ്ടമുണ്ടായിരിക്കില്ല. ഹരിസിംഗിന്റെ മകനാണ് ഇപ്പോള്‍ ഇരുട്ടുക്കട നടത്തുന്നത്. മരുമകള്‍ കവിത കൃഷ്ണാ സ്വീറ്റ്സ് നടത്തുന്നു.

തിരുനെല്‍വേലിയില്‍ തന്നെ രാജാ സ്വീറ്റ്സ് എന്ന ബേക്കറി നടത്തുന്ന സയ്യദ് മൊഹിദ്ദീന്‍ ഇരുട്ടുക്കട ഹല്‍വ എന്ന പേരില്‍ ഹല്‍വ ഇറക്കിയപ്പോള്‍ കവിത കേസ് കൊടുത്തു. സുപ്രീം കോടതിയില്‍ വരെ പോയ കേസില്‍ കവിതയും ഇരുട്ടുക്കട ഹല്‍വയും വിജയിച്ചു. തിരുനെല്‍വേലി ഹല്‍വ നിങ്ങള്‍ക്ക് എവിടെയും കിട്ടും. ഇരുട്ടുക്കട ഹല്‍വ ഇരുട്ടുക്കടയില്‍ മാത്രമേ കിട്ടൂ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.