| ശരണ്യ എം ചാരു
ഒരേ പേരിലും പ്രായത്തിലുമുള്ള രണ്ട് കുട്ടികൾക്ക് ഒരേ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ സർജറി തീരൂമാനിക്കുന്നു. ഒരാൾക്ക് നാക്കിലും മറ്റേയാൾക്ക് കയ്യിലെ ആറാം വിരലിലുമാണ് സർജറി. ഓപ്പറേഷന് രാവിലെ ആശുപത്രിയിൽ എത്തിയ രോഗിയുടെ പേര് സിസ്റ്റർ വിളിച്ചു പറയുന്നു, ഓപ്പറേഷൻ ചെയ്യേണ്ട സ്ഥലം, മീൻസ് നാക്കിന് ചെയ്യേണ്ട രോഗിയാണോ, കയ്യിലെ ആണോ എന്നൊന്നും പറയുന്നില്ല.
രക്ഷിതാവ് കുട്ടിയെ സിസ്റ്റർക്കൊപ്പം വിടുന്നു. സ്വാഭാവികമായും രോഗിയുടെ അതുവരെയുള്ള മെഡിക്കൽ രേഖകളും, കേസ് ഷീറ്റും ഡോക്ടറോ നേഴ്സുമാരോ പരിശോധിക്കണമല്ലോ, അതാണല്ലോ അതിന്റെ രീതി. കുടുംബം അത് പ്രതീക്ഷിച്ചു കാണും.
കയ്യിൽ സർജറിക്ക് വന്ന രോഗിയുടെ നാക്കിൽ മെഡിക്കൽ കോളേജിലെ ഒരു സീനിയർ ഡോക്ടർ തന്നെ സർജറി നടത്തുന്നു, അര മണിക്കൂറിനുള്ളിൽ രോഗിയെ തീയറ്ററിന് പുറത്തേക്ക് കൊണ്ട് വരുന്നു. വായിൽ പന്നിക്കെട്ടും, ചുണ്ടിൽ ചോരയും, കൈ വിരൽ അതേ പോലെ കിടക്കുകയും ചെയ്ത നിലയിൽ കിടുംബത്തിന് മുന്നിൽ എത്തിയ കുഞ്ഞിനെ കണ്ടതും രക്ഷിതാക്കൾ സിസ്റ്ററോട് കാര്യം അന്വേഷിക്കുന്നു. നാക്കിലാണ് ഓപ്പറേഷൻ ചെയ്തത് എന്ന് പറഞ്ഞ അവരെ വിരലിന്റെ വിഷയം പറഞ്ഞു കുടുംബം തിരുത്തിയതും “ഓഹ് ഇത് മാറിപ്പോയോ” എന്നാണ് ആ സിസ്റ്റർ ചിരിച്ചു കൊണ്ട് ചോദിച്ചതെന്നാണ് കുഞ്ഞിന്റെ കുടുംബം പറയുന്നത്.
മിനുട്ടുകൾക്കകം സിസ്റ്റർ റിപ്പോർട്ട് ചെയ്തത് പ്രകാരം ഡോക്ടർ വരികയും, കുടുംബത്തോട് മാപ്പ് പറയുകയും, കുഞ്ഞിനെ വീണ്ടും കയ്യിലെ സർജറിക്ക് വിദേയമാക്കുകയും, തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു. കുടുംബവുമായി മണിക്കൂറുകളോളം ചർച്ച നടത്തുന്നു, വിഷയം പുറത്തറിയിക്കാതിരിക്കാൻ അവരെ നിർബന്ധിക്കുന്നു. അത് ഏറെ കുറെ വിജയിക്കുകയും, ഡോക്ടർ തനിക്ക് പറ്റിയ തെറ്റ് രേഖാമൂലം എഴുതി നൽകുകയും ചെയ്യുന്നു.
എന്നാൽ ഈ സമയം കൊണ്ട് തന്നെ വിഷയം പുറം ലോകമറിയുന്നു, വാർത്തകൾ വരുന്നു, പ്രതിഷേധമുയരുന്നു, കുടുംബം കേസുമായി മുന്നോട്ട് പോകാൻ താത്പര്യം അറിയിക്കുന്നു, പരാതി കൊടുക്കുന്നു, ആശുപത്രി അധികൃതരും, ആരോഗ്യ വകുപ്പും പ്രതിരോധത്തിലാകുന്നു. ഡോക്ടറെ ആരോഗ്യ വകുപ്പിന് അടിയന്തിരമായി സസ്പെന്റ് ചെയ്യേണ്ടി വരുന്നു.
ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ഇന്ന് ഡോക്ടർമാരുടെ സംഘടന തെറ്റ് ചെയ്ത ഡോക്ടറെ സംരക്ഷിച്ചു കൊണ്ടും, കുട്ടിക്ക് നാക്കിൽ പ്രശ്നമുണ്ടായിരുന്നു അതിന് മുൻഗണന നൽകുകയായിരുന്നു ഡോക്ടർ എന്ന തരത്തിലും ഇത്രേം ഗുരുതരമായൊരു പ്രശ്നത്തെ നിസാരവത്കരിച്ചു കൊണ്ട് സംസാരിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ.
നാല് വയസ്സ് മാത്രം പ്രായമുള്ളൊരു കൊച്ചു കുഞ്ഞിന്, എനിക്ക് നാക്കിലല്ല വിരലിലാണ് പ്രശ്നം എന്ന് പറയാൻ പോലും സാധിക്കില്ല.
അത്രേം ചെറിയൊരു കുഞ്ഞിന്റെ നാക്കിൽ ഒരു കാര്യവും ഇല്ലാതെ കത്രിക വച്ചതും പോര, അത്രേം ഗുരുതരമായൊരു മെഡിക്കൽ നെഗ്ലിജൻസിനെ ന്യായീകരിക്കുക കൂടിയാണിവരൊക്കെ ചെയ്യുന്നത്. കുട്ടിയുടെ വായിലോ നാക്കിലോ മൂക്കിലോ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് തന്നെയിരിക്കെ, വീട്ടുകാർ അറിയാതെ കുഞ്ഞിനെ ഓപ്പറേറ്റ് ചെയ്യാൻ ആ ഡോക്ടർ ആരാണെന്ന ചോദ്യമില്ല, മണിക്കൂറുകളുടെ വ്യത്യസത്തിൽ രണ്ട് തവണ കുഞ്ഞിനെ സഡേറ്റ് ചെയ്തത്, രണ്ട് ഓപ്പറേഷനുകൾ നടത്തിയത് ഒരു പ്രശ്നമേയല്ല. ഡോക്ടറെ സസ്പെന്റ് ചെയ്തതാണ് ഇവിടിപ്പോ വിഷയം. കൂട്ടത്തിൽ കുഞ്ഞിന് ഇല്ലാത്ത അസുഖം ഉണ്ടാക്കി കൊടുക്കുക കൂടിയാണ് ചെയ്യുന്നത്.
ഇന്നലെ കുടുംബത്തോട് തെറ്റ് പറ്റി മപ്പാക്കണം എന്ന് പറഞ്ഞിട്ട്, ഇന്ന് നേരം വെളുക്കുമ്പോഴേക്കും കുഞ്ഞിന് നാക്കിൽ പ്രശ്നമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതൊക്കെ എത്ര വലിയ തെറ്റാണെന്നാണ് ഞാൻ ആലോചിക്കുന്നത്. അത് ചെയ്യുന്നതാകട്ടെ അറിയപ്പെടുന്നൊരു മെഡിക്കൽ സംഘടന. എന്നിട്ട് അതേ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ആരോഗ്യമന്ത്രി.
എന്ത് ധൈര്യത്തിലും വിശ്വാസത്തിലുമാണ് നമ്മളൊക്കെ അസുഖങ്ങളുമായി ഇത്തരം സർക്കാർ ആശുപത്രികളിലേക്ക് ചെല്ലേണ്ടത്? മനുഷ്യന്റെ ജീവനും, ശരീരത്തിനും എന്ത് വിലയാണിവരൊക്കെ നൽകുന്നത്? ഇതുപോലെ എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ ആരുടെ മുന്നിലാണ് നീതിക്ക് കൈ നീട്ടേണ്ടത്? ആരെയാണ് ഇവരൊക്കെ കൂടിയിങ്ങനെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്?



