| റോണി കെ ബേബി
കഴിഞ്ഞ നൂറ്റാണ്ടിൽ ലോക സിനിമയെ മാറ്റിമറിച്ച പ്രതിഭ ചാർലി ചാപ്ലിൻ. അദ്ദേഹത്തിന്റെ പ്രധാന ആഗ്രഹം ലോകത്തെ സ്വാധീനിച്ച മഹാന്മാരെ കാണാനും സംസാരിക്കാനും ആയിരുന്നു. അങ്ങനെ അദ്ദേഹം ഒരു പിടി ഉപ്പ് കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ മഹാത്മ ഗാന്ധിയെ കാണണം എന്ന് ആഗ്രഹിച്ചു. 1931-ൽ ലണ്ടനിൽ വെച്ച് ഈ രണ്ട് ലോക പ്രതിഭകൾ കണ്ടുമുട്ടി. യന്ത്രങ്ങളെ കുറിച്ചും സമൂഹത്തെ കുറിച്ചും സംസാരിച്ചു.
ഗാന്ധിയെ കണ്ട ശേഷം ചാപ്ലിൻ വിൻസ്റ്റൺ ചർച്ചിലിനെയാണു കാണാനെത്തിയത്. ചർച്ചിലിന്റെ വിശ്വസ്ത അനുയായി ബ്രണ്ടൻ ബ്രാക്കനോട് അഭിമാനത്തോടെ ചാപ്ലിൻ പറഞ്ഞു, “ഞാൻ ഗാന്ധിയെ കണ്ടാണ് വരുന്നത്.” ബ്രാക്കൻ ഉടൻ മറുപടി നൽകി, “ഗാന്ധിയെ ജയിലിലടക്കണം, അപ്പോൾ ഇന്ത്യയിലെ സ്വാതന്ത്ര്യ സമരം അവസാനിക്കും.” ചാപ്ലിൻ ഇതിനുത്തരമായി പറഞ്ഞു, “ഒരു ഗാന്ധിയെ ജയിലിലടച്ചാൽ ആയിരം ഗാന്ധിമാർ ഉയർന്നു വരും. ഗാന്ധി ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യത്തിന്റെയും പ്രതീക്ഷയുടെയും പേരാണ്, പ്രതീകമാണ്.”
ചാപ്ലിന്റെ വാക്കുകൾ യാഥാർഥ്യമായി. ക്വിറ്റ്ഇന്ത്യ സമരം പ്രഖ്യാപിച്ചപ്പോൾ ഗാന്ധി പറഞ്ഞു, “എനിക്ക് ഇപ്പോൾ സ്വാതന്ത്ര്യം വേണം, ഈ രാത്രിയോ അല്ലെങ്കിൽ നാളെ പുലരുന്നതിന് മുമ്പോ.” ഗാന്ധിയെ ജയിലിലാക്കി, ചെറുതും വലുതുമായ നേതാക്കൾ ജയിലിലായി. പക്ഷേ, ആയിരക്കണക്കിന് സാധാരണ ഗാന്ധിമാർ മർദ്ധനങ്ങൾ സഹിച്ചും സമരം മുന്നോട്ട് കൊണ്ടുപോയി. ഒടുവിൽ ഇന്ത്യ സ്വതന്ത്രമായി.
ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു സമരങ്ങൾ നയിച്ച അമേരിക്കൻ ഗാന്ധി, ആഫ്രിക്കൻ ഗാന്ധി, ശ്രീലങ്കൻ ഗാന്ധി എന്നിവർ പിറന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച പലരുടെയും മാതൃക നേതാവ് മഹാത്മ ഗാന്ധിയായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചരിത്രം മറക്കാൻ കഴിയില്ല. ഇന്നും ലോകത്ത് എവിടെ പോയാലും, ഇന്ത്യൻ ജനതയെ ഗാന്ധിയുടെ പേരിലാണ് സ്വീകരിക്കുന്നത്. നരേന്ദ്ര മോദിയുടെ കാലം അവസാനിക്കുമ്പോൾ, മഹാത്മ ഗാന്ധി ലോകാരാധനയായി തുടരുക തന്നെ ചെയ്യും.



