റാഫയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ അധിനിവേശത്തെയും ആക്രമണത്തെയും അപലപിച്ച് ഇന്ത്യ രംഗത്തെത്തി . റാഫയിലെ അഭയാര്‍ഥി ക്യാമ്പിൽ സംഭവിച്ച സാധാരണക്കാരുടെ ഹൃദയഭേദകമായ നഷടം വേദനാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രന്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
ഇസ്‌റയേലിനോട് അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണമെന്ന് തങ്ങള്‍ തുടർച്ചയായി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ”റാഫയിലെ അഭയാര്‍ഥി ക്യാമ്പിലെ സാധാരണക്കാരുടെ ജീവന്റെ നഷ്ടം ഹൃദയ ഭേദകമാണ്. സാധാരണക്കാരായ സംരക്ഷണത്തിന് അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ബഹുമാനിക്കണമെന്നും ഞങ്ങള്‍ നിരന്തരം ആഹ്വാനം ചെയ്യുന്നു. സംഭവത്തില്‍ ഇസ്രയേല്‍ ഇതിനോടകം തന്നെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണവും പ്രഖ്യാപിച്ചു,” അദ്ദേഹം പറയുന്നു.
അതേസമയം പലസ്തീന്‍ എന്ന രാഷ്ട്രത്തിനും ദ്വിരാഷ്ട്ര നയത്തിനും നിലകൊള്ളുന്ന ഇന്ത്യയുടെ ചരിത്രപരമായ പിന്തുണയും ജയ്‌സ്വാള്‍ ഇതോടൊപ്പം വ്യക്തമാക്കി. സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ പലസ്തീനെ രാഷ്ട്രമാക്കി അംഗീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
”1980കളുടെ അവസാനത്തോടെ പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അംഗീകരിക്കപ്പെട്ടതും പരസ്പരസമ്മതമുള്ളതുമായ അതിര്‍ത്തികളില്‍ ഇസ്രയേലിനോട് ചേര്‍ന്ന് സമാധാനത്തോടെ ജീവിക്കുന്ന പരമാധികാരവും പ്രായോഗികവും സ്വതന്ത്രവുമായ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ദിരാഷ്ട്ര പരിഹാരത്തെയും ഞങ്ങള്‍ പണ്ടുമുതലേ പിന്തുണയ്ക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ മേയ് 28 മുതലാണ് പലസ്തീനെ ഒരു രാഷ്ട്രമായി സ്‌പെയിനും അയര്‍ലാന്‍ഡും നോര്‍വേയും അംഗീകരിച്ച് തുടങ്ങിയത്. പക്ഷെ ഈ നീക്കത്തില്‍ അപലപിച്ച് ഇസ്രയേലും രംഗത്തെത്തിയിരുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ രണ്ട് ദിവസം അടുപ്പിച്ച് റഫായിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപം ഇസ്രയേല്‍ നടത്തിയ ക്രൂരതയ്‌ക്കെതിരെ എല്ലാ കണ്ണുകളും റഫായിലേക്ക് എന്നര്‍ത്ഥം വരുന്ന ഓള്‍ ഐസ് ഓണ്‍ റഫയെന്ന ക്യാംപയിന്‍ വ്യാപിക്കുകയാണ്.
വാർത്താ മാധ്യമമായ എന്‍ബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം 24 മണിക്കൂറിനുള്ളില്‍ 2.9 കോടി പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ക്യാംപയിനിന്റെ ഭാഗമായത്. ഇതിനുപുറമെ 4 കോടിയിലധികം തവണയാണ് ചിത്രം റീഷെയര്‍ ചെയ്തത്.



