...
Home News Kerala ‘റെയ്‌ഡി’ൽ കേരളത്തിലെ കതിരൂർ ഗ്രാമം ദേശീയ കബഡി ഹബ്ബായി

‘റെയ്‌ഡി’ൽ കേരളത്തിലെ കതിരൂർ ഗ്രാമം ദേശീയ കബഡി ഹബ്ബായി

നേരത്തെ കളിക്കാർ ചെളി നിറഞ്ഞ മൈതാനങ്ങളിലാണ് പരിശീലനം നടത്തിയിരുന്നത്

435

കണ്ണൂർ: കതിരൂർ നിവാസികൾക്ക് കബഡി ഒരു കായിക വിനോദം മാത്രമല്ല, വികാരവുമാണ്. സ്‌പോർട്‌സിനോടുള്ള ആഴത്തിൽ വേരൂന്നിയ അഭിനിവേശം സമൂഹത്തിൽ പ്രതിഫലിപ്പിക്കുന്നു. പഞ്ചായത്തിലെ നിരവധി വീടുകളിൽ കുറഞ്ഞത് ഒരു കബഡി കളിക്കാരനെങ്കിലും ഉണ്ടെന്നുള്ള അഭിമാനത്തിലാണ്. അവരെ സംബന്ധിച്ചിടത്തോളം, കബഡിക്ക് ക്രിക്കറ്റോ ഫുട്ബോളോ പോലെ പ്രാധാന്യമുണ്ട്.

കണ്ണൂർ ജില്ലയിലെ ഈ ഗ്രാമത്തിൽ 13 സംസ്ഥാന -ദേശീയ താരങ്ങളുണ്ട്. ഏതാനും വർഷങ്ങൾക്കുള്ളിൽ കബഡി പ്രതിഭകളുടെ ദേശീയ ഹബ്ബായി മാറ്റുകയാണ് പഞ്ചായത്തിൻ്റെ ലക്ഷ്യം.

ഈ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനും കായിക രംഗത്ത് കൂടുതൽ ഉണർവ് നൽകുന്നതിനുമായി കബഡി പ്രതിഭകളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഒരു അഭിമാന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കതിരൂർ ഗവൺമെണ്ട് ഹൈസ്‌കൂളിൽ നിന്ന് 70 വിദ്യാർഥികളെ വിദഗ്‌ധ പരിശീലനത്തിന് തിരഞ്ഞെടുത്തതോടെ പഞ്ചായത്ത് പദ്ധതിക്ക് കീഴിലുള്ള ട്രെയിനികളുടെ എണ്ണം 140 ആയി ഉയർന്നു.

ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടി കളിക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയുടെ വാർഷിക എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. പ്രാരംഭഘട്ടമെന്ന നിലയിൽ രണ്ടരലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് സിന്തറ്റിക് മാറ്റുകൾ വാങ്ങി. പഞ്ചായത്ത് ഹാൾ ഇപ്പോൾ മികച്ച പരിശീലന ക്യാമ്പായി മാറിയിരിക്കുന്നു.

“കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി പഞ്ചായത്തിൽ നിരവധി കബഡി ക്ലബ്ബുകൾ നിലവിലുണ്ട്. കബഡി സാധാരണ ജനങ്ങളുടെ ആത്മാവാണ്. നേരത്തെ കളിക്കാർ ചെളി നിറഞ്ഞ മൈതാനങ്ങളിലാണ് പരിശീലനം നടത്തിയിരുന്നത്. അവർ പ്രൊഫഷണൽ മത്സരങ്ങളിൽ മത്സരിക്കുമ്പോൾ, ആ മത്സരങ്ങൾ സിന്തറ്റിക് മാറ്റുകളിൽ നടക്കുന്നതിനാൽ അവർക്ക് പ്രകടനം നടത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഒരു ദിവസം 300 രൂപ ചെലവഴിച്ച് കളിക്കാർ വാടക പായയിൽ പരിശീലിച്ചു. അതുകൊണ്ടാണ് സിന്തറ്റിക് മാറ്റ് വാങ്ങാൻ പഞ്ചായത്ത് തീരുമാനിച്ചത്”, -പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.സനിൽ പറഞ്ഞു.

കബഡിയുടെ പ്രശസ്‌തിയിലേക്ക് കതിരൂരിനെ നയിച്ചതിൻ്റെ ബഹുമതി നാട്ടിലെ കബഡി ക്ലബ്ബായ കുഞ്ഞാലി വേറ്റുമ്മലാണ്. കബഡിയിലേക്ക് കൂടുതൽ പേരെ ആകർഷിച്ച കുഞ്ഞാലി വേറ്റുമ്മൽ ടീമിലെ അഞ്ച് പേർ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ കെ അർജുൻ, അമർജിത്ത് കെ കെ, വൈശാഖ് ആർ അതുൽ (ജില്ലാ ക്യാപ്റ്റൻ), സോഹിൻ (ജൂനിയർ കേരള ടീം അംഗം) എന്നിവർ സംസ്ഥാന ടീമിൽ ഇടം നേടി.

ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കബഡി പരിശീലനത്തിലൂടെ ഒട്ടേറെ വനിതാ താരങ്ങളും ഉയർന്നുവന്നിട്ടുണ്ട്. സബ് ജൂനിയർ ദേശീയ ടീമംഗമാണ് ആഷിക സുഗതൻ. കബഡി കളിക്കാർക്ക് പഞ്ചായത്ത് എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അൽക്ക രാജീവൻ (സീനിയർ കേരള), സിയ അനീഷ്, സയനോര (ജൂനിയർ കേരള), ശ്രീശിവ, അനന്യ, അനുനന്ദ, ഋതുനന്ദ (സീനിയർ കേരളം) എന്നിവരാണ് കതിരൂരിൻ്റെ മറ്റ് അഭിമാന താരങ്ങൾ.

കളിക്കാർക്ക് പോഷകാഹാരവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കുന്നുണ്ട്. സർക്കാർ ഫണ്ടിൽ നിന്ന് 1.5 ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിക്കുന്നത്. ബാക്കി തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും.

പഞ്ചായത്ത് പദ്ധതിക്ക് കീഴിലുള്ള കളിക്കാർ അക്കാദമിക് കാര്യങ്ങളിലും മികവ് പുലർത്തുന്നു. “ഞങ്ങൾ കളിക്കാർക്ക് ശരിയായ പരിശീലനം നൽകുമ്പോൾ, അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്‌കൂളുകളിലും കോളേജുകളിലും മികച്ച സ്‌കോർ നേടാനും ഇത് അവരെ സഹായിക്കുന്നു,” -ടീം കോച്ച് ഷബീർ വേറ്റുമ്മൽ പറഞ്ഞു.

കബഡി പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനവും സിന്തറ്റിക് മാറ്റുകളുടെ വിതരണവും ജൂലൈ എട്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ നിർവഹിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.