...
Home News Kerala ‘അണയാത്ത ജ്വാല’ ഒരു അമ്മ എഴുതിയ പുസ്‌തകം; ഭിന്നശേഷി കുട്ടികളുടെ കരളയിക്കുന്ന കുടുംബ കഥ

‘അണയാത്ത ജ്വാല’ ഒരു അമ്മ എഴുതിയ പുസ്‌തകം; ഭിന്നശേഷി കുട്ടികളുടെ കരളയിക്കുന്ന കുടുംബ കഥ

പ്രതിബന്ധങ്ങൾക്കിടയിലും, ഉലയാതെ നിൽക്കാൻ അവർക്കാകുന്നത് സഹിഷ്‌ണുതയുടേയും അചഞ്ചലമായ സ്നേഹത്തിൻ്റേയും, വാത്സ്യത്തിൻ്റേയും അടയാളമാണത്

449

ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാര്‍ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ത്യാഗവും പ്രതിപാദിച്ചു കൊണ്ട് വി.എസ്.സ്വാതി എഴുതിയ അണയാത്ത ജ്വാല എന്ന പുസ്‌തകം വായിച്ചാൽ സങ്കടം കൊണ്ട് ആരുടേയും കരളലിയും. തൃശ്ശൂർ ജില്ലയിലെ കൊടകര മനക്കുളങ്ങര കൃഷ്‌ണവിലാസം യു.പി.സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി കണ്ണൻ്റെ അമ്മയായ സ്വാതിയാണ് പുസ്‌തകം എഴുതിയത്. ഭിന്നശേഷിയുള്ള മുഴുവന്‍ കുട്ടികളുടേയും അമ്മയായാണ് ഈ പുസ്‌തകത്തിലൂടെ വായനക്കാരോട് സംവദിക്കുന്നത്.

ജനിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് സ്വാതിയുടെ മകന്‍ കണ്ണന് തലച്ചോര്‍ ചുരുങ്ങുന്ന രോഗമുള്ളതായി ഡോക്ടര്‍ കണ്ടെത്തിയത്. അന്നുമുതല്‍ മകനെ വളര്‍ത്തുന്നതില്‍ സ്വാതി നേരിട്ട വ്യഥയുടേയും ആകുലതയുടേയും ത്യാഗത്തിൻ്റേയും പ്രതീക്ഷയുടേയും അണയാത്ത ജ്വാലകളാണ് പുസ്‌തകത്തിലുള്ളത്. ഭിന്നശേഷിയുള്ള മക്കളെ വളര്‍ത്തുന്ന അമ്മമാര്‍ക്കുള്ള പ്രചോദനവും വഴികാട്ടിയുമായി മാറുകയാണ് ഈ പുസ്‌തകം.

ഈ കുഞ്ഞുങ്ങളുടെ അമ്മമാർ നേരിടുന്ന പോരാട്ടങ്ങൾ, വി.എസ്. സ്വാതി ‘അണയാത്ത ജ്വാല’യിലൂടെ സമൂഹത്തിന് മുന്നിൽ വെയ്ക്കുന്നത്. അവരുടെ വഴങ്ങാത്ത ശക്തിയുടെയും അതിരുകളില്ലാത്ത സ്നേഹത്തിൻ്റെയും തെളിവാണ് ഈ പുസ്‌തകത്തിൻ്റെ കാതൽ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു ലഭിച്ച തങ്ങളുടെ കുഞ്ഞുങ്ങളുടെ രോഗനിർണ്ണയം ഏൽപ്പിക്കുന്ന വൈകാരിക ആഘാതം മുതൽ അവരെ കരുതിയും കാത്തും പരിചരണത്തിൻ്റെ നാളുകളാണ് പിന്നീട് അങ്ങോട്ട്. നിരന്തരമായ ശാരീരികവും മാനസികവുമായ ആവശ്യങ്ങൾ നിറഞ്ഞ വെല്ലുവിളികളുടെ ലോകത്താണ് പിന്നീട് ആ കുടുംബത്തിൻ്റെ ജീവിതം

ഇത്രയേറെ പ്രതിബന്ധങ്ങൾക്കിടയിലും, ഉലയാതെ നിൽക്കാൻ അവർക്കാകുന്നത് സഹിഷ്‌ണുതയുടേയും അചഞ്ചലമായ സ്നേഹത്തിൻ്റേയും, വാത്സ്യത്തിൻ്റേയും അടയാളമാണത്. സ്വാതിയുടെ പുസ്‌തകം അവരുടെ ത്യാഗങ്ങളിലേക്കും ദുരിതങ്ങളിലേക്കും വെളിച്ചം വീശുക മാത്രമല്ല, സമാനമായ സാഹചര്യങ്ങളിലുള്ള എല്ലാ മാതാപിതാക്കൾക്കും പ്രതീക്ഷയുടെയും പ്രചോദനത്തിൻ്റെയും വെളിച്ചമാകുന്നു. ഇവർക്കെല്ലാം തണലാകാൻ നമ്മുടെ സമൂഹത്തിനാകണം എന്ന സന്ദേശമാണ് നൽകുന്നത്.

മനക്കുളങ്ങര കെ.വി.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നടന്‍ ഇര്‍ഷാദ് അലി പുസ്‌തക പ്രകാശനം നിര്‍വഹിച്ചു. എ.കെ.സംഗീത് ആദ്യപ്രതി ഏറ്റുവാങ്ങി. പ്രകാശനചടങ്ങ് കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡണ്ട് എം.ഡി.ദേവരാജ് അധ്യക്ഷനായി.

വീഡിയോ ആല്‍ബത്തിൻ്റെ റിലീസിങ് ചടങ്ങില്‍ സിനിമ നിര്‍മാതാവ് എം.രഞ്ജിത് നിര്‍വഹിച്ചു. ചാലക്കുടി എഇഒ പി.ബി.നിഷ, പ്രധാന അധ്യാപിക പി.എസ്.സീമ, മാനേജര്‍ ബി.സദാനന്ദന്‍, സ്റ്റാഫ് സെക്രട്ടറി കെ.വി അജയകുമാര്‍, കൊടകര ബിപിഒ പി.വി സിന്ധു, ദിനേഷ് പരമേശ്വര്‍, എന്‍.വി ബിജു, കെ.സനല്‍, നീതു ജിനേഷ്, നെല്‍സന്‍ പോള്‍, വി.എസ് സ്വാതി എന്നിവര്‍ പ്രസംഗിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.