പ്രശസ്ത മാധ്യമ പ്രവർത്തകയും ദ ന്യൂസ് മിനുട്ട് ഫൗണ്ടറും എഡിറ്ററുമായ ധന്യാ രാജേന്ദ്രനെതിരെ പ്രസിദ്ധീകരിച്ച വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. മലയാളത്തിലെ ജന്മഭൂമി, ജനം, കർമ ന്യൂസ്, ന്യൂസ് ഇന്ത്യാ മലയാളം എന്നീ ചാനലുകൾക്കാണ് കോടതി നിർദേശം നൽകിയത്. ജനം, ജന്മഭൂമി, കർമ്മ ന്യൂസ് വാർത്തകൾ ആരോപണങ്ങൾ മാത്രമാണന്നും കോടതി നിരീക്ഷിച്ചു.
ഇവർ യൂട്യൂബിലും വെബ് സൈറ്റിലും പ്രസിദ്ധീകരിച്ച വ്യാജവാർത്തകൾ 10 ദിവസത്തിനുള്ളിൽ പിൻവലിക്കാനാണ് ഉത്തരവിൽ പറയുന്നത്. വീഡിയോകൾ നീക്കാത്ത പക്ഷം ഹർജിക്കാരിയ ധന്യ രാജേന്ദ്രന് യൂട്യൂബിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കട്ടിംഗ് സൗത്ത് കോൺക്ലേവിന് പിന്നാലെ ധന്യ രാജേന്ദ്രനെതിരെയും സ്വതന്ത്ര മാധ്യമ കൂട്ടായ്മയായ ഡിജിപബ് ഇന്ത്യക്കെതിരെയും തുടർച്ചയായി നൽകിയ വ്യാജവാർത്തകൾക്ക് പിന്നാലെയാണ് കോടതി നടപടി. ധന്യ രാജേന്ദ്രൻ നൽകിയ അപകീർത്തി കേസിലാണ് ജസ്റ്റിവ് വികാസ് മഹാജന്റെ ഇടക്കാല ഉത്തരവ്.



