ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മ്മപുത്ര തീപിടിച്ച് തകർന്നു. മുംബൈയിലെ നാവിക ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഒരു ജൂനിയർ നാവികനെ കാണാതായതായും രക്ഷാപ്രവർത്തനത്തിനായി തിരച്ചിൽ തുടരുകയാണെന്നും നാവികസേന അറിയിച്ചു. നാവികസേനാ ഡോക്ക് യാർഡിൽ പുനർനിർമിക്കുന്നതിനിടെ ആണ് മൾട്ടി റോൾ ഫ്രിഗേറ്റിന് തീപിടിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നേവൽ ഡോക്ക് യാർഡിലെയും തുറമുഖത്തെ മറ്റ് കപ്പലുകളിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ തീ നിയന്ത്രണ വിധേയമാക്കി. ശേഷിക്കുന്ന തീപിടിത്ത സാധ്യതകൾ വിലയിരുത്തുന്നതിനുള്ള സാനിറ്റൈസേഷൻ പരിശോധനകൾ ഉൾപ്പെടെയുള്ള തുടർനടപടികൾ ഉടനടി നടത്തി.
“തിങ്കളാഴ്ച രാവിലെയോടെ മുംബൈയിലെ നേവൽ ഡോക്ക് യാർഡിലെയും തുറമുഖത്തുള്ള മറ്റ് കപ്പലുകളിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിൻ്റെ ശേഷിക്കുന്ന അപകടസാധ്യത വിലയിരുത്തുന്നതിനുള്ള സാനിറ്റൈസേഷൻ പരിശോധനകൾ ഉൾപ്പെടെയുള്ള തുടർനടപടികൾ നടത്തിയിരുന്നു.” -നാവികസേന പ്രസ്താവനയിൽ പറഞ്ഞു.
ഉച്ചകഴിഞ്ഞ് കപ്പൽ ഒരു വശത്തേക്ക് (പോർട്ട് സൈഡ്) കഠിനമായി ചെരിയാൻ തുടങ്ങി. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കപ്പലിനെ നേരായ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.
“ഐഎൻഎസ് ബ്രഹ്മ്മപുത്ര അതിൻ്റെ ബെർത്തിനൊപ്പം കൂടുതൽ ചെരിയുകയായിരുന്നു. ഇപ്പോൾ ഒരു വശത്ത് വിശ്രമിക്കുന്ന അവസ്ഥയിലാണ്.” -സൈനിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ നേവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.



